മിടുക്കുണ്ടെങ്കിൽ ഒരു തട്ടിപ്പുകാരന് താജ്മഹൽ വരെ വിൽക്കാം. വെറുതെ പറയുന്നതല്ല, നടന്ന സംഭവമാണ്. മിഥിലേഷ് കുമാർ ശ്രീവാസ്തവ എന്ന ബിഹാറുകാരൻ താജ്മഹൽ വിറ്റത് ഒരിക്കലല്ല, മൂന്നു തവണയാണ്!
സംഭവമിങ്ങനെയാണ്…..നട്‍വർലാൽ എന്ന പേരിൽ കുപ്രസിദ്ധനായ മിഥിലേഷ് കുമാർ കാര്യങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത വിദേശികൾക്കാണ് താജ്മഹൽ വിറ്റത്. ഈ സാമർത്ഥ്യം അയാളെ ലോകത്തെ ഏറ്റവും കുബുദ്ധിയുള്ള മനുഷ്യൻ എന്ന വിശേഷണത്തിനും അർഹനാക്കിയത്രെ. ഈഫൽ ടവർ രണ്ട് തവണ വിറ്റ് കുപ്രസിദ്ധനായ വിക്ടർ ലസ്റ്റിഗ് എന്ന തട്ടിപ്പുകാരന്റെ റെക്കോർഡാണ് മിഥിലേഷ് കുമാർ മറികടന്നത്.
ബിഹാറിലെ സിവാൻ ജില്ലയിൽ ഒരു റെയിൻവേ സ്റ്റേഷൻ മാസ്റ്ററുടെ മകനായാണ് മിഥിലേഷ് കുമാർ ജനിച്ചത്. കൗമാരപ്രായത്തിൽ തന്നെ പല തട്ടിപ്പുകളിലും ഇയാൾ സജീവമായി. കള്ളയൊപ്പിട്ട് പണം തട്ടുക, അയൽക്കാരനെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെയൊക്കെ ഇയാൾ വളർന്നു. സംഭവം പിതാവ് അറിഞ്ഞു. മിഥിലേഷ് കുമാറിന് പൊതിരെ തല്ല് കിട്ടി. തുടർന്ന് നാടുവിട്ട് ഇയാളെത്തിയത് കൊൽക്കത്തയിലാണ് എന്നാണ് രേഖകൾ പറയുന്നത്.
കൊമേഴ്സ് ബിരുദധാരിയായ മിഥിലേഷ് കുമാർ ക്രമേണ സ്റ്റോക്ക്മാർക്കറ്റ് ബ്രോക്കറായി. കള്ളയൊപ്പുകൾ ഉണ്ടാക്കാനുള്ള കഴിവും ബാങ്കിംഗ് നിയമങ്ങളെക്കുറിച്ചുള്ള അറിവും ആളുകളെ പറ്റിക്കാൻ ഇയാൾക്ക് സഹായകമായി. ടൂറിസ്റ്റുകളായി ഇന്ത്യയിലെത്തുന്ന വിദേശികളെ ഇയാൾ നോട്ടമിട്ടു. സർക്കാർ ഉദ്യോഗസ്ഥനായി ചമഞ്ഞ് ഇവരെ ഇയാൾ കബളിപ്പിക്കുകയായിരുന്നു പതിവെന്നാണ് രേഖകൾ പറയുന്നത്. അങ്ങനെയാണ് ചരിത്രസ്മാരകങ്ങളൊക്കെ ഇയാൾ വില്പന നടത്തിയത്. താജ്മഹൽ മൂന്ന് തവണ വില്പന നടത്തിയ ഇയാൾ ചെങ്കോട്ടയും രാജ്ഭവനും വരെ വിറ്റതായും കഥകളുണ്ട്.
ബിഹാറിൽ മാത്രം ഇയാൾക്കെതിരെ 14 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾക്ക് 113 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, സാമർത്ഥ്യം ഉപയോഗിച്ച് പലതവണ ഇയാൾ ജയിൽ ചാടി. 1996ൽ 84ാമത്തെ വയസിലാണ് ഇയാൾ ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. അന്നും ജയിലുചാടിയ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. മിഥിലേഷ് കുമാർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 1996ലാണ് ഇയാൾ മരിച്ചതെന്ന് സഹോദരൻ പറയുന്നു. എന്നാൽ, അങ്ങനെയല്ല 2009ലായിരുന്നു മരണമെന്ന് മിഥിലേഷിന്റെ അഭിഭാഷകൻ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ജന്മനാടായ സിവാനിലെ ബാംഗ്രയിൽ മിഥിലേഷ് കുമാറിനുള്ളത് താരപരിവേഷമാണ്. പാവപ്പെട്ട നിരവധി പേരെ ഇയാൾ സാമ്പത്തികമായി സഹായിച്ചിരുന്നെന്നാണ് വിവരം. മിഥിലേഷ് കുമാറിന്റെ ജീവിതകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മിസ്റ്റർ നട്‍വർലാൽ എന്നൊരു സിനിമയും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.