ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് നിരവധി പ്രമുഖരാണ് അനുസ്മരിച്ചത്. എന്നാൽ വ്യത്യസ്തമായൊരു ഓർമ്മ പങ്കിട്ട് രംഗത്ത് വന്നിരിക്കുകയാണ് വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് ചെയര്‍പേഴ്‌സണ്‍ നീരാ റാഡിയ. ദക്ഷിണ മുംബൈയിലെ തെരുവുനായകള്‍ക്ക് കൂടിയാണ് രത്തൻ ടാറ്റയുടെ വിയോഗം മൂലം നഷ്ടമുണ്ടായിരിക്കുന്നതെന്നാണ് നീര റാഡിയ അഭിപ്രായപ്പെടുന്നത്. മനുഷ്യസ്നേഹിയായ ഒരു വ്യവസായി എന്നതിലുപരി കരുണാർദ്രനായ മൃഗ സ്‌നേഹി കൂടിയായിരുന്നു രത്തന്‍ ടാറ്റ. തെരുവ് നായ്കളുടെ സംരക്ഷണത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയ രത്തൻ ടാറ്റയുടെ തെരുവ് നായ്കളോടുള്ള സ്‌നേഹത്തെകുറിച്ചാണ് നീരാ റാഡിയ ഓർമ്മിക്കുന്നത്.
'ബോംബയിലെ ഗസ്റ്റ് ഹൗസില്‍ ഞാന്‍ താമസിച്ചു കൊണ്ടിരുന്ന കാലത്ത് ഞങ്ങള്‍ പരിപാലിക്കുന്ന തെരുവ് നായ്ക്കളും ഒപ്പം ഉണ്ടായിരുന്നു. ആ കാലത്ത് എന്നോട് രത്തന്‍ ചോദിച്ചു തന്റെ നായയെ നോക്കാമോയെന്ന്. നായക്കുള്ള ഭക്ഷണം രത്തന്റെ ഡ്രൈവര്‍ എത്തിക്കുമായിരുന്നു. പിന്നീട് ഞങ്ങളും ഭക്ഷണം കൊടുത്തു തുടങ്ങി. ജാക്കി എന്നായിരുന്നു ആ നായയുട പേര്. ആരോഗ്യവതിയായ നായയെ ഒരിക്കല്‍ ഞങ്ങള്‍ മറൈന്‍ഡ്രവില്‍ നടക്കാന്‍ കൊണ്ടുപോയി. ആ സമയത്ത് ഞങ്ങളുടെ കൈയില്‍ നിന്ന് ജാക്കി ഓടി പോയി ആ സംഭവം നല്ലൊരു തമാശയായിരുന്നു കാരണം ഫോര്‍മലും ടൈയും ധരിച്ച നാലോ അഞ്ചോ പിആര്‍ പ്രൊഫഷണലുകള്‍ മറൈന്‍ ഡ്രൈവില്‍ നായയെ തേടി ഓടുന്നത് കാഴ്ചക്കാർക്കെല്ലാം പുതുമനിറഞ്ഞ അനുഭവമായിരുന്നു. അവസാനം ഞങ്ങല്‍ ജാക്കിയെ കണ്ടെത്തി'- നീരാ റാഡിയ പറഞ്ഞു.
കൊളോണിയല്‍ കാലഘട്ടത്തിൻ്റെ പ്രൗഢിയുള്ള രത്തന്‍ ടാറ്റയുടെ മുംബൈയിലുള്ള കെട്ടിടത്തിൻ്റെ പ്രവേശന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തെരുവ് നായകള്‍ അശ്രദ്ധമായി നടക്കുന്നത് പതിവു കാഴ്ചയായിരുന്നു. തെരുവുനായകളെ അകത്തേക്ക് കടത്തിവിടാനും സ്വതന്ത്രമായി പുറത്തേക്ക് പോകാനും അനുവദിക്കണമെന്നും ജീവനക്കാര്‍ക്ക് രത്തൻ ടാറ്റ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഒരിക്കല്‍ ബോംബെ ഹൗസിന് വെളിയില്‍ ഒരു തെരുവ് നായ കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്നതു കണ്ടതോടെയാണ്, കെട്ടിട വളപ്പിനുള്ളിലേക്ക് തെരുവുനായ്കളുടെ പ്രവേശനം തടയരുതെന്ന് രത്തൻ ടാറ്റ നിർദ്ദേശിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ബോംബെ ഹൗസ് നവീകരിച്ചപ്പോള്‍, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നായക്കൂട് തന്നെ പണിതു. മികച്ച സൗകര്യങ്ങളുള്ള ആ വലിയ മുറിയില്‍ നിരവധി നായകളാണ് കഴിഞ്ഞത്.
ഏതാനും നായകള്‍ ബോംബെ ഹൗസിലെ സ്ഥിരവാസികളാണ്. ആദ്യമായി എത്തുന്നവരെ കുളിപ്പിക്കാനായി ഒരു പരിചാരകനെയും ഇവിടെ നിയമിച്ചിട്ടുണ്ട്. അവയ്ക്ക് ഉറങ്ങാന്‍ ബങ്ക് ബെഡും ഒരുക്കിയിട്ടുണ്ട്. മുറിയില്‍ കാറ്റും വെളിച്ചവും കടക്കാന്‍ വലിയ വാതിലുകളും ജനാലകളുമുണ്ട്. സ്ഥിരവാസികളെക്കൂടാതെ, സന്ദര്‍ശകരായി എത്തുന്ന നായകള്‍ക്കും തുല്യ പരിഗണനയും പരിചരണവും ഇവിടെ ലഭിക്കുന്നു.
രത്തന്‍ ടാറ്റയുടെ അന്ത്യയാത്രയില്‍ ശവമഞ്ചത്തിന് സമീപത്ത് നിന്നും മാറാതെ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ വളര്‍ത്തുനായ 'ഗോവ'യുടെ വൈകാരിക പ്രകടനം എല്ലാവരയും ആശ്ചര്യപ്പെടുത്തിയിരുന്നു. തന്റെ യജമാനന്റെ ശവമഞ്ചത്തിന് സമീപത്ത് നിന്നും മാറാതെ നിലയുറപ്പിക്കുകയായിരുന്നു ഗോവ. നിര്‍ത്താതെ വാലാട്ടിക്കൊണ്ടായിരുന്നു ആ നായ തന്റെ യജമാനന് അന്തിമോപചാരം അര്‍പ്പിച്ചത്. വളരെ വൈകാരികമായ ഈ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
#WATCH | Visuals of Ratan Tata's dog, Goa outside NCPA lawns, in Mumbai where the mortal remains of Ratan Tata were kept for the public to pay their last respects. pic.twitter.com/eVpxssjpLa
— ANI (@ANI) October 10, 2024
വർഷങ്ങൾക്ക് മുമ്പ് ഗോവയിലേയ്ക്ക് നടത്തിയൊരു യാത്രയിലാണ് രത്തൻ ടാറ്റ ഈ നായയെ കണ്ട് മുട്ടുന്നത്. യാത്രക്കിടെ തന്നെ നിർത്താതെ പിന്തുടരാൻ തുടങ്ങിയ തെരുവ് നായ രത്തൻ ടാറ്റയുടെ കണ്ണിലുടക്കി. ജീവിതത്തിലുടനീളം വിശ്വാസ്യത പ്രകടിപ്പിക്കുന്നവനായി ഈ നായ മാറുമെന്ന് കുറച്ച് സമയം അവനെ നിരീക്ഷിച്ച രത്തൻ ടാറ്റയ്ക്ക് തോന്നിയിട്ടുണ്ടാവും. എന്തുതന്നെയായാലും സവിശേഷമായ ദയാവായ്പോടെ ആ നായയെ മുംബൈയിലേയ്ക്ക് ഒപ്പം കൂട്ടാൻ രത്തൻ ടാറ്റ തീരുമാനിച്ചു. ബോംബെയിലെത്തിച്ച അവന് 'ഗോവ' എന്ന് പേരിടുകയും ടാറ്റ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിൽ അഭയം നൽകുകയുമായിരുന്നു. പിന്നീട് ഗോവ രത്തൻ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ടവനായി മാറി.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്, സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രിയും നിർമ്മിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് തൻ്റെ ദീര്‍ഘകാല സഹായിയായ ശന്തനു നായിഡുവുമായി അടുക്കാൻ രത്തൻ ടാറ്റയെ സഹായിച്ചത്. തെരുവുനായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഫ്ലക്ടറുകളുള്ള ഡോഗ് കോളറിനെ കുറിച്ച് ടാറ്റയ്ക്ക് കത്തെഴുതിയതോടെയാണ് പൂനെ സ്വദേശിയായ നായിഡു രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവനായത്.
CONTENT HIGHLIGHTS:Niira Radia Recounts When Ratan Tata's Dog Went Missing On Marine Drive