വാര്‍ദ്ധക്യം തുടങ്ങുക 40കളില്‍; പ്രായത്തെ പിടിച്ചുകെട്ടാനാകില്ല, പക്ഷേ പ്രായമാകുന്നത് വൈകിപ്പിക്കാം!

വാര്‍ദ്ധക്യ കാലം തുടങ്ങുന്നത് 40 കളുടെയും 60കളുടെയും മദ്ധ്യത്തിലെന്ന് പഠനം

dot image

40കളുടെ മദ്ധ്യത്തിലും 60കളുടെ തുടക്കത്തിലും മനുഷ്യര്‍ വളരെ പെട്ടെന്ന് വാര്‍ദ്ധക്യത്തിന്റെ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാര്‍ദ്ധക്യത്തെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയില്ലെങ്കിലും പ്രായമാകുന്നത് കുറെയൊക്കെ തടയാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

സമയത്തെ പിടിച്ചുകെട്ടാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെതന്നെയാണ് പ്രായവും. പ്രായമാകുമ്പോള്‍ ചര്‍മ്മം അതിന്റേതായ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ചുളിവുകളും പേശികളുടെ ബലമില്ലായ്മയും ചര്‍മ്മം തൂങ്ങലും മുടിനരയ്ക്കലുമൊക്കെ നമ്മുടെ പ്രായം വിളിച്ചുപറയും. നേച്ചര്‍ ഡോട്ട് കോമിലാണ് ഇതേസംബന്ധിച്ചുളള പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് 44 വയസിനും 60 വയസിനും ഇടയിലുള്ള പ്രായത്തിലാണെന്ന് 27 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ള 108 പേരില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.


ജനിതകശാസ്ത്രജ്ഞനും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്‍ഡ് പേഴ്‌സണലൈസ്ഡ് മെഡിസിന്‍ ഡയറക്ടറും ഈ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസറുമായ മൈക്കല്‍ സ്‌നൈഡര്‍ പറയുന്നതനുസരിച്ച് മനുഷ്യന്റെ 40കളുടെ മധ്യത്തിലും 60കളുടെ തുടക്കത്തിലും മനുഷ്യ ശരീരത്തില്‍ നാടകീയമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

പ്രായവും പെട്ടന്നുണ്ടാവുന്ന ശാരീരിക മാറ്റങ്ങളും

ബംഗളൂരുവിലെ ഗ്ലെനീഗിള്‍സ് ബിജിഎസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍,സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ ബാലകൃഷ്ണ ജി കെ പറയുന്നത് മനുഷ്യശരീരത്തില്‍ ഈ കാലഘട്ടത്തിലെ മാറ്റങ്ങള്‍ കാര്യമായ ചില തന്‍മാത്രാ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. 40 കളുടെ മധ്യത്തില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ്, വീക്കം, സെല്ലുലാര്‍ റിപ്പയര്‍ മെക്കാനിസങ്ങളിലെ മാറ്റങ്ങള്‍ എന്നിവയില്‍ പ്രകടമായ വര്‍ദ്ധനയുണ്ടാകുന്നു. 60കളുടെ തുടക്കത്തോടെ കോശങ്ങളുടെ കേടുപാടുകള്‍ വര്‍ദ്ധിക്കുകയും അവയുടെ പുനരുത്പാദന ശേഷി കുറയുകയും ചെയ്യുന്നു. ഇന്ത്യയിലുള്‍പ്പെടെ പല സംസ്‌കാരങ്ങളിലും ജീവിതത്തിന്റെ മധ്യകാലം പിന്നിടുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പ്രകടമാകും. മുംബൈയിലെ പ്രശസ്തനായ ഫിസിഷ്യനായ ഡോ. വിശാഖ ശിവദാസിനി പറയുന്നതനുസരിച്ച് ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ്. ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് വളരെ ഉയര്‍ന്ന തോതില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

44 വയസു മുതല്‍ 60 വയസുവരെ മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്നത്....

44 വയസു മുതല്‍ 60 വരെയുളള കാലഘട്ടത്തില്‍ മനുഷ്യന്റെ ശരീരത്തില്‍ വലിയ തോതിലുളള ജൈവതന്‍മാത്ര മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നതിന് കാരണം എന്താണെന്നും ഡോ. ശിവദാസിനി പറയുന്നുണ്ട്. 40കളുടെ മധ്യത്തില്‍ ജീവിതശൈലിയിലും കരിയറിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇക്കാലത്ത് മദ്യപാനത്തിലും പുകവലിയിലുമുള്ള വര്‍ദ്ധന, ഉറക്കത്തകരാറുകള്‍, സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍, പഞ്ചസാരയുടെ ഉപയോഗം ഇവയൊക്കെ വാര്‍ദ്ധക്യത്തിനും അകാല വാര്‍ദ്ധക്യത്തിനും കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില്‍ നമ്മുടെ പേശികളുടെ ഭാരം കുറഞ്ഞുവരുന്നു. മസിലുകള്‍ നമ്മുടെ ദീര്‍ഘായുസിനുളള പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടൊക്കെത്തന്നെ ഈ പ്രായത്തില്‍ പല ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാറുണ്ട്.

40 കളുടെ മധ്യത്തില്‍ ഉപാപചയനിരക്ക് (മെറ്റബോളിക് റേറ്റ്) കൂടുന്നതുകൊണ്ട് ചര്‍മത്തിന് വാര്‍ദ്ധക്യവും മറ്റ് ശാരീരിക അസ്വാസ്ഥ്യവും സംഭവിക്കുന്നു. എന്നാല്‍ 60 വയസിലേക്ക് കടക്കുമ്പോള്‍ എല്ലുകളുടെ ബലക്കുറവ്, വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് വഴിമാറുന്നു. കൂടാതെ പേശികളുടെ ബലം കുറയുകയും സന്ധികളുടെ ചലനശേഷി കുറയുകയും ചെയ്യുന്നുണ്ട്. ഉദാസീനമായ ജീവിത ശൈലിയുളളവരിലും പെട്ടെന്ന് വാര്‍ദ്ധക്യം ബാധിക്കുന്നു.

വാര്‍ദ്ധക്യം വൈകിപ്പിക്കാനുള്ള വഴികള്‍

നമുക്ക് സമയത്തെ പിടിച്ചുകെട്ടാന്‍ കഴിയില്ല . അതുപോലെതന്നെ വാര്‍ദ്ധക്യത്തെയും. പക്ഷേ വാര്‍ദ്ധക്യം വൈകിപ്പിക്കാനും വാര്‍ധക്യത്തിന്‍റെ വിഷമതകളെ ലഘൂകരിക്കാനും നമുക്ക് സാധിക്കും. ജീവിത ശൈലിയിലുള്ള ചില മാറ്റങ്ങള്‍ അതിന് ഒരു പരിധിവരെ നമ്മെ സഹായിക്കും. വ്യായാമങ്ങള്‍, ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍, നല്ല രീതിയില്‍ സ്ട്രസിനെ മാനേജ് ചെയ്യുക എന്നിവയൊക്കെ പ്രായമാകുന്നതിനെ ഒരു പരിധിവരെ തടയും. അതൊടൊപ്പം സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടുകയുംമാനസികമായി എപ്പോഴും ഊര്‍ജസ്വസലരായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

എന്തൊക്കെ ചെയ്യണം

40 കളില്‍ എത്തുന്നതിന് മുന്‍പ് ആരോഗ്യ കാര്യത്തില്‍ ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലിക്കുക. പുകവലി ഒഴിവാക്കുക, മദ്യപാനം ലഘൂകരിക്കുക തുടങ്ങിയ ശീലങ്ങള്‍ നേരത്തെ വളര്‍ത്തിയെടുക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം ഈ പ്രായത്തിലുളളവര്‍ ഹൃദയാരോഗ്യത്തിനുളള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ശരീരത്തിന് അയവ് ഉണ്ടാക്കുന്നതും പേശികളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുമുളള വ്യായാമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 60കളോട് അടുക്കുമ്പോള്‍ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുകയും ശാരീരിക പരിശോധനകളൊക്കെ നടത്തുകയും ചെയ്യണം. അങ്ങനെ ചെയ്താല്‍ നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണവും, പതിവായുള്ള ശാരീരിക വ്യായാമങ്ങളും, മാനസിക വ്യായാമങ്ങളും തുടരണം. മസിലുകളുടെ ബലത്തിനും ഫ്‌ളക്‌സിബിലിറ്റിക്കും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നത്, മനസിന് റിലാക്‌സ് ചെയ്യാന്‍ ലാധിക്കുന്ന പല ടെക്‌നിക്കുകള്‍ പരിശീലിക്കുന്നത് ഒക്കെ പ്രായംകുറയാന്‍ സഹായിക്കും. മറ്റൊരു പ്രധാന ഘടകം ഉറക്കമാണ്. മതിയായ ഉറക്കമില്ലാത്തത് രോഗപ്രതിരോധ ശേഷിയെ ബാധിക്കും. കൂടാതെ ആഹാരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

dot image
To advertise here,contact us
dot image