പ്രസവാവധിക്ക് പിന്നാലെ വീണ്ടും ഗർഭിണി; ബ്രിട്ടനിൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഒടുവിൽ നഷ്ടപരിഹാരം

യുവതിയ്ക്ക് യുകെയിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ 28,706 പൗണ്ട് നഷ്ടപരിഹാരം നല്‍കാൻ വിധിക്കുകയായിരുന്നു

dot image

പ്രസവാവധി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി വീണ്ടും ഗർഭിണിയായതിന് പിന്നാലെ ജോലി നഷ്ടമായി. ബ്രിട്ടനിൽ നടന്ന ഈ സംഭവം മെട്രോ പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോണ്ടിപ്രിഡിലെ ഫസ്റ്റ്‌ഗ്രേഡ് പ്രോജക്ടിലെ അഡ്മിന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന നികിത ട്വിച്ചിന്‍ എന്ന യുവതിയ്ക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. പ്രസവാവധി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി താൻ വീണ്ടും ഗർഭിണിയാണെന്ന് മേലധികാരിയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് യുവതിയെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത്. ഇതിന് പിന്നാലെ യുവതിയ്ക്ക് യുകെയിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ 28,706 പൗണ്ട് നഷ്ടപരിഹാരം നല്‍കാൻ വിധിക്കുകയായിരുന്നു.

പ്രസവാവധി കഴിഞ്ഞു തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായി 2022ൻ്റെ തുടക്കത്തില്‍ ഇവര്‍ സംസാരിച്ചിരുന്നു. ആ മീറ്റിംഗിലാണ് താന്‍ മറ്റൊരു കുട്ടിയെ പ്രതീക്ഷിക്കുന്നകാര്യം മേലധികാരിയെ അറിയിച്ചത്. അതിന് ശേഷം തൻ്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലാതായപ്പൊള്‍ യുവതി തന്റെ മേലധികാരിക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു.

പ്രതികരണില്ലാത്തതിനെ തുടർന്ന് വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ജോലിക്കാരുടെ പുനർവിന്യാസം നടക്കുകയാണെന്നുമായിരുന്നു കമ്പനി അറിയിച്ചത്. ഇതോടെ ജോലിയിൽ നിന്നും കമ്പനി തന്നെ ഒഴിവാക്കിയെന്ന് മനസ്സിലാക്കിയ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നീട് ഈ വിഷയത്തില്‍ കോടതി ഇടപെടുകയും കമ്പനി മേലധികാരിയുടെ ഭാഗത്തുനിന്നുളള വീഴ്ച ചൂണ്ടിക്കാണിക്കുകയുമായിരുന്നു. നേരത്തെ യുവതിയും മേലധികാരിയുമായി നടത്തിയ ആശയവിനിമയത്തിൽ കമ്പനിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കമ്പനിയുടെ മനോഭാവം മാറിയെന്നും ജഡ്ജി വിലയിരുത്തിയതായാണ് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിടല്‍ അന്യായവും വിവേചനപരവുമാണെന്ന് വ്യക്തമാക്കിയാണ് യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.

Content Highlights : Fired for pregnancy, followed by compensation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us