നാൽപ്പത് വർഷം മുമ്പ് ടാറ്റ കൺസൾട്ടൻസി സർവീസ് വാഗ്ദാനം ചെയ്ത ശമ്പളത്തെക്കുറിച്ചുള്ള വിരമിച്ച ഐഎഎസ് ഓഫീസറുടെ കുറിപ്പ് വൈറലാകുന്നു. വാരാണസിയിലെ ഐഐടിയിൽ നിന്നും 40 വർഷം മുമ്പ് പഠനംപൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെ മുംബൈയിലെ ടാറ്റാ കൺസൾട്ടൻസി സർവീസ് വാഗ്ദാനം ചെയ്ത ശമ്പളത്തെക്കുറിച്ച് ഐഎഎസ് ഓഫീസറായിരുന്ന രോഹിത്ത് കുമാർ സിങ്ങ് പങ്കുവെച്ച എക്സ് പോസ്റ്റാണ് വൈറലാകുന്നത്. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐഎഎസ് ഓഫീസറായിരുന്ന രോഹിത്ത് കുമാർ സിങ്ങ് ജോലിയുടെ തുടക്കകാലത്ത് ടാറ്റാ കൺസൾട്ടൻസി സർവീസിൽ ജോലി ചെയ്തപ്പോൾ 1300 രൂപ ശമ്പളമായി ലഭിച്ചിരുന്നു. ആക്കാലത്ത് ഈ ശമ്പളം രാജകീയമായിരുന്നുവെന്നും രോഹിത്ത് കുമാർ വ്യക്തമാക്കി.
'ഏതാണ്ട് 40 വർഷം മുമ്പ് ഐഐടി ബിഎച്ച് യുവിൽ നടന്ന ക്യാമ്പസ് റിക്രൂട്ട്മെൻ്റ് വഴിയാണ് എനിക്ക് മുംബൈയിലെ ടാറ്റാ കൺസൾട്ടൻസിയിൽ ആദ്യ ജോലി ലഭിക്കുന്നത്. 1300 രൂപ രാജകീയ ശമ്പളത്തിൽ, നരിമാൻ പോയിൻ്റിലെ എയർ ഇന്ത്യ ബിൽഡിംഗിൻ്റെ 11-ാം നിലയിൽ നിന്നുള്ള സമുദ്ര കാഴ്ച ശരിക്കും രാജകീയമായിരുന്നു.' എന്നായിരുന്നു രോഹിത്ത് കുമാർ സിങ്ങ് എക്സ് പോസ്റ്റിൽ കുറിച്ചത്. ടാറ്റാ കൺസൾട്ടൻസി സർവീസിൽ നിന്നുള്ള നിയമനശുപാർശയും സിങ്ങ് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
A little more than 40 years ago, I got my first job at TCS Mumbai through campus recruitment at IIT BHU.
— Rohit Kumar Singh (@rohitksingh) September 29, 2024
With a princely salary of 1300 Rupees, the ocean view from the 11th Floor of Air India Building at Nariman Point was regal indeed! pic.twitter.com/A9akrhgu7F
ഇപ്പോൾ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (NDCRC) സേവനമനുഷ്ഠിക്കുന്ന രോഹിത് കുമാർ സിംഗ് ടിസിഎസിൽ ജോലി സ്വീകരിക്കുന്നതിന് മുമ്പ് ഐഐടി ബിഎച്ച് യുവിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരുന്നു. മുംബൈയിലെ . ടിസിഎസിൽ കുറച്ചുകാലം ജോലി ചെയ്ത സിങ്ങ് പിന്നീട് ന്യൂയോർക്കിലെ ക്ലാർക്സൺ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. പിന്നീട് യുപിഎസ്‌സി പരീക്ഷ പാസായ സിങ്ങ് 1989-ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൻ്റെ ഭാഗമാകുകയായിരുന്നു.