വീട്ടമ്മയിൽ നിന്ന് ബി ടൗണിൽ ആരാധകരുള്ള സെലിബ്രിറ്റിയിലേക്ക്; സാരിയുടുപ്പിച്ച് താരമായി ഡോളി

എങ്ങനെയാണ് സാരിയുടുക്കേണ്ടതെന്ന് പോലും അറിയാതിരുന്നൊരു പെൺകുട്ടി കാലം പിന്നിട്ടപ്പോൾ സാരിയുടുപ്പിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച കഥയാണ് ഡോളിയുടേത്.

dot image

ഏഴാം ക്ലാസിനപ്പുറത്തേക്ക് പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നൊരു പെൺകുട്ടി. അമ്മയെപ്പോലെ നല്ലൊരു വീട്ടുകാരിയാകണമെന്ന് മാത്രമാണ് അവളെപ്പോഴും ആ​ഗ്രഹിച്ചിരുന്നത്. ജോലിക്കാരിയാകണമെന്നോ പ്രൊഫഷണൽ ആകണമെന്നോ ഒന്നും അവളൊരിക്കലും സ്വപ്നം കണ്ടില്ല. പക്ഷേ ജീവിതം അവളെ പ്രതീക്ഷിക്കാത്ത സ്വപ്നങ്ങളിലേക്കെത്തിച്ചു. ആ സ്വപ്നങ്ങളിലൂടെ അവൾ സ്വന്തമാക്കിയ ലോകത്തിന് ഇന്ന് സാരികളുടെ നിറവും ഭം​ഗിയും തിളക്കവുമാണ്!!

ഡോളി ജെയിന്‍
ഡോളി ജെയിന്‍

ഇത് ഡോളി ജെയിൻ, രാജ്യമെമ്പാടും പ്രശസ്തയായ സാരി ഡ്രേപ്പർ. എങ്ങനെയാണ് സാരിയുടുക്കേണ്ടതെന്ന് പോലും അറിയാതിരുന്നൊരു പെൺകുട്ടി കാലം പിന്നിട്ടപ്പോൾ സാരിയുടുപ്പിച്ച് അത്ഭുതങ്ങൾ സൃഷ്ടിച്ച കഥയാണ് ഡോളിയുടേത്. 21ാമത്തെ വയസിലായിരുന്നു ഡോളിയുടെ വിവാഹം. താൻ ആദ്യമായി സാരിയുടുക്കുന്നത് പെണ്ണുകാണൽ ചടങ്ങിനാണെന്ന് ഡോളി പറഞ്ഞിട്ടുണ്ട്. വിവാഹശേഷം സാരി മാത്രമേ അണിയാവൂ എന്ന ഭർതൃമാതാവിന്റെ നിർദേശം കുറച്ചൊന്നുമല്ല ഡോളിയെ വിഷമിപ്പിച്ചത്. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാൻ നിർബന്ധിതയാകുന്നതോർത്ത് കരച്ചിൽ സഹിക്കാനാകുമായിരുന്നില്ല ആ പെൺകുട്ടിക്ക്. ക്രമേണ ഡോളി സാരിയുടുക്കുന്നതിനെ മനസുകൊണ്ട് സ്വീകരിച്ചുതുടങ്ങി. സാരിയോടുള്ള തന്റെ മനോഭാവം മാറിയത് ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു എന്ന് ഡോളി ഇന്ന് പറയുന്നു.

"എന്റെ ജീവിതത്തിൽ സാരിക്കുള്ള പ്രാധാന്യം ഞാൻ മനസിലാക്കി. അതിനെ മനസുകൊണ്ടു പൂർണമായും ഇഷ്ടപ്പെടാൻ ഞാൻ പരിശീലിച്ചു. കാലങ്ങൾ കടന്നുപോകുമ്പോൾ എനിക്കു മനസിലായി സാരിയിൽ അത്ഭുതങ്ങൾ തീർക്കാൻ എനിക്കു സാധിക്കുമെന്ന്. ഏതു പരിപാടിക്ക് പോയാലും, അതിപ്പോ ഒരു പൂൾ പാർട്ടിയാവട്ടെ കോൿടെയിൽ പാർട്ടിയാവട്ടെ, ഞാൻ അതിനനുയോജ്യമായി സാരിയുടുത്തു". ഡോളി പറയുന്നു.

ശ്രീദേവിയാണ് എല്ലാത്തിനും കാരണം!

ഡോളി ശ്രീദേവിക്കൊപ്പം
ഡോളി ശ്രീദേവിക്കൊപ്പം

അന്തരിച്ച നടി ശ്രീദേവിയുടെ കടുത്ത ആരാധികയാണ് ഡോളി. ഒരു ചടങ്ങിൽ വച്ച് ശ്രീദേവിയുമായി അടുത്തിടപഴകിയതാണ് ഡോളിയുടെ ജീവിതം തന്നെ തിരുത്തിക്കുറിക്കുന്ന തീരുമാനത്തിലേക്ക് നയിച്ചത്. "എന്റെ അമ്മാവൻ ഒരു സിനിമാ നിർമ്മാതാവാണ്. അങ്ങനെ ഒരു പരിപാടിക്കിടെ ശ്രീദേവിയെ കാണാനിടയായി. അവരുടെ സാരിയിൽ പരിപാടിക്കിടെ എന്തോ വീണ് ചെളി പറ്റിയിരുന്നു. അത് കാണാത്ത വിധത്തിൽ സാരിയുടുക്കാൻ ഞാൻ സഹായിച്ചു. ഇഷ്ടനടിയോടൊപ്പം കുറച്ചധികം സമയം ചെലവഴിക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത. സാരിയുടെ പ്ലീറ്റുകൾ ഞാൻ‌ ശരിയാക്കുന്നത് അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ കൈ ചേർത്തുപിടിച്ച് വിരലുകളിൽ എന്തോ മാജിക് ഒളിഞ്ഞിരിപ്പുണ്ടെന്ന് ശ്രീദേവി പറഞ്ഞു. ഇതെന്തുകൊണ്ട് ഒരു പ്രൊഫഷനാക്കിക്കൂടാ എന്നും അവർ‌ ചോദിച്ചു. ആ ചോദ്യമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്". ഡോളി പറയുന്നു.

വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ എല്ലാവരും കളിയാക്കി. പക്ഷേ ഡോളിയുടെ പിതാവ് പിന്തുണച്ചു. ആറ് മാസം നിനക്ക് സമയം തരാം. അതിനുള്ളിൽ‌ ഈ മേഖലയിൽ പേരെടുക്കാനായില്ലെങ്കിൽ പിന്നീടൊരിക്കലും ഈ കാര്യം പറയരുത് എന്നായിരുന്നു പിതാവ് ഡോളിയോട് പറഞ്ഞത്. ആദ്യകാലത്ത് താൻ ശരിക്കും കഷ്ടപ്പാടുകളിലൂടെ കടന്നുപോയെന്ന് ഡോളി. ഇപ്പോഴത് ഓർക്കാൻ ശ്രമിക്കാറില്ല. പലപ്പോഴും ആ ഓർമ്മകൾ തന്നെ കുത്തിനോവിച്ചവരെയും പരിഹസിച്ചവരെയും ഓർമ്മപ്പെടുത്തുന്നതുകൊണ്ടാണ് അതെന്നും ഡോളി പറയുന്നു.

നിതാ അംബാനി മുതൽ സോനം കപൂർ വരെ

നിത അംബാനി, രാധിക മെര്‍ച്ചെന്‍റ്

ഇന്ന് നിതാ അംബാനി മുതൽ സോനം കപൂർ വരെയുള്ളവരെ സാരിയുടുപ്പിക്കുന്ന സെലിബ്രിറ്റിയാണ് ഡോളി ജെയിൻ. സാരിയിൽ സ്റ്റൈലാവണോ ഡോളി വേണം എന്നതാണ് നിലവിലെ അവസ്ഥ. ഫാഷൻ ഡിസൈനർ സന്ദീപ് ഖോസ്ലക്ക് തന്റെ വിജയത്തിൽ വലിയ പങ്കുണ്ടെന്ന് ഡോളി പറയുന്നു. ഒരു വലിയ വിവാഹാഘോഷത്തിൽ വച്ചാണ് ഞാൻ സാരിയുടുക്കുന്നതിലെ കല അദ്ദേഹം തിരിച്ചറിയുന്നത്. സാരിയുടെ ഭാരം മൂലം പരാതി പറഞ്ഞ നവവധുവിനെ ഞാൻ സഹായിച്ചു. ആ സാരിയുടെ ഭാരം അനുഭവപ്പെടാത്ത രീതിയിൽ അവരെ ഞാൻ അത് ഉടുപ്പിച്ചു. അങ്ങനെയാണ് സന്ദീപ് എന്നെ ശ്രദ്ധിക്കുന്നതും സെലിബ്രിറ്റികൾക്ക് എന്റെ പേര് ശുപാർശ ചെയ്യുന്നതും. ഡോളി ഓർമ്മകൾ പങ്കുവെക്കുന്നു.

സാരിയുടുപ്പിച്ച് ആ മേഖലയിൽ കിരീടം വെക്കാത്ത റാണിയാവുക മാത്രമല്ല ഡോളി ചെയ്തത്. സാമ്പത്തികമായി സ്വാശ്രയത്വം എന്ന തരത്തിലേക്ക് അവർ വളരുകയും ചെയ്തു. സ്വന്തം ആവശ്യങ്ങൾക്ക് ഭർത്താവിനെയോ അദ്ദേഹത്തിൻ‌റെ അമ്മയെയോ ആശ്രയിച്ചിരുന്നു ഡോളി ഇന്ന് അവർക്കൊപ്പമിരുന്ന് കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി. അത് തന്നെയാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും ഡോളി പറയുന്നു.

Content Highlights: story of dolly jain who is a celebrity saree draper

Content Courtsy: TimesNow

dot image
To advertise here,contact us
dot image