ഒരു ദിവസം ബാഗില്ലാതെ സ്കൂളിലോ കോളേജിലോ പോവേണ്ടി വന്നാൽ എങ്ങനെയിരിക്കും? പുസ്തകങ്ങളും ലഞ്ച് ബോക്സുമൊക്കെ എങ്ങനെ കൊണ്ടുപോകുമല്ലേ? എന്നാൽ അതിനുള്ള ഉത്തരമാണ് ഐഎംടി ഹൈദരാബാദിലെ കുട്ടികൾ കാണിച്ചു തരുന്നത്. ഹൈദരാബാദ് ഇൻസിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ടെക്‌നോളജിയിലെ (ഐഎംടി) വിദ്യാർത്ഥികളുടെ 'നോ ബാഗ് ഡേ' ആഘോഷത്തിൻ്റെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഖുഷി തക്കർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ ക്ലാസ്സ് മുറിയിലൂടെ റാമ്പ് വാക്ക് നടത്തുന്ന കുട്ടികളെ കാണാനാകും. ഓരോരുത്തരും പുസ്തകങ്ങൾ കൊണ്ടു വരാൻ പല വ്യത്യസ്തവും രസകരവുമായ മാർഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്യൂട്ട്കേസുമായിയാണ് ആദ്യത്തെ വിദ്യാർത്ഥി എത്തുന്നത്. സ്യൂട്ട്കേസ് തുറക്കുമ്പോൾ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നതായി കാണാൻ സാധിക്കും. മറ്റൊരാൾ നോട്ട്ബുക്ക് തുണിയിടുന്ന ഹാങറിലാണ് കൊണ്ടുവരുന്നത്. മറ്റൊരു വിദ്യാർത്ഥി ഒരു മെത്തയിൽ അവരുടെ പഠന സാമഗ്രികൾ കൊണ്ടുനടന്നതായും കാണാം. അതേസമയം മറ്റൊറാൾ തിരഞ്ഞെടുത്തത് പാൽ പാത്രമായിരുന്നു. ഇതിന് പകരമായി ചിലർ വടിയും വസ്ത്രവുമെല്ലാം ഉപയോഗിച്ചതായി കാണാം.