കാപ്പിപ്പൊടികൊണ്ട് അഞ്ച് ഫേസ്പാക്കുകള്‍..അഞ്ചിനും വ്യത്യസ്ത 'എഫക്ട്'

കാപ്പിപ്പൊടിക്ക് സൗന്ദര്യ സംരക്ഷണത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. കാപ്പിപ്പൊടികൊണ്ട് തയ്യാറാക്കാവുന്ന 5 തരം ഫേസ്പാക്കുകൾ പരിചയപ്പെടാം

സബിത സാവരിയ
3 min read|14 Oct 2024, 12:49 pm
dot image

കാപ്പി പലരീതിയില്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കാറുണ്ട്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന
ആന്റിഓക്സിഡന്റുകളും ആന്റി-ഏജിംഗ് ഗുണങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ഉപരിതലം മൃദുലമാക്കുന്നതിനും സഹായിക്കുന്നു. കോഫി ഫേസ്പാക്കുകള്‍ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ വീക്കം കുറയ്ക്കുകയും മുഖത്തിന് കൂടുതല്‍ തിളക്കം നല്‍കുകയും ചെയ്യുന്നു.

കാപ്പിപ്പൊടിയും തേനും ചേരുമ്പോള്‍

കോഫിയും തേനും ചേര്‍ന്ന മാസ്‌ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിനും ചുളിവുകള്‍, വരള്‍ച്ച, കറുത്ത പാടുകള്‍ തുടങ്ങിയവ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ചെറിയ പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക.
മുഖത്ത് മുഴുവന്‍ ഈ പേസ്റ്റ് പുരട്ടി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ശേഷം
മാസ്‌ക് 20 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കാപ്പിപ്പൊടിയും പാലും ചേര്‍ന്നാല്‍

കാപ്പിയും പാലും ചേരുമ്പോഴുള്ള ഫെയ്‌സ് മാസ്‌കിന് ഗുണങ്ങള്‍ നിരവധിയാണ്. ചര്‍മ്മത്തിന്റെ എല്ലാ ഭാഗവും ഒരേ നിറത്തിലാവുന്നതിന് (even skin tone) കോഫിയും പാലും ചേര്‍ന്ന മിശ്രിതമാണ് ഏറ്റവും ലളിതവും ഫലപ്രദവുമായ പരിഹാരം. മുഖത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇതിന് കഴിയും. ഈ മാസ്‌ക് തയ്യാറാക്കാന്‍, ഒന്നോ രണ്ടോ ടീസ്പൂണ്‍ പാലിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ നാടന്‍ കാപ്പിപ്പൊടി എടുക്കുക. രണ്ടും നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്ത് പുരട്ടുക. ഇത് നിങ്ങളുടെ മുഖത്ത് 10-15 മിനിറ്റ് ഇരിക്കാന്‍ അനുവദിച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

കാപ്പിപ്പൊടിക്കൊപ്പം മഞ്ഞളും തൈരും

ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്‍കുന്ന ഒരു ഫേസ്പാക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്. മഞ്ഞളില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിനെ ഉര്‍ജ്ജസ്വലമാക്കുന്നതിനൊപ്പം കറുത്ത പാടുകള്‍ മാറ്റാനും സഹായിക്കുന്നു. ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡുകള്‍ അടങ്ങിയ തൈര് മുഖത്തെ എണ്ണമയം കുറയ്ക്കുകയും, കരുവാളിപ്പ് നീക്കുകയും ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്‍കുകയും ചെയ്യുന്നു.

ഈ പായ്ക്ക് തയ്യാറാക്കാന്‍, ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ മിക്‌സ് ചെയ്യുക. നന്നായി ഇളക്കി കട്ടയില്ലാത്ത മിശ്രിതം ഉണ്ടാക്കിയ ശേഷം മുഖത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കാം .മൃദുവായി മസാജ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിയാല്‍ കൂടുതല്‍ നിറവും തിളക്കവുമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തം.

കാപ്പിപ്പൊടിയും നാരങ്ങാനീരും

ഉന്മേഷമില്ലാത്ത (freshness ) നിര്‍ജ്ജീവമായ ചര്‍മ്മത്തിനുടമയാണ് നിങ്ങളെങ്കില്‍ ഈ കോമ്പിനേഷന്‍ നിങ്ങള്‍ക്ക് ഇഷ്ടമാവും .കാപ്പിയും നാരങ്ങയും ചേര്‍ന്ന ഫേസ്പാക്ക് , ടാന്‍ നീക്കം ചെയ്യുന്നതിനൊപ്പം ചര്‍മ്മത്തിന് കൂടുതല്‍ ഉണര്‍വ്വും തിളക്കവും പ്രദാനം ചെയ്യുന്നു . മൃതകോശങ്ങള്‍ (dead cells ) നീക്കം ചെയ്യുകയും പുതിയ ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘനേരം നിലനില്‍ക്കുന്ന തിളക്കവും ലഭിക്കും .ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടി. 15 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക.തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.

കാപ്പിപ്പൊടിക്കൊപ്പം ചേര്‍ക്കാം കറ്റാര്‍ വാഴ (Aloe Vera)

മുഖക്കുരുവും പാടുകളും അകറ്റാന്‍ സഹായിക്കുന്നത് കൊണ്ട് എണ്ണമയമുള്ള ചര്‍മ്മത്തിന് അനുയോജ്യമായ ഒരു ഫേസ്പാക്കാണിത് . കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു . കാപ്പിപ്പൊടിയിലെ കഫീന്‍ കറുത്ത പാടുകള്‍, കരുവാളിപ്പ് (sun tan)എന്നിവ കുറയ്ക്കുന്നതിന് പുറമെ പിഗ്മെന്റേഷനെ ലഘൂകരിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും ഇറുക്കമുള്ളതുമാക്കുന്നു. അതുകൊണ്ടാണ് പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരേ പോലെ ഈ പാക്ക് ഇഷ്ടമാവുന്നത്.

രണ്ട് ടേബിള്‍സ്പൂണ്‍ നാടന്‍ കാപ്പിപ്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും നന്നായി കലര്‍ത്തി മുഖത്ത് പുരട്ടി15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us