1990 കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും കാപ്രി ജീന്‍സുകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. അതിന് ശേഷം വീണ്ടും കാപ്രി ജീന്‍സുകള്‍ ട്രെന്‍ഡാവുകയാണ്. ഷോര്‍ട്ട്‌സുകളേക്കാള്‍ നീളമുള്ളതും എന്നാല്‍ ട്രൗസറിനേക്കാള്‍ ചെറുതും കണങ്കാലിന് മുകളില്‍ നില്‍ക്കുന്നതുമായ കാപ്രികള്‍ ചെറുപ്പക്കാരുടെ വസ്ത്രസങ്കല്‍പ്പത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. മുക്കാല്‍ നീളമുള്ള പാന്റ്സ്, ക്രോപ് പാന്റ്സ്, മാന്‍-പ്രിസ്, ക്ലാം-ഡിഗേഴ്സ്, ഫ്ളഡ് പാന്റ്സ്, ജാം പാന്റ്, ഹൈവാട്ടര്‍സ് അല്ലെങ്കില്‍ ടോറെഡോര്‍ പാന്റ്സ് എന്നിങ്ങനെയൊക്കെ കാപ്രികള്‍ക്ക് പേരുണ്ട്. കാപ്രികള്‍ പല സ്റ്റെലിലിലുണ്ട്. വിവിധ നീളത്തിലുള്ളവ, ഫോള്‍ഡ് അപ് ഡിസൈനിലുളളവ അങ്ങനെ പലതും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇണങ്ങുന്നവയും കൂടിയാണ് ഇവ.
1950-കളിലാണ് കാപ്രിസ് ഒരു സ്പോര്‍ട്ടി-കാഷ്വല്‍ ലുക്ക് എന്ന നിലയില്‍ ജനപ്രിയമായിത്തുടങ്ങിയത്. മുഴുനീള പാന്റുകളേക്കാളും ജീന്‍സിനേക്കാളും ധരിക്കാന്‍ സുഖപ്രദവും അടിപൊളി ലുക്ക് നല്‍കുന്നവയുമാണിവ. ഫ്‌ളാറ്റ് ചെരുപ്പുകള്‍ക്കൊപ്പമോ ബാലറിന ഷൂ, കിറ്റന്‍ ഹീല്‍ ഷൂസ് അതായത് പോയിന്റഡ് ഹീല്‍ ഷൂ, സ്ലിംഗ്ബാക്ക് ഷൂ എന്നിവയുള്‍പ്പെടെ വിവിധ ഷൂകള്‍ക്കൊപ്പം കാപ്രികള്‍ ഏറെ അനുയോജ്യമാണ്. അതുപോലെ തന്നെ ടീഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പമൊക്കെ ഈ പാന്റുകള്‍ ധരിച്ചാല്‍ ഭംഗിയുണ്ടാവും.
കാപ്രിസ് വാങ്ങുമ്പോള്‍ നിങ്ങളുടെ കാലുകളുടെ ഭംഗി എടുത്തറിയിക്കുന്ന തരത്തിലുള്ളവ വാങ്ങുക. മെലിഞ്ഞ കാലുകള്‍ ഉള്ളവര്‍ക്ക് ഒരുപാട് നീളംകുറഞ്ഞ പാന്റുകള്‍ അനുയോജ്യമല്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഇണങ്ങുന്ന ശരിയായ നീളം കണ്ടെത്തേണ്ടതുണ്ട്.
Content Highlights : Capri jeans to 2024 trends