വ്യാജ വാര്‍ത്തയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനവുമായി നടി ആലിയ ഭട്ട്. താരത്തിന്റെ മുഖം കോസ്മെറ്റിക് സര്‍ജറിക്കു പിന്നാലെ മരവിച്ചുപോയി എന്ന തരത്തില്‍ വ്യാപകപ്രചാരണമുണ്ടായിരുന്നു. ആലിയയുടെ മുഖം കോടിപ്പോയെന്നും ഒരുഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടെന്നും ബൊട്ടോക്സ് അബദ്ധമായിപ്പോയെന്നുമൊക്കെയായിരുന്നു അഭ്യൂഹങ്ങള്‍. ചില വീഡിയോകളും ഓണ്‍ലൈന്‍ വാര്‍ത്തകളുമാണ് ഇതുസംബന്ധിച്ച് പ്രചരിച്ചത്. ഇതിനെ രൂക്ഷമായ ഭാഷയില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശിച്ചിരിക്കുകയാണ് ആലിയ.
'എന്താണ് ഏറ്റവും മോശം കാര്യമെന്നു വെച്ചാല്‍, നിങ്ങള്‍ യുവാക്കളെ സ്വാധീനിക്കുകയാണ്. ഈ വൃത്തികേടുകളെല്ലാം അവര്‍ വിശ്വസിച്ചു പോയേക്കാം. നിങ്ങള്‍ എന്തിനാണ് ഇതെല്ലാം പറയുന്നത്. ക്ലിക്ക് ബൈറ്റിനു വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? ഇതിലൊന്നും ഒരു അര്‍ത്ഥവും കാണുന്നില്ലല്ലോ.
സ്ത്രീകളെ വസ്തുവല്‍ക്കരിക്കുകയും വിധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം. നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമര്‍ശിക്കപ്പെടുകയാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളേയും ആഘോഷിക്കണം. ഇത്തരം വിമര്‍ശനങ്ങള്‍ ആളുകളെ വളരെ മോശമായി ബാധിക്കും. ഇതില്‍ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നോ? നിരവധി വിമര്‍ശനങ്ങള്‍ വരുന്നത് സ്ത്രീകളില്‍ നിന്നാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നതിന് എന്താണ് സംഭവിച്ചത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോ.
CONTENT HIGHLIGHTS: Alia Bhatt against fake news