ബ്രിട്ടനിലെ ഇന്ത്യൻ വംശജർ പൊളിയാണ്; തദ്ദേശീയർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെക്കാളും വിജയിച്ചവരെന്ന് റിപ്പോർട്ട്

'ആധുനിക ബ്രിട്ടനിലെ ഏറ്റവും വിജയകരമായ വിഭാഗങ്ങളിലൊന്ന്' എന്ന വിശേഷണവും റിപ്പോർട്ട് ഇന്ത്യൻ വംശജർക്ക് നൽകിയിട്ടുണ്ട്

dot image

ബ്രിട്ടനിലെ ഏറ്റവും മികവുള്ള സമൂഹമെന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യക്കാ‍‍ർ. വെള്ളക്കാരായ ബ്രിട്ടീഷുകാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും മറികടന്നാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജ‍ർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശതമാനം, മണിക്കൂർ അടിസ്ഥാനപ്പെടുത്തിയുള്ള വേതന നിരക്ക്, സ്വന്തമായി വീടുകളുള്ളവരുടെ നിരക്ക്. തൊഴിലിലോ സ്വയം തൊഴിലിലോ ഉള്ളവരുടെ നിരക്ക് തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യൻ വംശജ‍ർ മുൻപന്തിയിലാണെന്നാണ് റിപ്പോ‌‍ർട്ട്. പോളിസി എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ച 'എ പോർട്രെയ്റ്റ് ഓഫ് മോഡേൺ ബ്രിട്ടൻ' എന്ന പുതിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. 'ആധുനിക ബ്രിട്ടനിലെ ഏറ്റവും വിജയകരമായ വിഭാഗങ്ങളിലൊന്ന് എന്ന വിശേഷണവും റിപ്പോർട്ട് ഇന്ത്യൻ വംശജർക്ക് നൽകിയിട്ടുണ്ട്.

വാടകയ്ക്കെടുത്ത വീടുകളിൽ താമസിക്കുന്നവരുടെ നിരക്ക് പരിശോധിച്ചാൽ അതിൽ ഏറ്റവും കുറവ് ഇന്ത്യൻ വംശജരാണ്. ബ്രിട്ടനിലെ ഇന്ത്യൻ വംശജരിൽ 71% പേർക്കും സ്വന്തമായി വീടുണ്ടെന്നാണ് റിപ്പോ‍ർ‌ട്ട്. സാമൂഹ്യ ഇടപെടലിലും ഇന്ത്യൻ വംശജരാണ് മുന്നിൽ. ബ്രിട്ടനിലെ മറ്റേത് ന്യൂനപക്ഷ വിഭാ​ഗത്തെ പരി​ഗണിച്ചാലും സ്വന്തം വിഭാ​ഗത്തിന് പുറത്ത് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ളത് ഇന്ത്യൻ വംശജ‍ർക്കാണ്. വിദ്യാഭ്യാസ നേട്ടങ്ങളിൽ ചൈനക്കാർക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ വംശജ‍‌ർ.

തൊഴിൽ മേഖലകളിൽ ഏറ്റവും കുറവ് ജോലി ചെയ്യുന്നതും ഏറ്റവും കുറവ് മണിക്കൂർ വേതനനിരക്കുള്ളതും പാകിസ്താൻ, ബംഗ്ലാദേശ് വിഭാഗങ്ങൾക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അറബ്, ബംഗ്ലാദേശി സമൂഹങ്ങൾ സാമ്പത്തികമായി നിഷ്‌ക്രിയരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വംശീയ ന്യൂനപക്ഷങ്ങളുടെ ഒരു പുതിയ ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പട്ടണങ്ങളിലെ ന്യൂനപക്ഷങ്ങളെ മിൻ്റസ് (MINTs) എന്നാണ് റിപ്പോർട്ട് വിവരിക്കുന്നത്. ബ്രിട്ടനിലെ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും മാറുന്ന വംശീയ ന്യൂനപക്ഷങ്ങളെയാണ് മിൻ്റ്സ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. 'മിൻ്റുകളുടെ ഉയർച്ചയെ നയിക്കുന്നത് കാഴ്ചപ്പാടും ആസ്തിയുള്ളതും ബിസിനസ്സ് ചിന്താഗതിയുള്ളതുമായ ബ്രിട്ടീഷ് ഇന്ത്യൻ കുടുംബങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രവിശ്യാ പട്ടണങ്ങൾ ബ്രിട്ടൻ്റെ 'തിരഞ്ഞെടുപ്പ് യുദ്ധക്കളങ്ങൾ' ആയതിനാൽ ബ്രിട്ടീഷ് ഇന്ത്യക്കാർ ഇവിടങ്ങളിൽ കൂടുതൽ നിർണ്ണായക വോട്ട് ബാങ്കുകളാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടനിലെ വെള്ളക്കാരായ ബിരുദധാരികൾ ഇടതുപക്ഷത്തേയ്ക്ക് നീങ്ങുമ്പോൾ, ഇന്ത്യൻ വംശജരിലെ ചില വിഭാഗങ്ങളിലെ ഉയർന്ന വിദ്യാഭ്യാസമുള്ളവർ വലതുപക്ഷത്തേയ്ക്ക് നീങ്ങുന്നതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കൊണ്ടുവന്ന ഹിന്ദു, സിഖ് അജണ്ടകൾ 'പ്രത്യക്ഷമായ വർഗീയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ' ഭാഗമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ബ്രിട്ടനിലുള്ള വംശീയ ന്യൂനപക്ഷങ്ങളെല്ലാം തന്നെ ബ്രിട്ടീഷുകാരായതിൽ അഭിമാനിക്കുന്നവരാണെന്നും അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ താമസിക്കുന്നതിനെക്കാൾ ബ്രിട്ടനിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുകെയുടെ നേട്ടങ്ങൾ ആഘോഷിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ബ്രിട്ടനിൽ വളർന്ന കുട്ടികളെ അതിൻ്റെ ചരിത്രത്തിൽ അഭിമാനിക്കാൻ പഠിപ്പിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlights: British Indians most successful ethnic group in uk

dot image
To advertise here,contact us
dot image