ഹിമാലയത്തിൽ പുതിയ പാമ്പുകളെ കണ്ടെത്തി; ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ​ഗവേഷകർ

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്

dot image

​ഹിമാലയത്തിലെ ജീവജാലവുമായി ബന്ധപ്പെട്ട നിരവധി കണ്ടെത്തലുകൾ പുറത്തു വരാറുണ്ട്. അത്തരത്തിൽ ​ഒരു സംഘം ​ഗവേഷകർ നടത്തിയ കണ്ടെത്തലിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. ഹിമാലയത്തിൽ പുതിയ ഇനം പാമ്പുകളെ കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഇതിൽ ഏറ്റവും കൗതുകമായ കാര്യം ഹോളിവുഡ് നടനും നിർമ്മാതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ പേരാണ് പുതിയ ഇനം പാമ്പുകൾക്ക് നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പാമ്പുകളെ കുറിച്ചുള്ള പഠനത്തിൽ 2020ലാണ് ഇന്ത്യ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ഈ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്. പിന്നീട് ഇവർ ഈ പാമ്പിന് ‘ആൻഗ്യുകുലസ് ഡികാപ്രിയോയ്’ എന്ന് പേരിടുകയായിരുന്നു. ലാറ്റിൻ ഭാഷയിൽ 'ചെറിയ പാമ്പ്' എന്നർത്ഥം വരുന്ന 'ആൻഗ്യുകുലസ്' എന്ന ഇനമായാണ് ഗവേഷകർ പുതിയ സ്പീഷീസുകളെ തരംതിരിച്ചത്.

ആഗോള കാലാവസ്ഥാ വ്യതിയാനം, മലിനീകരണത്തിലൂടെയുള്ള മനുഷ്യൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്ന അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ പേര് പാമ്പിന് നൽകിയിരിക്കുന്നത്. ഈ പാമ്പുകളെക്കുറിച്ചുള്ള പഠനവും അവയുടെ ഡിഎൻഎ വിശകലനവും മറ്റ് പാമ്പുകളുമായുള്ള താരതമ്യവുമാണ് പുതിയ ഇനത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. പുതിയ ഇനം പാമ്പുകളുടെ പ്രത്യേകത അത് ചെറുതാണങ്കിലും ഡസൻ കണക്കിന് പല്ലുകളാണ് ഉള്ളത്. ഇവയ്ക്ക് ഏകദേശം 22 ഇഞ്ച് വരെ നീളമുണ്ടാകുമെന്നാണ് കണക്ക്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിലാണ് ഇവ ജീവിക്കുന്നത്.

ഹിമാചൽ പ്രദേശിലെ ചമ്പ, കുളു തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നതിനു പുറമെ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, നേപ്പാളിലെ ചിത്‌വാന്‍ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും പുതിയ ഇനം കണ്ടെത്തിയതായി മിസോറം സർവകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസറും അംഗവുമായ എച്ച്ടി ലാൽറെംസംഗ പറഞ്ഞു. സീഷൻ എ മിർസ, വീരേന്ദർ കെ ഭരദ്വാജ്, സൗനക് പാൽ, ഗെർനോട്ട് വോഗൽ, പാട്രിക് ഡി കാംബെൽ, ഹർഷിൽ പട്ടേൽ എന്നിവർ അടങ്ങുന്ന സംഘമാണ് ​ഗവേഷണം നടത്തിയത്.
Content Highlights: The new species named ‘Anguiculus dicaprioi’ or DiCaprio’s Himalayan snake was discovered by the team of researchers from India, Germany and United Kingdom in 2020. This has been named after Hollywood actor and producer Leonardo DiCaprio in honour for his contribution towards conservation

dot image
To advertise here,contact us
dot image