ജീവിതത്തില്‍ സന്തോഷിക്കാനുള്ള കാരണങ്ങള്‍ തേടി അലയുന്നവരാണോ നിങ്ങള്‍? നിങ്ങളെപ്പോഴെങ്കിലും നിങ്ങള്‍ക്ക് വേണ്ടി ജിവിച്ചിട്ടുണ്ടോ? സ്വയം സ്‌നേഹിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനെല്ലാമുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടുന്നതെപ്പോഴെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴാണന്നല്ലേ, ഉറപ്പിച്ച് പറയാം ജീവിതത്തിൻ്റെ അവസാന നാളുകളില്‍ എത്തുമ്പോള്‍. പക്ഷേ സ്വയം ഒന്ന് ആലോചിച്ച് നോക്കിയാല്‍ ഇതിനൊക്കെയുളള ഉത്തരം നിങ്ങള്‍ക്ക് ആ നിമിഷം തന്നെ കിട്ടും. ഈ തിരിച്ചറിവുകളിൽ ചിലതെങ്കിലും ജീവിതത്തിൽ ഒന്ന് പ്രാവര്‍ത്തികമാക്കി നോക്കൂ, നിങ്ങള്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും.
Health is Welth അതായത് ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ് അതില്‍ ഒന്നാമത്തെ പാഠം. ജീവിതത്തിലെ തിരക്കിനിടയില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരാനുള്ള ഓട്ടപ്പാച്ചിലില്‍ ആയിരിക്കും എല്ലാ മനുഷ്യരും. അതിനിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ എവിടെ സമയം അല്ലേ?. ആരോഗ്യം സമ്പത്താണ് അല്ലെങ്കില്‍ അമൂല്യമാണ്. എത്ര നേരത്തെ നമ്മൾ സ്വന്തം ശരീരത്തെ പരിപാലിക്കാന്‍ തുടങ്ങുന്നോ അത്രയും നല്ലത്.
ലോകത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്താണെന്ന് ചോദിച്ചാല്‍ അതിൻ്റെ മറുപടി സമയം എന്നത് തന്നെയാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത അത്രയും വിലപ്പെട്ടതാണ് കടന്ന് പോകുന്ന ഒരോ നിമിഷങ്ങളും. അതുകൊണ്ട് തന്നെ എല്ലാവരും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ടൈം മാനേജ്‌മെന്റ്. കൃത്യമായ കണക്കുകൂട്ടലുകളോടെ സമയത്തെ കൃത്യമായി കണക്കാക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കുക. അലസതയോടെയും അശ്രദ്ധയോടെയും മുന്നോട്ട് പോകുമ്പോള്‍ അവസരങ്ങളാണ് നഷ്ടപ്പെടുന്നതെന്ന തിരിച്ചറിവ് പ്രധാനമാണ്.
എല്ലാവരുടെയും നെട്ടോട്ടം പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയല്ലെ?. ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെങ്കിലും പണമല്ല എല്ലാം എന്ന് മനസിലാക്കുമ്പോഴേയ്ക്കും കാലം അതിക്രമിച്ചിട്ടുണ്ടാവും. പണത്തേക്കാളുപരി ജീവിതത്തില്‍ പ്രാധാന്യം കൊടുക്കേണ്ട മറ്റ് പല കാര്യങ്ങളുമുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണം ജീവിക്കാൻ.
ചില ആളുകളെ കണ്ടിട്ടില്ലേ, അവര്‍ക്ക് ആരോടും സംസാരിക്കാനും എന്തിന് കാണുമ്പോള്‍ ചിരിക്കാന്‍ പോലും സമയം ഉണ്ടാവില്ല. പലതും വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരിക്കും അവര്‍. ജീവിതത്തില്‍ വളരെ വൈകി ആളുകള്‍ തിരിച്ചറിയുന്ന ഒരു കാര്യമാണ് ബന്ധങ്ങളുടെ വില. ആരോഗ്യകരവും സന്തുഷ്ടവുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതും അവ മുന്നോട്ട് കൊണ്ടുപോകുന്നതും ജീവിതത്തെ വളരെ സുന്ദരമാക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ജീവിതത്തില്‍ നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അവയൊക്കെ വ്യക്തിപരമായി എടുക്കുകയാണെങ്കില്‍ അതിനേ സമയമുണ്ടാവൂ. എല്ലാ സാഹചര്യങ്ങളും പക്വതയോടെ നേരിടാന്‍ ശീലിക്കുക. കാരണം മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുകൊണ്ടേയിരിക്കും. അതിനാല്‍ ജീവിതത്തില്‍ വളരാനും സന്തോഷമായിരിക്കാനും ശീലിക്കണം. സന്തോഷം നമ്മുടെ ഉളളില്‍ നിന്നാണ് വരുന്നത്. ജീവിതത്തിലെ നേട്ടങ്ങള്‍, സമ്പത്ത് എന്നിവയാണ് സന്തോഷം എന്ന് കരുതി ജീവിക്കുന്നത് നിരർത്ഥകമാണെന്ന് മനുഷ്യായുസ്സിനിടയിൽ എപ്പോഴെങ്കിലും നമ്മൾ തിരിച്ചറിയും. അത് എത്രയും നേരത്തെയാകാമോ അത്രയും നല്ലത്. യഥാര്‍ഥ സന്തോഷം തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളും ആലോചനകളുമാണ് എന്ന തിരിച്ചറിവും അനിവാര്യമാണ്.
ജീവിതത്തില്‍ പൂര്‍ണ്ണത എന്നൊന്നില്ല. അത് തേടിപോകുന്നത് നിരാശയിലേക്ക് നയിക്കും. അതുപോലെ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാനുമാവില്ല. മറ്റുളളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം ഊര്‍ജം ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്.