ബ്രസീലിലെ നഗരമായ സാവോ പോളോയുടെ തീരത്ത് നിന്ന് 93 മൈല്‍ അകലെ ഒരു ദ്വീപുണ്ട്. ദൂരെനിന്ന് നോക്കുമ്പോള്‍ത്തന്നെ കണ്ണുകളില്‍ മനോഹാരിത നിറയ്ക്കുന്ന, നിറയെ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നയിടം. പക്ഷേ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ദ്വീപ് നിവാസികളാണ്, കൊടും വിഷം വമിക്കുന്ന അപകടകാരികളായ ആയിരക്കണക്കിന് പാമ്പുകള്‍. അവരാണ് ആ ദ്വീപിന്റെ അവകാശികള്‍. ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് വൈപ്പേഴ്‌സ് എന്നറിയപ്പെടുന്ന സ്വര്‍ണ്ണനിറമുളള നാഗങ്ങളുടെ പറുദീസയാണീ ദ്വീപ്. മനുഷ്യമാംസം അലിയിച്ചുകളയാന്‍ പോലും ശക്തിയുള്ള കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കുളളത്.
'ഇല്‍ഹ ഡ ക്യുമാന്‍ഡ ഗ്രാന്‍ഡ് ' എന്നറിയപ്പെടുന്ന ഈ ദ്വീപ് 'സ്‌നേക്ക് ഐലന്‍ഡ് ' എന്നപേരിലാണ് പ്രസിദ്ധമായിരിക്കുന്നതുതന്നെ. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ഏകദേശം 2,000 മുതല്‍ 4,000 വരെ വിഷ നാഗങ്ങളാണ് ഇവിടെ വസിക്കുന്നത്. ഓരോ 200 ചതുരശ്രമീറ്ററിലും രണ്ട് പാമ്പുകള്‍ വീതം എന്ന കണക്കിലാണുള്ളത്.
ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിഗൂഢതകള്‍ നിറഞ്ഞ പല കഥകളുമുണ്ട്. ദ്വീപില്‍ വലിയൊരു നിധി ശേഖരം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ഇത് ആരും എടുത്തുകൊണ്ട് പോകാതിരിക്കാനായി കടല്‍കൊള്ളക്കാര്‍ വിഷപാമ്പുകളെ ഇവിടെ കൊണ്ടുവന്നിട്ടതാണെന്നുള്ളതാണ് ഒരു കഥ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നവര്‍ പറയുന്നത് ഏതാണ്ട് 11000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലനിരപ്പുയര്‍ന്ന സമയങ്ങളിലെപ്പോഴോ ഈ പാമ്പുകള്‍ ദ്വീപില്‍ എത്തപ്പെടുകയായിരുന്നുവെന്നാണ്. ദ്വീപുകളിലെ മരങ്ങളില്‍ പറന്നിറങ്ങുന്ന കടല്‍ പക്ഷികളാണ് പ്രധാനമായും പാമ്പുകളുടെ ഇരയാകുന്നത്.
ക്യുമാന്‍ഡ ഗ്രാന്‍ഡേയ്ക്ക് ചുറ്റുമുള്ള തീരദേശ പട്ടണങ്ങളിലെ പ്രദേശവാസികള്‍ക്ക് സ്‌നേക്ക് ഐലന്റുമായി ബന്ധപ്പെട്ട മരണങ്ങളുടെ രണ്ട് ഭയാനകമായ കഥകള്‍ പറയാനുണ്ട്. അതിലൊന്ന് ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട കഥയാണ്. വാഴപ്പഴം ശേഖരിക്കാനായി ദ്വീപിലേക്ക് പോയ ഇയാള്‍ക്ക് അപ്രതീക്ഷിതമായി പാമ്പുകടിയേല്‍ക്കുകയായിരുന്നു. പിന്നീട് ഇയാളെ ബോട്ടിനുളളില്‍ രക്തത്തില്‍ കുളിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതുപോലെ തന്നെ പ്രദേശവാസിയായ ഒരു ലൈറ്റ് ഹൗസ് ഓപ്പറേറ്ററും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു കഥയുമുണ്ട്. ഒരു രാത്രി തുറന്നിട്ട ജനാലയില്‍കൂടി അകത്തുകടന്ന ഒരുകൂട്ടം പാമ്പുകള്‍ ഈ മനുഷ്യനെയും ഭാര്യയെയും അവരുടെ മൂന്ന് കുട്ടികളെയും ആക്രമിക്കുകയും അവര്‍ അഞ്ച് പേരും കൊല്ലപ്പെടുകയുമായിരുന്നു.
ഇങ്ങനെയാണെങ്കിലും ഈ പാമ്പുകള്‍ വെറും ആളെക്കൊല്ലികള്‍ മാത്രമല്ല. ഒരെണ്ണത്തിന് മാര്‍ക്കറ്റില്‍ എട്ട് ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ വിലവരുന്നവയാണിത്. അതുകൊണ്ടുതന്നെ ഇവയെ പിടിക്കാനായി കള്ളക്കടത്തുകാരും മറ്റും ദ്വീപില്‍ വരാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പാമ്പുകളുടെ ഉഗ്രവിഷ സ്വഭാവം കാരണം, ബ്രസീലിയന്‍ നാവികസേന പൊതുജനങ്ങള്‍ ഈ ദ്വീപില്‍ കാലുകുത്തുന്നത് വിലക്കിയിട്ടുണ്ട്. നിലവില്‍ ബ്രസീലിയന്‍ നേവിയാണ് ദ്വീപിന്റെ മേല്‍നോട്ടം വഹിക്കുന്നത്.