നിങ്ങളുടെ കുട്ടി നുണ പറയാറുണ്ടോ? എങ്ങനെ തിരിച്ചറിയാം

കള്ളം പറയുന്ന ശീലം കുട്ടികളില്‍ എങ്ങനെ രൂപപ്പെടുന്നു, കുട്ടികള്‍ കളളം പറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം, കള്ളം പറയുന്ന ശീലത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ മാറ്റിയെടുക്കാം

dot image

നുണപറയുന്ന ശീലം ചിലര്‍ക്ക് കുട്ടിക്കാലം മുതല്‍ രൂപപ്പെടുന്നതാണ്. വീട്ടില്‍ മാതാപിതാക്കളോ മറ്റുളളവരോ കള്ളം പറയുന്നുവെന്നിരിക്കട്ടെ ക്രമേണ കുട്ടികളും ഇത് ശീലിച്ചുതുടങ്ങും. പിന്നീട് ജീവിതത്തില്‍ അഭികാമ്യമല്ലാത്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരു തന്ത്രമായി ഇത് മാറുകയാണ് ചെയ്യുന്നത്. നുണ പറയുമ്പോള്‍ അത് തെറ്റാണെന്നുള്ളതുകൊണ്ടുതന്നെ നെഗറ്റീവ് ചിന്തകളാണ് നമ്മുടെ ഉള്ളില്‍ രൂപപ്പെടുന്നത്.

നിങ്ങളുടെ കുട്ടി നുണപറയുന്നുണ്ടോ?

നിങ്ങളുടെ കുട്ടി നുണപറയുന്നുണ്ടോ. അവര്‍ നുണപറയുന്നുണ്ടെന്ന് അറിഞ്ഞിട്ടും അത് മാറ്റിയെടുക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലേ?. കുട്ടികള്‍ നുണ പറയുന്നതിന് ഒന്നാമത്തെ കാരണം ഭയമാണ്. മുതിര്‍ന്നവര്‍ തന്നെയാണ് കുട്ടികളില്‍ ഇത്തരത്തിലുളള ഭയം ഉണ്ടാക്കിയെടുക്കുന്നതും. കുട്ടികള്‍ കുസൃതി കാട്ടുമ്പോഴോ എന്തെങ്കിലുമൊരു തെറ്റ് ചെയ്യുമ്പോഴോ ചില മാതാപിതാക്കള്‍ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവരെ വഴക്കുപറയും, നന്നായി അടിക്കും. ഇങ്ങനെ അടി കിട്ടുമോ എന്ന് പേടിച്ച് അതില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ നുണപറഞ്ഞ് തുടങ്ങും. ഈ ശീലമാണ് പിന്നീട് വലിയ വലിയ നുണകളിലേക്ക് നയിക്കുന്നത്. അതുപോലെ തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ എന്തൊക്കെ കള്ളം പറഞ്ഞ് മാതാപിതാക്കളെ വശത്താക്കാമോ അതൊക്കെ അവര്‍ പറയുകയും ചെയ്യും. കളളം പറഞ്ഞ് തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ചെറിയ കുറ്റബോധം കുട്ടികള്‍ക്ക് തോന്നുമെങ്കിലും പിന്നീട് ആ ശീലം മുന്നോട്ട് പോകുമ്പോള്‍ ഭയം ഇല്ലാതാകും.


നുണപറയുന്നവരെ മനസിലാക്കാനുള്ള വഴികള്‍

  • നുണ പറയുന്നവര്‍ സാധാരണയില്‍ നിന്നും വേഗം കുറച്ചോ കൂട്ടിയോ ആകും സംസാരിക്കുക. കാര്യങ്ങള്‍ ചുരുക്കി പറയാന്‍ ശ്രമിക്കും. ഒരേകാര്യം തന്നെ അവര്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കും
  • ഇത്തരക്കാരോട് ഒരേ ചോദ്യം പലരീതിയില്‍ ആവര്‍ത്തിച്ച് ചോദിച്ചാല്‍ അതിനൊക്കെ ഒരേ മറുപടി കിട്ടാതെ വരുന്നതും പറയുന്നത് നുണയാണ് എന്നതാണ് കാണിക്കുന്നത്.
  • നുണ പറയുമ്പോള്‍ കൈ വിരലുകള്‍ അസ്വസ്ഥമായിരിക്കും. അതുമറയ്ക്കാന്‍ ചിലപ്പോള്‍ കൈപുറകില്‍ കെട്ടി നിന്നാവും സംസാരിക്കുക.
  • ശ്വാസത്തിന്റെ വേഗത കൂടുതലായിരിക്കും.
  • കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയാതെ വരികയും, സാധാരണയില്‍ കൂടുതല്‍ കണ്ണുചിമ്മുകയും ചെയ്യും.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം

  • കുട്ടികളുമായി വളരെ ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കണം. എന്നാല്‍ മാത്രമേ അവര്‍ക്ക് നിങ്ങളോട് എല്ലാകാര്യങ്ങളും ഭയമില്ലാതെ തുറന്ന് പറയാന്‍ സാധിക്കൂ.
  • നിങ്ങള്‍ നുണപറയുന്നത് കുട്ടികള്‍ ശ്രദ്ധിക്കുകയും നുണപറയുന്നത് പ്രശ്നമല്ല എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ അത് സഹായിക്കുകയും ചെയ്യും.
  • മക്കള്‍ തെറ്റ് ചെയ്തുവെങ്കില്‍ അവരെ ക്രൂരമായി ശിക്ഷിക്കരുത്. പകരം അവരോട് നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക. അത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കും.
  • കുട്ടികളില്‍ ആത്മാഭിമാനം ഉണ്ടാക്കിയെടുക്കുക. നിങ്ങളാവണം കുട്ടിയുടെ റോള്‍ മോഡല്‍.
  • ഒരു നുണക്ക് മറ്റ് നൂറ് നുണകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും സത്യം പറയുന്നതിലൂടെ അയാള്‍ക്ക് സുരക്ഷിതനാവാനും ചില സമയങ്ങളില്‍ അപകടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനും കഴിയുമെന്നും കുട്ടികളോട് പറയുക.
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us