ചുണ്ടുകളുടെ ഇരുണ്ടനിറം മാറ്റാം; സ്വാഭാവിക ഭംഗി ലഭിക്കുന്നതിനുള്ള ചില പൊടിക്കൈകൾ

ഇരുണ്ട നിറമുള്ള ചുണ്ടുകള്‍ കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍. പിങ്ക് നിറത്തിലുള്ള മൃദുവായ ചുണ്ടുകള്‍ ലഭിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

സബിത സാവരിയ
4 min read|21 Oct 2024, 05:10 pm
dot image

ഒരിക്കലെങ്കിലും ചുണ്ടിന് നിറവ്യത്യാസം ഉണ്ടാകാത്തവര്‍ ചുരുക്കമായിരിക്കും. ചുണ്ടുകള്‍ ഇരുണ്ട നിറത്തില്‍ ആവുന്നതിനുള്ള കാരണങ്ങളെക്കുറിച്ചാണ് അദ്യം അറിയേണ്ടത്. ചുണ്ടിൻ്റെ നിറത്തിലുള്ള പെട്ടെന്നുള്ള മാറ്റത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഡീഹൈഡ്രേഷന്‍ ,അമിതമായ സൂര്യപ്രകാശമേല്‍ക്കല്‍,അലര്‍ജികള്‍ തുടങ്ങിയവയൊക്കെ ചുണ്ടിന്റെ നിറവ്യത്യാസത്തിന് കാരണമാകാം. പതിവായി ചുണ്ടുകള്‍ നാവ് കൊണ്ടു നനയ്ക്കുന്നതും നിരന്തരമായി പുകവലിക്കുന്നതും ചുണ്ടുകളുടെ നിറം ഇരുളുന്നതിനുള്ള കാരണമാണ്.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക, ഹോര്‍മോണുകളുടെ വ്യതിയാനം, ഗര്‍ഭധാരണം, ചില പ്രത്യേകതരം മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം എന്നീ കാരണങ്ങള്‍ കൊണ്ടും ചുണ്ടുകള്‍ക്ക് നിറവ്യത്യാസം സംഭവിക്കാം. തേന്‍, റോസ് ഓയില്‍, ബദാം ഓയില്‍ തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ നിറം മാറിയ ചുണ്ടുകള്‍ക്ക് സ്വാഭാവികമായ പിങ്ക് നിറം നല്‍കുന്നതിനും ചുണ്ടുകളെ മൃദുവാക്കുന്നതിനും സഹായിക്കുന്നവയാണ്.

ചുണ്ടുകള്‍ക്ക് സ്വാഭാവികമായ പിങ്ക്‌നിറം ലഭിക്കുന്നതിനുള്ള ഏതാനും വഴികള്‍….

ഷുഗര്‍ സ്‌ക്രബ്

ഒരു ടീസ്പൂണ്‍ വീതം ബദാം ഓയിലും തേനും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും കലര്‍ന്ന മിശ്രിതം ഉപയോഗിച്ച് ചുണ്ടില്‍ സ്‌ക്രബ് ചെയ്യുക. ചുണ്ടുകളിലെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ മൃദുവായി വേണം സ്‌ക്രബ് ചെയ്യാന്‍. ബദാം എണ്ണയും തേനും ചുണ്ടുകള്‍ക്ക് ഈര്‍പ്പം നല്‍കുകയും പഞ്ചസാര മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകള്‍ക്ക് മൃദുത്വവും പിങ്ക് നിറവും ലഭിക്കാന്‍ നല്ലതാണ്.

ബീറ്റ്‌റൂട്ട്

തൊലികളഞ്ഞ ഒരു ചെറിയ ബീറ്റ്‌റൂട്ട് അരച്ച് അതിന്റെ നീര് ചുണ്ടില്‍ പുരട്ടി 15 മിനിറ്റ് നേരം വച്ച ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇതാവര്‍ത്തിക്കാം. ബീറ്റ്‌റൂട്ടിലെ സ്വാഭാവിക ബര്‍ഗണ്ടി പിഗ്മെന്റ് ചുണ്ടുകള്‍ക്ക് സ്വാഭാവിക പിങ്ക് നിറം ലഭിക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴയും തേനും

ചെടിയില്‍ നിന്ന് അടര്‍ത്തിയെടുത്ത കറ്റാര്‍വാഴ തണ്ടില്‍ നിന്നും ജെല്‍ വേര്‍തിരിച്ചെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുക.15 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകുക. കറ്റാര്‍ വാഴയും തേനും ചുണ്ടുകള്‍ക്ക് ജലാംശം പ്രധാനം ചെയ്യുകയും ചുണ്ടുകള്‍ മൃദുവായും പിങ്ക് നിറത്തോടെ ഇരിക്കുവാനും സഹായകമാണ്.

എക്‌സ്‌ഫോളിയേഷന്‍

ഉണങ്ങിയ കോട്ടണ്‍ തുണിയോ, നനവുള്ള ടൂത്ത് ബ്രഷോ ഉപയോഗിച്ച് ചുണ്ടുകളില്‍ മൃദുവായി തടവുക. ഇത് ചുണ്ടുകളുടെ വരണ്ട പുറം പാളി നീക്കംചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാത്രിയില്‍, ചുണ്ടുകളില്‍ അല്‍പ്പം വെളിച്ചെണ്ണയോ പ്രകൃതിദത്ത ലിപ് ബാമോ പുരട്ടുക.

സണ്‍സ്‌ക്രീന്‍

SPF15 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ലിപ് ബാം തിരഞ്ഞെടുക്കുക. ഇത് ദിവസവും ഉപയോഗിക്കുന്നത് സൂര്യരശ്മികളില്‍ നിന്നുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കും.

മോയ്‌സ്ചറൈസര്‍

ചുണ്ടുകള്‍ എല്ലായിപ്പോഴും നനവുള്ളതായി നിലനിര്‍ത്തുന്നത് അവയുടെ നിറത്തിനും ഭംഗിക്കും അത്യാവശ്യമാണ്. ഉണങ്ങിയ ചുണ്ടുകള്‍ക്ക് മൃദുത്വം നല്‍കാനും ജലാംശം നല്‍കാനും ചെടിയില്‍ നിന്ന് നേരിട്ട് എടുക്കുന്ന കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ശുദ്ധമായ ജെല്‍ വാങ്ങി ഉപയോഗിക്കാം.

ആന്തരികമായ ഹൈഡ്രേഷന്‍

ജലാംശം നിലനിര്‍ത്താന്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മത്തെ തടയും. ഇത് നിങ്ങളുടെ ചുണ്ടുകള്‍ നനവുള്ളതുമാക്കി നിലനിര്‍ത്തുകയും ചുണ്ടുകളുടെ നിറവ്യത്യാസം ഒഴിവാക്കുകയും ചെയ്യും

വിറ്റാമിന്‍ ഇ ഓയില്‍

വിറ്റാമിന്‍ ഇ ക്യാപ്സ്യൂളിനുള്ളിലെ ഓയില്‍ ചുണ്ടില്‍ പുരട്ടുന്നത് ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും നേര്‍ത്ത വരകള്‍ തടയുന്നതിനും നല്ലതാണ്. ലിപ് ബാം തിരഞ്ഞെടുക്കുമ്പോള്‍, അവശ്യ എണ്ണകള്‍ ചേരുവകളായി ഉണ്ടെന്ന് ഉറപ്പാക്കുക. അവയില്‍ നിങ്ങളുടെ ചുണ്ടുകളെ ഈര്‍പ്പമുള്ളതാക്കുന്നതിനുളള പ്രകൃതിദത്തമായ എമോലിയന്റുകള്‍ അടങ്ങിയിട്ടുണ്ട്.

രാസവസ്തുക്കള്‍ ഒഴിവാക്കാം

സ്വാഭാവികമായും പിങ്ക് നിറമുള്ള ചുണ്ടുകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ രാസവസ്തുക്കള്‍ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാതിരിക്കുക. മാതളനാരങ്ങ, ബീറ്റ്‌റൂട്ട് അല്ലെങ്കില്‍ റാസ്‌ബെറി ജ്യൂസ് ചുണ്ടുകളില്‍ പുരട്ടാം. അവ നിങ്ങളുടെ ചുണ്ടുകളെ ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക്കുകള്‍ പോലെ വരണ്ടതാക്കില്ല.

പ്രൈമര്‍ ഉപയോഗിക്കാം

ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ്, ബദാം ഓയിലോ വെളിച്ചെണ്ണയോ ചുണ്ടുകളില്‍ പുരട്ടുന്നത് നല്ലതാണ്. അതിനു ശേഷം തുടച്ചു മാറ്റി ലിപ് ബാം ഉപയോഗിക്കാം. ഇത് ഒരു സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുകയും ചുണ്ടുകളെ ഈര്‍പ്പമുള്ളതാക്കുകയും ലിപ്സ്റ്റിക് മൂലമുണ്ടാവുന്ന വരള്‍ച്ച തടയുകയും ചെയ്യുന്നു.

Content Highlights :To get a natural beauty by changing the dark color of the lips

dot image
To advertise here,contact us
dot image