മുൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർക്ക് ചൊവ്വാഴ്ച 100 വയസ്സ് തികഞ്ഞു. അമേരിക്കൻ ചരിത്രത്തിൽ 100 വയസ്സ് പൂർത്തിയാക്കിയ ആദ്യ പ്രസിഡൻ്റ് എന്ന വിശേഷണവും ഇതോടെ ജിമ്മി കാർട്ടർ സ്വന്തമാക്കിയിരിക്കുകയാണ്. 1977 മുതൽ 1981വരെ അമേരിക്കയുടെ 39-ാമത് പ്രസിഡൻ്റായാണ് ജിമ്മി കാർട്ടർ സേവനം അനുഷ്ഠിച്ചത്. 1924 ഒക്ടോബർ 1ന് ജോർജ്ജിയയിലെ പ്ലെയിൻസിലായിരുന്നു കാർട്ടറുടെ ജനനം.
2018-ൽ 94-ാം വയസ്സിൽ അന്തരിച്ച ജോർജ്ജ് എച്ച് ഡബ്ല്യു ബുഷും 93 വയസ്സ് വരെ ജീവിച്ചിരുന്ന റൊണാൾഡ് റീഗനും ജെറാൾഡ് ഫോർഡുമാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മറ്റ് അമേരിക്കൻ പ്രസിഡൻ്റുമാർ.
ജനാധിപത്യം, സമാധാനം, ആഗോള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജിമ്മി കാർട്ടറുടെ പ്രവർത്തനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് കാലാവധി തീർന്നതിന് ശേഷം ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണ് കാർട്ടർ. 2002ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരവും കാർട്ടറെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ജനാധിപത്യവും മനുഷ്യാവകാശങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകളുടെ പേരിലായിരുന്നു നൊബേൽ പുരസ്കാരം കാർട്ടറെ തേടിയെത്തിയത്.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്ന കാർട്ടർ സ്റ്റേറ്റ് സെനറ്ററായാണ് തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ജോർജിയയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട കാർട്ടർ 1977ൽ അമേരിക്കൻ പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹവും ഭാര്യ റോസലിനും ചേർന്ന് മനുഷ്യാവകാശങ്ങൾക്കും സംഘർഷ പരിഹാരത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാർട്ടർ സെൻ്റർ സ്ഥാപിച്ചിരുന്നു. 2023 നവംബറിൽ 96 വയസ്സുള്ളപ്പോഴായിരുന്നു റോസിലിൻ്റെ മരണം.
2015-ൽ, കാർട്ടറിന് തലച്ചോറിലേക്ക് പടർന്ന ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്താനുള്ള കാത്തിരിപ്പിലാണ് ജിമ്മി കാർട്ടറെന്ന് അദ്ദേഹത്തിൻ്റെ ചെറുമകൻ ജേസൺ കാർട്ടർ അടുത്തിടെ പ്രതികരിച്ചിരുന്നു. കമലാ ഹാരിസിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വത്തെയും ജിമ്മി കാർട്ടർ നേരത്തെ അംഗീകരിച്ചിരുന്നു.