ചെറിയ കൂട്ടുകാർക്കായി ശ്രേയയുടെ വര; എൻസിഇആർടി പുസ്തകത്തിൽ ഇടംനേടി പത്താംക്ലാസുകാരി വരച്ച ചിത്രങ്ങൾ

പിതാവ് രതീഷിനെ തേടിവന്ന അവസരമാണ് അപ്രതീക്ഷിതമായി ശ്രേയയിലേയ്ക്ക് എത്തിയത്

dot image

കേരളത്തിലെ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള എൻസിഇആർടി പാഠപുസ്തകത്തിൽ ഇടംനേടി പത്താംക്ലാസുകാരി വരച്ച ചിത്രങ്ങൾ. ടോക് എച്ച് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൊച്ചി സ്വദേശി ശ്രേയ രതീഷിൻ്റെ ചിത്രങ്ങളാണ് പാഠപുസ്തകത്തിൽ ഇടംനേടിയത്. ശ്രേയയുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന പാഠപുസ്തകം അടുത്ത അധ്യയന വർഷം പ്രസിദ്ധീകരിക്കും. പൂക്കൾ, തെളിഞ്ഞ നീലാകാശം, ചെറിയ കുട്ടികൾ, ആട്ടിൻകുട്ടി, മുയലുകൾ, ചിത്രശലഭങ്ങൾ തുടങ്ങിയ ശ്രേയ വരച്ച ചിത്രങ്ങളാണ് പാഠപുസ്തകത്തിൽ ഇടംപിടിക്കുക. പ്രശസ്ത കാരിക്കേച്ചറിസ്റ്റ് രതീഷ് രവിയുടെയും ചിത്രകാരി ഐശ്വര്യയുടെയും മകളാണ് ശ്രേയ.

പിതാവ് രതീഷിനെ തേടിവന്ന അവസരമാണ് അപ്രതീക്ഷിതമായി ശ്രേയയിലേയ്ക്ക് എത്തിയത്. പ്രമുഖ പുസ്തക പ്രസിദ്ധീകരണ കമ്പനിയായ പാസ്‌വേഡ്, പുസ്തകത്തിലെ ചിത്രീകരണത്തിനായി രതീഷിനെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല രതീഷ്. മറ്റു ജോലികളുടെ തിരക്ക് മൂലം രതീഷ് ഇവരുടെ വാഗ്ദാനം നിരസിച്ചു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരുടെ ശ്രദ്ധ ശ്രേയയുടെ ചിത്രങ്ങളിൽ പതിഞ്ഞത്.

പതിവായി വരയ്ക്കുന്ന ആളാണ് ശ്രേയ. ടാബ്‌ലെറ്റിൽ ഡിജിറ്റലായി വരച്ച പരിചയവും ശ്രേയയ്ക്കുണ്ട്. പ്രൊജക്ടിനെ കുറിച്ച് അറിയിച്ചപ്പോൾ ശ്രേയയ്ക്കും വരയ്ക്കാൻ താൽപ്പര്യമായിരുന്നു. കഴിഞ്ഞ വേനൽ അവധിക്കാലത്തായിരുന്നു പുസ്തകത്തിന് ആവശ്യമുള്ള ചിത്രങ്ങൾ ശ്രേയ വരച്ചത്. സഹോദരി വർഷയുടെ സഹായവും ശ്രേയയ്ക്കുണ്ടായിരുന്നു.

കാർട്ടൂൺ ആനിമേഷൻ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ശ്രേയ, ജൂനിയേഴ്സ് അടുത്തവർഷം താൻ വരച്ച ചിത്രങ്ങളുള്ള പുസ്തകങ്ങൾ പഠിക്കുന്നത് കാണാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്.

Content Highlights: The vibrant illustrations by Shreya Ratheesh finds way into NCERT textbook

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us