ഇന്നത്തെ കാലത്തെ യുവതീയുവാക്കൾ ഡേറ്റിങിലേർപ്പെടുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. അവയിലൂടെ സൗഹൃദം കണ്ടെത്തുന്നവരും പ്രണയത്തിലാകുന്നവരും നിരവധി. എന്നാൽ ഇത്തരത്തിൽ ഡേറ്റിങിൽ ഏർപ്പെടുമ്പോൾ ചില അപകടങ്ങളും പതിയിരിപ്പുണ്ട് എന്നതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. വ്യാജ ഡേറ്റിങ് ആപ്പുകളും പ്രൊഫൈലുകളും വഴി നമ്മെ തട്ടിപ്പിനിരയാക്കുന്നവരും നിരവധി പേരുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ഇത്തരത്തിയിൽ ഒരു വ്യാജ ഡേറ്റിംഗ് റിക്വസ്റ്റിലൂടെ ഒരു യുവാവ് തട്ടിപ്പിനരയാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഗാസിയാബാദിലുള്ള ഒരു യുവാവാണ് 50,000 രൂപ നഷ്ടപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്.
ഒക്ടോബർ 21നാണ് സംഭവം. ഗാസിയാബാദിലുള്ള ഒരു യുവാവിന് തന്റെ വാട്സാപ്പിൽ ഒരു ഡേറ്റിംഗ് റിക്വസ്റ്റ് ലഭിച്ചു. കൗശമ്പി മെട്രോ സ്റ്റേഷന് സമീപം വരാൻ ആവശ്യപ്പെട്ടുള്ള മെസ്സേജ് അനുസരിച്ച് യുവാവ് ചെന്നപ്പോൾ, അവിടെ നിന്നിരുന്ന ഒരു യുവതി ടൈഗർ കഫേ എന്നയിടത്തേക്ക് യുവാവിനെ കൂട്ടിക്കൊണ്ടുപോയി.
എന്നാൽ ഓൺലൈനിൽ ഈ കഫേ താൻ ഇതുവരെ കണ്ടിട്ടില്ലാത്തതിനാലും, പേരെഴുതിയ ഒരു ബോർഡ് പോലും കഫെയ്ക്ക് ഇല്ലാതിരുന്നതിനാലും യുവാവിന് അപ്പോൾത്തന്നെ സംശയം തോന്നി. തുടർന്ന് തന്റെ ലൈവ് ലൊക്കേഷൻ അയാൾ തന്റെ സുഹൃത്തിന് അയച്ചുനൽകി.
കുറച്ച് സമയം ചെലവഴിച്ചതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളോടെ യുവാവിന് തന്റെ സംശയം ശരിയായിരുന്നുവെന്ന് ബോധ്യപ്പെട്ടു . യുവതി മാത്രം ഒരു ഗ്ലാസ് കോൾഡ് ഡ്രിങ്ക് കുടിച്ചതിന് 16,400 രൂപയാണ് കഫേ ജീവനക്കാർ ആവശ്യപ്പെട്ടത്. തരില്ലെന്ന് തറപ്പിച്ചുപറഞ്ഞതോടെ അവിടെയുണ്ടായിരുന്ന തട്ടിപ്പുസംഘം യുവാവിനെ തടഞ്ഞുവെക്കുകയും 50,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഈ നേരം കൊണ്ട് യുവാവിന്റെ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഈ തട്ടിപ്പുസംഘത്തിലെ അഞ്ച് സ്ത്രീകളെയും മൂന്ന് യുവാക്കളെയും ഉടൻ പിടികൂടുകയായിരുന്നു. പിടിയിലായ യുവതികളെല്ലാം വിവിധ ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈലുകൾ ഉള്ളവരാണ്. യുവാക്കളെ ഇത്തരത്തിൽ ഡേറ്റിങിന് വിളിച്ച്, തടഞ്ഞുവെച്ച് പണം തട്ടലാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Content Highlights: dating app fraud group busted at delhi