130 വർഷം പഴക്കമുള്ള ക്യാമറയിൽ പകർത്തിയ റഗ്ബി മത്സരത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള പനോരമിക് കാമറയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മൈൽസ് മൈർസ്കോഫ്-ഹാരിസ് എന്ന ദൃശ്യങ്ങൾ പങ്കുവെച്ച അക്കൗണ്ടിന്റെ ബയോയിൽ വിൻ്റേജ് ലെൻസിലൂടെ ലോകത്തെ നോക്കുന്നുവെന്ന് കുറിച്ചിട്ടുള്ളതും കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ബാത്തിലെ റെക് എന്നറിയപ്പെടുന്ന ഐക്കണിക്ക് റിക്രിയേഷൻ ഗ്രൗണ്ടിലാണ് ഹാരിസ് വീഡിയോ ചിത്രീകരിച്ചത്. റഗ്ബി മത്സരം ക്യാമറയിൽ ചിത്രീകരിച്ചതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങൾ ഹാരിസ് പങ്കുവെയ്ക്കുകയായിരുന്നു.'130 വർഷം പഴക്കമുള്ള പനോരമിക് ക്യാമറയിലാണ് റഗ്ബി ഷൂട്ട് ചെയ്തത്. ചരിത്രത്തിൽ കുതിർന്ന ഒരു സ്റ്റേഡിയം, റഗ്ബി ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന്. ഈ സമ്പന്നമായ ചരിത്രം ആഘോഷിക്കാൻ ക്ലബിൻ്റെ അത്രതന്നെ പഴക്കമുള്ള 130 വർഷത്തിലധികം പഴക്കമുള്ള, ഒരു കാമറയിൽ അതിൻ്റെ എല്ലാ മഹത്വവും പകർത്തുന്നത് ഉചിതമാണെന്ന് തോന്നി. നിങ്ങൾ എപ്പോഴെങ്കിലും ദി റെക്കിൽ ഒരു ഗെയിം കണ്ടിട്ടുണ്ടോ,' എന്നായിരുന്നു വീഡിയോ പങ്കിട്ടുകൊണ്ട് ഹാരിസ് കുറിച്ചത്.
ബാത്ത് റഗ്ബിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് കീഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്.