മാസം ഒന്നര ലക്ഷം രൂപ സേവിങ്ങ്സ്, എന്നിട്ടും വീട് വാങ്ങാൻ പറ്റുന്നില്ല; ഗതികേട് പങ്കുവെച്ചുള്ള പോസ്റ്റ് വൈറൽ

ഉയർന്ന ശമ്പളം മേടിക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സാധാരണക്കാർക്ക് ഈ നാട്ടിൽ എങ്ങനെ ജീവിക്കാനാകും എന്നാണ് ഭൂരിഭാഗം നെറ്റിസൺസും പോസ്റ്റിന് മറുപടിയായി ചോദിക്കുന്നത്

dot image

ഇന്നത്തെ കാലത്ത് സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ തങ്ങളുടെ പല ആഗ്രഹങ്ങളും ജീവിതാഭിലാഷങ്ങളും ആളുകൾ മാറ്റിവെയ്ക്കാറുണ്ട്. എന്നാൽ എല്ലുമുറിയെ എത്രതന്നെ പണിയെടുത്താലും പലപ്പോഴും ഒരു വീട് ഇന്നത്തെ കാലത്ത് സ്വന്തമാക്കാൻ പറ്റണമെന്ന് പോലുമില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർധനവും ജീവിതച്ചെലവുകളിലെ വ്യതിയാനങ്ങളുമൊക്കെയാകാം അതിന് കാരണം.

വളരെ കുറഞ്ഞ ശമ്പളമുള്ളവർക്ക് വീട് വെക്കാനോ, പുതിയ വീട് ഒരെണ്ണം വാങ്ങാനോ സാധിക്കുന്നില്ലെന്ന് പറയുമ്പോൾ നമുക്ക് മനസിലാക്കാം. എന്നാൽ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് പറഞ്ഞാലോ? വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ. ചെന്നൈയിലെ ഒരു സാമ്പത്തിക വിദഗ്ധനായ ഡി മുത്തുകൃഷ്ണൻ എഴുതിയ ഒരു എക്സ് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മാസം ലക്ഷങ്ങൾ സമ്പാദിച്ചിട്ടും ഒരു വീട് വാങ്ങാനാകാത്ത ഒരു കുടുംബത്തെപ്പറ്റിയാണ് ഡി മുത്തുകൃഷ്ണൻ എഴുതുന്നത്. ചെന്നൈയിലെ സമ്പന്നർ താമസിക്കുന്ന ഒരു പ്രദേശത്താണ് മുത്തുകൃഷ്ണന്റെ താമസം. അദ്ദേഹം താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് ഫിസിയോതെറാപ്പിസ്റ്റുകളായ ഭാര്യയും ഭർത്താവും അടങ്ങുന്ന ഒരു കുടുംബവും താമസിക്കുന്നത്. മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇവർ എന്നാൽ സ്വന്തമായി ഒരു വീട് വാങ്ങാനായി ബുദ്ധിമുട്ടുന്നുവെന്നാണ് മുത്തുകൃഷ്ണൻ പറയുന്നത്.

'മുപ്പതുകളുടെ അവസാനത്തിലുള ഒരു ഭാര്യയും ഭർത്താവുമാണവർ. രണ്ട് കുട്ടികളുണ്ട് അവർക്ക്. സ്വന്തമായി ക്ലിനിക്കുള്ള ഇരുവരും അര മണിക്കൂർ ഫിസിയോതെറാപ്പി സെഷനുകൾക്ക് മേടിക്കുക 500 രൂപയാണ്. ഭർത്താവ് മുഴുവൻ സമയവും ജോലി ചെയ്യുമ്പോൾ ഭാര്യ കാലത്ത് ജോലി ചെയ്ത് ശേഷം കുട്ടികളുടെ കാര്യമെല്ലാം നോക്കുന്നു. മാസം ലക്ഷങ്ങളാണ് ഇവർ സമ്പാദിക്കുന്നത്. ക്ലിനിക്കിലെ വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം വാണിജ്യനിരക്കിലാണ് ഇവർക്ക് അടയ്‌ക്കേണ്ടിവരുന്നത്. ഇഎംഐ പോലുള്ള ലോൺ അടവുകൾ എല്ലാം കിഴിച്ചാലും മാസം ഒന്നര ലക്ഷം രൂപ ഇവർ മിച്ചമുണ്ടാക്കുന്നുണ്ട്. എന്നിട്ടും ഇവർക്ക് ചെന്നൈയിൽ ഒരു വീട് വെക്കാൻ സാധിക്കുന്നില്ല. നോക്കൂ, ഇന്നത്തെകാലത്ത് വീട് എന്നത് എല്ലാവർക്കും ഒരു സ്വപ്നം മാത്രമായി തന്നെ നിലനിൽക്കുകയാണ്'; മുത്തുകൃഷ്ണൻ എക്‌സിൽ എഴുതിയ പോസ്റ്റിൽ പറയുന്നു.

ട്വീറ്റിന് മറുപടിയായി നിരവധി അനുകൂല റീട്വീറ്റുകളാണ് വരുന്നത്. ഉയർന്ന ശമ്പളം മേടിക്കുന്ന ഒരു കുടുംബത്തിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സാധാരണക്കാർക്ക് ഈ നാട്ടിൽ എങ്ങനെ ജീവിക്കാനാകും എന്നതാണ് ഭൂരിഭാഗം നെറ്റിസൺസും പോസ്റ്റിന് മറുപടിയായി ചോദിക്കുന്നത്. ശമ്പളവും ജീവിതച്ചിലവും തമ്മിലുള്ള അന്തരം വലിയ രീതിയിൽ വർധിക്കുന്ന കാലഘട്ടമാണിത്. എത്ര പണിയെടുത്താലും എത്രതന്നെ പണം സമ്പാദിച്ചാലും അവയെല്ലാം ജീവിതച്ചിലവിന് പോലും തികയാത്ത കാലഘട്ടവും. ഈ അവസ്ഥയിൽ എങ്ങനെ ഈ നാട്ടിൽ ജീവിക്കുമെന്ന് ചിലർ ചോദിക്കുന്നു. ചെന്നൈ പോലുളള മെട്രോ സിറ്റിയുടെ അവസ്ഥ പരിതാപകരമാണെന്നും ഇക്കാലത്ത് ആർക്കും നല്ലപോലെ ജീവിക്കാൻ സാധിക്കില്ലെന്നും ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ കൃത്യമായ സാമ്പത്തിക പ്ലാനിങ് ഇല്ലാത്തതിൻ്റെ കുഴപ്പമാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. പോസ്റ്റിൽ പറഞ്ഞ കുടുംബത്തേക്കാളും കുറഞ്ഞ ശമ്പളം ഉള്ളവർ പോലും നല്ല രീതിയിൽ ജീവിക്കുന്നുണ്ടെന്ന് ഇവർ വാദിക്കുന്നു. ഇത്തരത്തിൽ പൈസ ഉണ്ടാക്കാനായി പല പല ജോലികൾ ചെയ്യേണ്ടിവരുന്നുവെന്നും എന്നാൽപ്പോലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകില്ലെന്നും ചിലർ പറയുന്നു. എന്തുതന്നെയായാലും ഇന്നത്തെ കാലത്ത് റിയൽ എസ്റ്റേറ്റ് മേഖല ആർക്ക് എങ്ങനെ പ്രാപ്യമാകും എന്നതിൽ ഒരു വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ പോസ്റ്റ്.

Content Highlights: Housing crisis is so strong that person earning lakhs cant even buy a home

dot image
To advertise here,contact us
dot image