പോണ്ടിച്ചേരിയിലെ വിസ്മയ കാഴ്ചകള്‍

ഫ്രഞ്ച് - തമിഴ് സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ പോണ്ടിച്ചേരിയിലൂടെ ഒരു യാത്ര...

ഷെറിങ് പവിത്രൻ
1 min read|11 Sep 2024, 03:43 pm
dot image

പലനിറത്തിലുളള ബോഗൈന്‍ വില്ലകള്‍ പടര്‍ത്തിയ ഇരുവശവും നിറമുളള ചുമരുകളുളള വീടുകള്‍, നിറയെ ചെറിയ ഇടവഴികള്‍, ഫ്രഞ്ച് പാരമ്പര്യത്തിൻ്റെ തലയെടുപ്പുള്ള കെട്ടിടങ്ങള്‍, മനോഹരമായ ബീച്ചുകള്‍. ഈ കാഴ്ചകളൊക്കെയാണ് പോണ്ടിച്ചേരിയെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് വരുന്ന ചിത്രങ്ങള്‍. പോണ്ടിച്ചേരി അല്ലെങ്കില്‍ പുതുച്ചേരിയിലേക്കുളള യാത്ര നമ്മെ കൊണ്ടെത്തിക്കുന്നത് ഫ്രഞ്ച്-തമിഴ് സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളിലേയ്ക്കാണ്. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലേക്ക് യാത്രചെയ്യുകയാണെങ്കില്‍ പ്രകൃതിയുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ കാഴ്ചകള്‍ കണ്ണിലുടക്കും. ഒരു വെളുത്ത നിറമുളള ഗേറ്റ് ആയിരിക്കും നിങ്ങളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. പലപ്പോഴും ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സ്ഥലമായിട്ടാണ് പോണ്ടിച്ചേരി കാഴ്ചയില്‍ അനുഭവപ്പെടുക. പച്ചപ്പുനിറഞ്ഞ ചോലമരങ്ങള്‍ക്കിടയിലൂടെ നടന്ന്, പുതുച്ചേരിയെ തൊട്ടിലാട്ടുന്ന ബംഗാള്‍ ഉള്‍ക്കടലിന്റെ കാറ്റ് കൊണ്ട്, .നഗരത്തിലെ പ്രശസ്തമായ ബ്രഡ്ഡും ചോക്ലേറ്റും കൊണ്ടുളള വിഭവം ആസ്വദിച്ച്, അങ്ങനെ പോണ്ടിച്ചേരിയുടെ ഉളളറകളിലേക്ക് പതുക്കെ പതുക്കെ നമുക്ക് ഇറങ്ങിച്ചെല്ലാം. യാത്രയില്‍ നമ്മളെപ്പോഴും ആഗ്രഹിക്കുന്നത് പുതുമകളും വൈവിധ്യങ്ങളുമാണ്. അങ്ങനെ നോക്കുമ്പോള്‍ പോണ്ടിച്ചേരി ഒരു വിസ്മയ കാഴ്ചയാണ് പകര്‍ന്നുനല്‍കുന്നത്.

തമിഴ് - ഫ്രഞ്ച് സംസ്‌കാരങ്ങളുടെ സംഗമഭൂമി

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി ഒരു മുന്‍ ഫ്രഞ്ച് കോളനിയാണ്. 1954 ലാണ് ഈ പട്ടണം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നത്. 1674 മുതല്‍ 1954 വരെ ഇവിടം ഫ്രഞ്ച്കാരുടെ കോളനിയായിരുന്നു. മൂന്ന് നൂറ്റാണ്ടുകള്‍ ഭരിച്ച ഫ്രഞ്ചുകാര്‍ ഇവിടെനിന്ന് പോകുമ്പോള്‍ മഹത്തായ ഒരു സംസ്‌കാരവും പൈതൃകവും അവശേഷിപ്പിച്ചാണ് യാത്രയായത്. 5,500 ഫ്രഞ്ച് പൗരന്മാര്‍ ഇന്ന് പുതുച്ചേരിയില്‍ താമസിക്കുന്നുണ്ട്.

മനോഹരമായ വാസ്തുവിദ്യകള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് പോണ്ടിച്ചേരി നഗരം. ഫ്രഞ്ച് മാതൃകയിലുളള ഗ്രിഡ് പാറ്റേണിലാണ് നഗരം പൂര്‍ണ്ണമായും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടുത്തെ വീടുകളുടെ നിര്‍മ്മിതിയിലും ഫ്രഞ്ച് സ്വാധീനം കാണാം.
നഗരത്തിലൂടെയുള്ള യാത്ര നമ്മെ പല മനോഹരവും ചരിത്രപ്രധാനവുമായ ഇടങ്ങളിലേക്ക് കൂട്ടികൊണ്ടുപോകും. ഔര്‍ ലേഡി ഓഫ് എയ്ഞ്ചല്‍ ചര്‍ച്ച്, സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ചര്‍ച്ച് , ദി കത്രീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ എന്നിവയൊക്കെ പോണ്ടിച്ചേരിയില്‍ സന്ദര്‍ശിക്കാനുള്ള ചില ദേവാലയങ്ങളാണ്. പള്ളികള്‍ മാത്രമല്ല പാരമ്പര്യ തനിമ വിളിച്ചോതുന്ന ഒരു കൂട്ടം ക്ഷേത്രങ്ങളും അവിടെയുണ്ട്. ശ്രീ മണകുള വിജയനഗര്‍ ക്ഷേത്രം, വരദരാജ പെരുമാള്‍ ക്ഷേത്രം, കന്നിഗ പരമേശ്വര ക്ഷേത്രം ഇവയൊക്കെ അവയില്‍ ചിലതാണ്.

അരബിന്ദോ ആശ്രമം

അരബിന്ദോ ആശ്രമം പോണ്ടിച്ചേരിയിലെ പ്രധാനമായ ആകര്‍ഷണങ്ങളിലൊന്നാണ്. രക്തരൂക്ഷിതമായ വിപ്ലവത്തിന്റെ നായകനായിരുന്ന എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായിരുന്ന അരബിന്ദോ ഒരു കാലഘട്ടത്തിന് ശേഷം ആത്മീയതയിലേക്ക് തിരിയുകയും സന്യാസിയായി മാറുകയുമായിരുന്നു. അദ്ദേഹം പിന്നീട് പുതുച്ചേരിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. അരബിന്ദോയുടെ ശിഷ്യയായിരുന്ന ഫ്രഞ്ച് വനിതയായ മിറ അല്‍ഫാസയാണ് പിന്നീട് മദര്‍ എന്ന് അറിയപ്പെട്ടത്. ഇരുവരുടേയും ശവകുടീരങ്ങള്‍ ഈ ആശ്രമത്തിലാണുളളത്.

ഒറോവില്‍ ടൗണിലെ മാതൃമന്ദിര്‍

അരബിന്ദോയുടെ ശിഷ്യയായിരുന്ന മദര്‍ പോണ്ടിച്ചേരിയില്‍ സ്ഥാപിച്ച ടൗണ്‍ഷിപ്പാണ് ഒറോവില്‍. വിവിധ രാജ്യങ്ങളില്‍നിന്നുളള ആളുകള്‍ താമസിക്കുന്നയിടം കൂടിയാണ് ഒറോവില്‍ നഗരം. ഒറോവില്‍ ടൗണിലെത്തിയാല്‍ കേരളത്തില്‍ എത്തപ്പെട്ടതുപോലുള്ള പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ് കാണാന്‍ കഴിയുക. ഒറോവില്ലില്‍ പണികഴിപ്പിച്ചിട്ടുളള മാതൃമന്ദിര്‍ എന്ന ധ്യാനമന്ദിരം വളരെ മനോഹരവും വാസ്തുവിദ്യകൊണ്ട് സമ്പന്നവുമാണ്. വലിയൊരു മൈതാനത്ത് താഴികക്കുടത്തിൻ രൂപത്തിലാണ് ഇത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സൂര്യപ്രകാശം ഈ താഴികക്കുടത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലും. മാതൃമന്ദിരത്തിന് 12 ദളങ്ങളാണുള്ളത്. ഈ ദളങ്ങളെല്ലാം ഓരോ ധ്യാനമുറികളാണ്. ഈ ധ്യാനമുറികളെല്ലാം വ്യത്യസ്ത നിറങ്ങളിലുളളതും. അതിനാലൊക്കെത്തന്നെ വ്യത്യസ്തമായ വാസ്തുവിദ്യകൊണ്ട് സമ്പന്നമാണ് മാതൃമന്ദിറിന്റെ നിര്‍മ്മിതിയും.

കറുത്ത നഗരവും വെളുത്ത നഗരവും

പോണ്ടിച്ചേരിയിലൂടെയുള്ള യാത്രയില്‍ നഗരത്തെ രണ്ടായി വിഭജിച്ചിരിക്കുന്ന ഒരു കനാല്‍ കാണാം. അവിടെ പോണ്ടിച്ചേരി നഗരം ബ്ലാക്ക് സിറ്റി (കറുത്ത നഗരം) എന്നും വൈറ്റ് സിറ്റി (വെളുത്ത നഗരം) എന്നും രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. അതായത് വെളുത്തവരുടെയും കറുത്തവരുടേയും നഗരം. ഇതില്‍ ഫ്രഞ്ച് നഗരമായ വൈറ്റ് സിറ്റിയില്‍ ഒരുകാലത്ത് വെള്ളക്കാര്‍ മാത്രമാണ് താമസിച്ചിരുന്നത്. ബ്ലാക്ക് സിറ്റിയിലാകട്ടെ ഇന്ത്യക്കാരും. കൊളോണിയന്‍ രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള വൈറ്റ് സിറ്റിയും, തമിഴ് രീതിയില്‍ പണികഴിപ്പിച്ചിട്ടുളള ബ്ലാക്ക് സിറ്റിയും പോണ്ടിച്ചേരിക്ക് നല്‍കുന്നത് വളരെ മോഹരവും വൈവിധ്യവുമാര്‍ന്ന സംസ്‌കാരത്തിന്റെ കാഴ്ചയാണ്.

വിഭവങ്ങളിലെ വൈവിധ്യം

ഫ്രഞ്ച് തമിഴ് രീതികള്‍ ഇടകലര്‍ന്ന വിഭവങ്ങളുടെ വൈവിധ്യമാണ് പോണ്ടിച്ചേരിയില്‍ നമ്മെ കാത്തിരിക്കുന്നത്. ഭക്ഷണം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഇടംകൂടിയാണ് പോണ്ടിച്ചേരി. പലതരം രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ ഇടംകൂടിയാണിവിടം.

ബീച്ചുകളുടെ വൈവിധ്യം

ബംഗാള്‍ ഉള്‍ക്കടലിൻ്റെ അതിമനോഹരമായ തീരപ്രദേശത്താണ് പോണ്ടിച്ചേരി സ്ഥിതിചെയ്യുന്നത്. കടല്‍ കാഴ്ചകള്‍ കാണാനും, മനസിനെ ശാന്തമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും സമാധാനത്തോടെയും സമാധാനത്തോടെയും സമയം ചെലവഴിക്കാൻ പറ്റിയ ഇടങ്ങളാണ് പോണ്ടിച്ചേരിയിലെ ബീച്ചുകള്‍.

ഒറോവില്‍ ബീച്ച്

കുടിലുകളുള്ള പോണ്ടിച്ചേരിയിലെ ചുരുക്കം ചില ബീച്ചുകളിലൊന്നാണ് ഒറോവില്‍ ബീച്ച്. നല്ല തെളിഞ്ഞ വെള്ളങ്ങള്‍ക്കും ഭംഗിയുള്ള കടല്‍ത്തീരങ്ങള്‍ക്കും പേരുകേട്ട ബീച്ചാണ് ഒറോവില്‍ ബീച്ച്

പ്രൊമെനേഡ് ബീച്ച്
പാറക്കെട്ടുകള്‍ നിറഞ്ഞുകിടക്കുന്ന ബീച്ചാണ് പ്രൊമെനേഡ് ബീച്ചുകള്‍. പ്രഭാത-സായാഹ്ന സവാരിക്ക് യോജിച്ച ബിച്ചുകളിലൊന്നാണിത്.

കാരയ്ക്കല്‍ ബീച്ച്
പോണ്ടിച്ചേരിയിലെ ഏറ്റവും ഭംഗിയുള്ള ബീച്ചുകളില്‍ ഒന്നാണ് കാരയ്ക്കല്‍ ബീച്ച്. ആഴംകുറഞ്ഞ ബിച്ചുകളായതുകൊണ്ട് തന്നെ കടലില്‍ ഇറങ്ങാനും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പം ചിലവഴിക്കാനും പറ്റിയ ഇടംകൂടിയാണ്.

മാഹി ബീച്ച്
പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് മാഹി ബീച്ച്. മനോഹരമായ സൂര്യാസ്തമനം ആസ്വദിക്കാനും ശാന്തമായി വിശ്രമിക്കാനും സാധിക്കുന്ന ഇടംകൂടിയാണ് ഇവിടം. ഈ കടല്‍ത്തീരങ്ങള്‍ മാത്രമല്ല പാരഡൈസ് ബീച്ച്, സെറിനിറ്റി, റെപ്പോ, റോക്ക് ബീച്ച് , പ്ലേജ് പാരഡിസോ ബീച്ച് ഇവയൊക്കെയും പോണ്ടിച്ചേരിയിലെ മനേഹരമായ ബീച്ചുകളില്‍ ചിലതാണ്.

dot image
To advertise here,contact us
dot image