ശവമഞ്ചത്തിന് അരികിൽ നിന്ന് മാറാതെ 'ഗോവ'; 'തെരുവിൽ നിന്നെത്തിയ ഇവൻ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ

രത്തൻ ടാറ്റയുമായുണ്ടായിരുന്ന വൈകാരികമായ അടുപ്പത്തിൻ്റെ ആഴം അന്തിമോപചാര ചടങ്ങിൽ 'ഗോവ' മറയില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്

dot image

പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിടനൽകിയത്. രത്തൻ ടാറ്റയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് അണിനിരന്നത്. എന്നാൽ രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൻ്റെ (എൻസിപിഎ) വിശാലമായ പുൽത്തകിടിയിൽ എത്തിച്ചേർന്നവരെയെല്ലാം അതിശയിച്ചിപ്പിച്ചൊരു കാഴ്ചയുണ്ടായിരുന്നു. ഇപ്പോൾ ആ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാണ്.

രത്തൻ ടാറ്റയുടെ അന്ത്യയാത്രയിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിൻ്റെ ശവമഞ്ചത്തിന് സമീപത്ത് നിന്നും മാറാതെ നിലയുറപ്പിച്ച വളർത്തുനായയാണ് എല്ലാവരേയും ആശ്ചര്യപ്പെടുത്തിയത്. 'ഗോവ'യെന്ന് വിളിപ്പേരുള്ള രത്തൻ ടാറ്റയുടെ ആ വളർത്തുനായ തൻ്റെ യജമാനൻ്റെ ശവമഞ്ചത്തിന് സമീപത്ത് നിന്നും മാറാതെ നിലയുറപ്പിക്കുകയായിരുന്നു. നിർത്താതെ വാലാട്ടിക്കൊണ്ടായിരുന്നു ആ നായ തൻ്റെ യജമാനന് അന്തിമോപചാരം അർപ്പിച്ചത്. വളരെ വൈകാരികമായ ഈ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രമുഖനായിരുന്ന ബിസിനസുകാരൻ്റെ ശവമഞ്ചത്തിന് സമീപം പ്രധാനവ്യക്തിത്വങ്ങൾ അന്തിമോപാചാരം അർപ്പിക്കാനെത്തുന്ന ചടങ്ങിൽ 'ഗോവ'യ്ക്കും ഇടംകിട്ടിയെന്നത് തന്നെ ഇരുവർക്കുമിടയിലെ വൈകാരിക ബന്ധത്തിൻ്റെ തെളിവാകുന്നുണ്ട്. രത്തൻ ടാറ്റയുമായുണ്ടായിരുന്ന വൈകാരികമായ അടുപ്പത്തിൻ്റെ ആഴം അന്തിമോപചാര ചടങ്ങിൽ 'ഗോവ' മറയില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ 'ഗോവ'യെന്ന പേരിന് പിന്നിലെ കഥകളും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. 'ഗോവ'യെന്ന നായ രത്തൻ ടാറ്റയുടെ ജീവിതത്തിലേയ്ക്ക് വന്നതിന് പിന്നിൽ ഒരു പിന്നാമ്പുറക്കഥയുണ്ട്. അത് രത്തൻ ടാറ്റയുടെ ചില രീതികളെയും ജീവിതമൂല്യങ്ങളെയുമെല്ലാം പ്രതിനിധീകരിക്കുന്ന കഥയാണ്. വർഷങ്ങൾക്ക് മുമ്പ് ഗോവയിലേയ്ക്ക് നടത്തിയൊരു യാത്രയിലാണ് രത്തൻ ടാറ്റ ഈ നായയെ കണ്ട് മുട്ടുന്നത്. യാത്രക്കിടെ തന്നെ നിർത്താതെ പിന്തുടരാൻ തുടങ്ങിയ തെരുവ് നായ രത്തൻ ടാറ്റയുടെ കണ്ണിലുടക്കി. ജീവിതത്തിലുടനീളം വിശ്വാസ്യത പ്രകടിപ്പിക്കുന്നവനായി ഈ നായ മാറുമെന്ന് കുറച്ച് സമയം അവനെ നിരീക്ഷിച്ച രത്തൻ ടാറ്റയ്ക്ക് തോന്നിയിട്ടുണ്ടാവും. എന്തുതന്നെയായാലും സവിശേഷമായ ദയാവായ്പോടെ ആ നായയെ മുംബൈയിലേയ്ക്ക് ഒപ്പം കൂട്ടാൻ രത്തൻ ടാറ്റ തീരുമാനിച്ചു. ബോംബെയിലെത്തിച്ച അവന് 'ഗോവ' എന്ന് പേരിടുകയും ടാറ്റ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ അഭയം നൽകുകയുമായിരുന്നു. കഴിഞ്ഞ പതിനൊന്ന് വർഷമായി 'ഗോവ' രത്തൻ ടാറ്റയുടെ ജീവിതത്തിൽ ഒപ്പമുണ്ട്. 'ഗോവ'യ്ക്കും തൻ്റെ വളർത്തുനായകൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പലവട്ടം രത്തൻ ടാറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

വളർത്തുനായകളോടുള്ള രത്തൻ ടാറ്റയുടെ അതിവൈകാരികമായ അടുപ്പം പ്രസിദ്ധമാണ്. രത്തൻ ടാറ്റയുടെ സുഹൃത്തും വ്യവസായിയുമായ സുഹേൽ സേത്തിനെ ഉദ്ധരിച്ച് ഇത് ദേശീയ മാധ്യമങ്ങൾ പങ്കുവെച്ചിട്ടുമുണ്ട്. 2018ൽ ബ്രിട്ടീഷ് രാജകുടുംബം രത്തൻ ടാറ്റയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകാൻ തീരുമാനിച്ചു. വളരെ അഭിമാനകരമായ ഒരു ബഹുമതിയായാണ് അത് കണക്കാക്കുന്നത്. രത്തൻ ടാറ്റ നടത്തുന്ന മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ചാൾസ് മൂന്നാമൻ രാജാവ് ഈ ബഹുമതി നൽകാനും ആ ചടങ്ങ് ഗംഭീരമായി നടത്താനും തീരുമാനിക്കുന്നത്. എന്നാൽ ഈ ചടങ്ങിന് രത്തൻ ടാറ്റ എത്തിയില്ല. ലണ്ടനിൽ കാത്തിരുന്ന സുഹൃത്ത് സുഹേൽ സേത്തിനെ വിളിച്ച് ചടങ്ങിനെത്താൻ കഴിയാത്തതിൻ്റെ കാരണം രത്തൻ ടാറ്റ വിശദീകരിച്ചു. ആർക്കും നിസാരമെന്ന് തോന്നിയേക്കാവുന്ന കാരണത്തിൻ്റെ പുറത്തായിരുന്നു ആ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് രത്തൻ ടാറ്റ തീരുമാനിച്ചത്. തൻ്റെ പ്രിയപ്പെട്ട വളർത്തുനായകളിൽ ഒന്നിന് ബാധിച്ച മാരകരോഗമാണ് ഈ യാത്രയിൽ നിന്നും രത്തനെ തടഞ്ഞത്. 'പ്രിയനായകളിൽ ഒന്നിന് മാരകമായ അസുഖം ബാധിച്ചിരിക്കുന്നു. അവനെ ഉപേക്ഷിച്ച് എനിക്ക് ചടങ്ങിന് വരാൻ കഴിയില്ല', എന്നായിരുന്നു രത്തൻ ടാറ്റ സുഹൃത്തിനോട് വ്യക്തമാക്കിയത്. പിന്നീട് രത്തൻ ടാറ്റ ചടങ്ങിനെത്താത്ത കാരണം അറിഞ്ഞ ചാൾസ് രാജാവ് അദ്ദേഹത്തോട് പ്രത്യേകമായ ആരാധന പ്രകടിപ്പിച്ചെന്നും സുഹേൽ സേത്ത് അനുസ്മരിക്കുന്നു.

Content Highlights: Ratan Tata’s pet Goa meeting him for the last time

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us