ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണോ, വഴിയുണ്ട്!

നമ്മുടെ ശരീരഭാഷയും ആത്മവിശ്വാസവുമായി വളരെയധികം ബന്ധമുണ്ട്

dot image

നിങ്ങള്‍ ഒരിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ പേടിയോടെ പതുക്കെ സംസാരിക്കുകയും അവരെന്ത് വിചാരിക്കും എന്ന് ചിന്തിക്കുകയും ഒക്കെ ചെയ്യുന്നവരാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലെന്ന് വേണം കരുതാന്‍. മറ്റുളളവര്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിലും നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ ഇടപെടലുകളെയുമൊക്കെ ആത്മവിശ്വാസം തുളുമ്പിനില്‍ക്കുന്ന ശരീരഭാഷ സ്വാധീനിക്കാറുണ്ട്. സാഹചര്യങ്ങള്‍ എന്തുതന്നെ ആയാലും എത്ര നടക്കില്ലെന്ന് വിചാരിക്കുന്ന കാര്യമായാലും നല്ല കോണ്‍ഫിഡന്‍സോടെ പെരുമാറി നോക്കൂ, വ്യത്യാസം കണ്ടറിയാം.

ആത്മവിശ്വാസം തരുന്ന ശരീരഭാഷയ്ക്ക് ചില ടിപ്‌സുകള്‍


കണ്ണില്‍ നോക്കി സംസാരിക്കുക

ആരോടെങ്കിലും സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ ശ്രമിക്കുക. ഇത് മറ്റുള്ളവരുമായി വിശ്വാസവും ബന്ധവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അത് മാത്രമല്ല ഒരാളോട് സംസാരിക്കുമ്പോള്‍ നേത്രസമ്പര്‍ക്കം പുലര്‍ത്തിയാല്‍ നിങ്ങള്‍ ഉറച്ച നിലപാടുള്ള വ്യക്തിയാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയും.

നിവര്‍ന്നു നില്‍ക്കുക

നല്ല ശരീര ഭാഷയുടെ പ്രധാന ഘടകമാണ് നിവര്‍ന്ന് നിന്ന് സംസാരിക്കുക, നിവര്‍ന്ന് നടക്കുക എന്നതൊക്കെ. നിങ്ങളുടെ തോളുകള്‍ പിറകിലേക്ക് ഉയര്‍ത്തിയും തല നിവര്‍ന്നുനില്‍ക്കുന്നതും നിങ്ങളിലെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ ആത്മവിശ്വാസത്തോടെ നിവര്‍ന്ന് നടന്നുചെല്ലുന്നതും കൂനിക്കൂടി കയറിച്ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസം ആലോചിച്ചാല്‍ മനസിലാകും.

ഫില്ലര്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

മറ്റൊരാളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ പ്രയോഗിക്കുന്ന രീതി, അതായത് സ്റ്റെഡിയായി കൃത്യമായി അളന്നുമുറിച്ചുള്ള സംസാരവും കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയും നിങ്ങളിലെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നത്. ചില ആളുകള്‍ സംസാരത്തിനിടയില്‍ 'ഉം' എന്ന് പറയാറുണ്ട് മറ്റുചിലര്‍ 'ലൈക്ക്, സോ, ലിറ്ററലി', ഇങ്ങനെയെല്ലാമുളള വാക്കുകള്‍ ഉപയോഗിക്കും. ഇത്തരം ഫില്ലര്‍ വാക്കുകള്‍ ഒഴിവാക്കുന്നത് കൂടുതല്‍ വ്യക്തമായും നിയന്ത്രണത്തിലും സംസാരിക്കാന്‍ സഹായിക്കും. സംസാരിക്കുമ്പോള്‍ ബോധപൂര്‍വ്വം സംസാരിക്കാന്‍ ശ്രമിക്കുക.

വാതില്‍ അടയ്ക്കാന്‍ തിരിഞ്ഞുനില്‍ക്കരുത്


ജോലിസ്ഥലത്തെ മീറ്റിംഗിനോ, അഭിമുഖത്തിനായി കടന്നു ചെല്ലുമ്പോഴോ ഒരു മുറിയിലേക്ക് പ്രവേശിച്ചാലുടന്‍ തിരിഞ്ഞുനിന്ന് വാതില്‍ അടയ്ക്കരുത്. പകരം കയറിച്ചെന്ന് അവിടെ ഉള്ള ആളുകളുടെ കണ്ണുകളുടെ ശ്രദ്ധ നിങ്ങളില്‍ നിന്ന് മാറുമ്പോള്‍ പിന്നിലെ വാതില്‍ അടയ്ക്കാം.നിങ്ങള്‍ക്ക് ചുമതലാബോധം ഉള്ള ആളാണെന്നും നിങ്ങളുടെ ചലനങ്ങളില്‍ ഉറപ്പുള്ളവരാണെന്നും കാണിക്കാന്‍ ഈ പ്രവൃത്തികൊണ്ട് കഴിയും.

മുഖഭാവങ്ങളിലെ നിയന്ത്രണം


എന്ത് തരത്തിലുള്ള അസ്വസ്ഥതയുണ്ടെങ്കിലും അത്രയ്ക്കും പ്രധാനപ്പെട്ടയിടങ്ങളില്‍ എപ്പോഴും പ്രസന്നതയോടെയും പുഞ്ചിരി നിറഞ്ഞ മുഖവുമായും നില്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും.

dot image
To advertise here,contact us
dot image