രാജസ്ഥാൻ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. വലിപ്പത്തിനനുസരിച്ച് തന്നെ അത്രയേറെ സംസ്കാരങ്ങളും പൈതൃകങ്ങളും നിറഞ്ഞൊരു നാട്. അവിടെ നക്ഷത്രാലംകൃതമായ ആകാശത്തിന് താഴെ, മനോഹരമായ രാജസ്ഥാനി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടകങ്ങളുടെയോ രാജകീയമായ കൊട്ടാരങ്ങടെയോ നടുവിൽ ഒരു കല്യാണം. കേൾക്കുമ്പോൾ തന്നെ കല്യാണം രാജസ്ഥാനിൽ നടത്തിയേക്കാം എന്ന് തോന്നുന്നുണ്ടല്ലേ. അതെ ഡെസ്റ്റിനേഷൻ വെഡിങ്ങുകളുടെ ഈ കാലത്ത് നിങ്ങൾക്ക് ഒരു റോയൽ കല്യാണമാണ് വേണ്ടതെങ്കിൽ നേരെ രാജസ്ഥാനിലേക്ക് വിട്ടോളു.
രാജസ്ഥാനിലെ ഓരോ നഗരങ്ങൾക്കും ഓരോ അനുഭവങ്ങളാണ് പങ്കുവെക്കാനുള്ളത്. അതുകൊണ്ട് തന്നെയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്ക് രാജസ്ഥാൻ ഒരു അനുയോജ്യ ഇടമാകുന്നത്. വിവാഹം എന്നതിനപ്പുറം പുതിയൊരു സംസ്കാരത്തെയും സ്ഥലത്തെയും തിരിച്ചറിയുക കൂടിയാവും ഈ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ നിങ്ങൾക്ക് അനുയോജ്യമായ സ്റ്റൈലിനൊത്ത് വിവാഹം എങ്ങനെ പ്ലാൻ ചെയ്യണം എവിടെ ചെയ്യണമെന്നാണ് സംശയമുണ്ടെങ്കിൽ ദാ കേട്ടോളു.
പിങ്ക് സിറ്റി എന്ന് അറിയപെടുന്ന രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പ്പൂരാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലെ പ്രധാന താരങ്ങളിൽ ഒന്ന്. നഗരത്തിലെ പിങ്ക് നിറത്തിലെ കെട്ടിടങ്ങൾ തന്നെ ഒരു റൊമാന്റിക് ടച്ച് തരുന്നു. ഒന്നുകിൽ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളും വലിയ മുറ്റങ്ങളുമുള്ള സിറ്റി പാലസോ അമീർ ഫോർട്ടോ തിരഞ്ഞെടുക്കാം. വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന ഒരു ഇൻ്റിമേറ്റ് വെഡ്ഡിങ്ങിനാണ് നോക്കുന്നതെങ്കിൽ സമോഡ് പാലസ് തിരഞ്ഞെടുക്കാം.
ഉദയ്പൂരാണ് രാജസ്ഥാനിൽ തിരഞ്ഞെടുക്കാവുന്ന രണ്ടാമത്തെ ഓപ്ഷൻ. തടാകങ്ങളുടെ നഗരമാണ് ഉദയ്പൂർ. ശാന്തമായ തടാകങ്ങളും അതിമനോഹരമായ മാർബിൾ കൊട്ടാരങ്ങളുമുള്ള ഉദയ്‌പൂരിന്റെ ഭംഗി വാക്കുകളിൽ ഒതുക്കാനാകില്ല. ബോളിവുഡ് ചിത്രമായ യേഹ് ജവാനി ഹേയ് ദിവാനിയിലെ പ്രധാന കഥാപാത്രമായ അദിതിയുടെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ചിത്രീകരിച്ച ലൊക്കേഷൻ ഉദയ്പൂരാണ്. ഭംഗിയുള്ള സൂര്യാസ്തമയങ്ങളും രാജകീയമായ കെട്ടിടങ്ങളുമുള്ള ഉദയ്‌പൂരിന്റെ ഭംഗി ഈ സിനിമ ആവോളം ദൃശ്യവത്കരിച്ചിട്ടുണ്ട്.
ഇനി നീല ചായം പൂശിയ വീടുകളുള്ള ശാന്തമായ ഒരിടത്ത് ഗംഭീരവും സാഹസികവുമായ വിവാഹാനുഭവമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ജോധ്പൂരിൽ വിവാഹം പ്ലാൻ ചെയ്തോളു. ഇനി അതുമല്ലെങ്കിൽ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലുള്ള ജയ്‌സാൽമീർ തിരഞ്ഞെടുക്കാം. നഗരങ്ങളിൽ നിന്ന് മാറി മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷിയായി ആശീർവാദളും വാഗ്ദാനങ്ങളും കൈമാറേണ്ട ഒരു വിവാഹമാണെങ്കിൽ, ജയ്‌സൽമീർ കണ്ണും പൂട്ടി തിരഞ്ഞെടുത്തോളു. വിവാഹങ്ങൾക്ക് മാത്രമല്ല രാജസ്ഥാൻ തിരഞ്ഞെടുക്കാൻ പറ്റുക. നല്ലൊരു യാത്രക്കും അതേ സമയം റൊമാന്റിക്കായ മധുവിധു ആഘോഷിക്കാനും രാജസ്ഥാൻ മികച്ച ഒരു ഓപ്ഷനാണ്.
Content Higlight- Destination wedding at Rajasthan