അഞ്ചടി മണ്ണിൽ എന്തൊക്കെ ചെയ്യാം? എന്തായാലും ഒരു ആറ് നില കെട്ടിടം പണിയുന്നതിനെ പറ്റി ചിന്തിക്കാൻ കഴിയുമോ? ഇങ്ങനെ ചിന്തിക്കുന്നത് വരെ എന്തൊരു മണ്ടത്തരമാണെന്ന് തോന്നുണ്ടെങ്കിൽ കേട്ടോളു, അത്തരത്തിലൊരു വലിയ കെട്ടിടം ഒരു എൻജിനിയറിൻ്റെയും സഹായം അഞ്ചടി മണ്ണിൽ നിർമ്മിച്ചിരിക്കുകയാണ് ഒരു ബിഹാർ സ്വദേശി. ബിഹാറിലെ സബേലാ ഗ്രാമത്തിലാണ് അമിത് യാദവ് എന്ന വ്യക്തി ഇത്തരത്തിലൊരു 6 നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വെറും 5 അടി വീതിയും 80 അടി നീളവുമുള്ള സ്ഥലത്താണ് 6 നിലകളുള്ള ഒരു കെട്ടിടം അമിത് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ ആളുകളുടെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. വീടും കടയുമെല്ലാം ഉൾപ്പെടുന്ന ഈ കെട്ടിടത്തിനായി ചെലവഴിച്ചത് 90 ലക്ഷം രൂപയാണ്.
പ്രാദേശിക തൊഴിലാളികളുടെ സഹായത്തോടെ നിർമ്മിച്ച ഈ കെട്ടിടത്തിൻ്റെ പ്ലാൻ തയാറാക്കിയതും അമിത് തന്നെയാണ്. കൊറോണ പടർന്ന് പിടിച്ച കാലത്താണ് അമിത് ഈ വീട് പണിയാൻ തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിനുള്ളിൽ ഇതിൻ്റെ പണിയും പൂർത്തിയായി. നിർമ്മാണം നടത്താനായി പ്രത്യേകത്തരം ഇഷ്ടികയാണ് ഉപയോഗിച്ചതെന്നും അമിത് പറയുന്നു. സഹർസയിലെ NH 107 ലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അതിൻ്റെ ഉയരവും പ്രത്യേകതയും കാരണം ആളുകൾ ഇത് കാണാനായി പലയിടങ്ങളിൽ നിന്ന് എത്തുന്നുണ്ട്. ബീഹാറിലെ 'ഈഫൽ ടവർ', 'ബുർജ് ഖലീഫ' എന്നിങ്ങനെയൊക്കെയുള്ള വിളിപ്പേരുകളും ഈ കെട്ടിടത്തിനുണ്ട്.
നേരത്തെയും സമാനമായ സംഭവം വൈറലായിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ നിർമ്മിച്ച ഒരു വീടാണ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായത്. വെറും ആറടി സ്ഥലത്ത് നിർമ്മിച്ച അഞ്ച് നില കെട്ടിടം നിർമ്മിച്ചതിൻ്റെ കൗതുകമായിരുന്നു ഈ വീഡിയോ പങ്കുവെച്ചത്. മുസാഫർപൂരിലെ ഗന്നിപൂർ പ്രദേശത്തായിരുന്നു ഈ വീട്.