ഒരു കല്യാണം നടത്താൻ ഇക്കാലത്ത് താരതമ്യേന എളുപ്പമാണല്ലേ. വരനെയും വധുവിനെയും കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകളുണ്ട്. കല്യാണം നടത്താൻ ഇവന്റ് പ്ലാനേഴ്‌സ് ഉണ്ട്. അങ്ങനെ പണ്ടത്തെ ഔപചാരികമായ രീതികൾക്കെല്ലാമപ്പുറം കാലവും ടെക്‌നോളജിയും വളർന്നു. എന്നാൽ അവിടെയും ബിസിനസ് ഐഡിയ കണ്ടെത്തുകയാണ് ചില വിരുതന്മാർ.
അവസാന നിമിഷത്തിൽ ഈ കല്യാണം വേണ്ട എന്ന് വധുവിനോ വരനോ ആർക്കെങ്കിലുമോ തോന്നുകയാണെങ്കിൽ അതും പ്രൊഫഷണലായി ചെയ്തുകൊടുക്കാൻ ഇക്കാലത്ത് ആളുണ്ട് ! ചുരുക്കിപ്പറഞ്ഞാൽ നല്ല വെടിപ്പായി കല്യാണം മുടക്കാൻ ആളുണ്ടെന്ന് ! സ്പാനിഷ് യുവാവായ ഏർനെസ്റ്റോ റെയ്‌നർസ് വെരിയ എന്ന യുവാവാണ് ആ കല്യാണം മുടക്കൽ വിദഗ്ധൻ.
ഒരിക്കൽ ഒരു തമാശയ്ക്ക് വെരിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിട്ടു. ആർക്കെങ്കിലും ഒരു കല്യാണത്തിൽ നിന്ന് അവസാന നിമിഷം പിന്മാറണമെന്ന് തോന്നുകയാണെങ്കിൽ അത് മുടക്കാൻ താൻ തയ്യാറാണെന്ന്! പക്ഷെ തമാശ കാര്യമാവുകയും വെരിയയ്ക്ക് ഒരുപാട് അന്വേഷണങ്ങൾ വരികയും ചെയ്തു.
ഇതോടെ വെരിയയുടെ 'നല്ല കാലം' തെളിഞ്ഞുവത്രേ. എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കി മാറ്റിക്കൂടായെന്ന് ആലോചിച്ച വെരിയ, ഇപ്പോൾ ഒരു 'പ്രൊഫഷണൽ കല്യാണംമുടക്കി'യാണ്. ഒരു കല്യാണം മുടക്കാൻ 500 യൂറോ, അതായത് ഏകദേശം 47000 ഇന്ത്യൻ രൂപയാണ് ചാർജ്. തീർന്നില്ല, ആർക്കെങ്കിലും എക്സ്ട്രാ രണ്ടിടി കൊടുക്കണമെങ്കിൽ അതിനും പൈസ അടയ്ക്കണം. സ്ഥലവും സമയവും കൃത്യമായി വെരിയയോട് പറഞ്ഞാൽ മാത്രം മതി. പിന്നെയെല്ലാം 'മുറ' പോലെ നടന്നോളും!
തന്റെ ഈ കല്യാണം മുടക്കൽ ബിസിനസ് വലിയ ഹിറ്റ് ആണെന്നാണ് വെരിയ അഭിപ്രായപ്പെടുന്നത്. ഓരോ മാസവും നിരവധി ഫോൺ കോളുകൾ തനിക്ക് ഇങ്ങനെ ലഭിക്കുന്നുണ്ടത്രേ. ഇപ്പോൾ ഡിസംബർ വരെ ബുക്ക്ഡ് ആണെത്രെ കക്ഷി!