അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ അഞ്ചിന് നടക്കാനിരിക്കെ ഇരു സ്ഥാനാര്‍ത്ഥികളും പ്രാചരണത്തിൽ വാശിയോടെ മുന്നേറുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തങ്ങളുടെ ജനപ്രീതി വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. അതിനിടെ, ഡൊണാൾഡ് ട്രംപിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ പൊതുവേദിയിലെത്തിയതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മെലാനിയ എത്തിയത്.
അമേരിക്കയുടെ മാജിക് എന്നാണ് മെലാനിയ ട്രെപിനെ പരിപാടിയിൽ വിശേഷിപ്പിച്ചത്. വേദിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട മൊനിയ ട്രംപ് എത്തുന്നതിന് മുന്നേ അദ്ദേഹത്തെ പുകഴ്ത്തി പ്രസംഗിച്ചുകൊണ്ടാണ് സദസിനെ കയ്യിലെടുത്തത്. പിന്നാലെ വേദിയിലെത്തിയ ട്രംപിനെ മെലാനിയ ആലിംഗനം ചെയ്ത് ചുംബിച്ചു. പശ്ചാത്തലസംഗീതം മുഴങ്ങിയതോടെയായിരുന്നു സർപ്രൈസ്, ട്രംപ് നൃത്തം ചെയ്തു, മെലാനിയ ഒപ്പം ചുവടുവച്ചു! എലോൺ മസ്ക് അടക്കമുള്ള പ്രശസ്തരും വേദിയിലുണ്ടായിരുന്നു.
Okay just finished MSG Rally. Absolutely adored Melanias smile when she saw her husband doing the YMCA dance--it was awesome!! pic.twitter.com/QdoJvt5wki
— Oblivion (@RedKryptonited) October 28, 2024
ട്രംപിന്റെ പ്രസംഗത്തിന് ശേഷവും ഇരുവരും ചേർന്ന് നൃത്തം ചെയ്താണ് വേദിയിൽ നിന്ന് പുറത്തേക്ക് പോയത്. പ്രസിഡന്റ് സ്ഥാനത്തേക്കെത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഡൊണാൾഡ് ട്രംപ്. തന്റെ അവസാനമത്സരമായിരിക്കും ഇത്തവണത്തേതെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു/ദ ഹില്‍ തെരഞ്ഞെടുപ്പ് പ്രവചനം പറയുന്നത് ട്രംപിന് മുൻതൂക്കമുണ്ടെന്നാണ്. ട്രംപിന് 52 ശതമാനവും കമല ഹാരിസിന് 48 ശതമാനവുമാണ് ഈ സർവ്വേഫലം വിജയം പ്രവചിക്കുന്നത്. ഓഗസ്ത് അവസാനം മുതല്‍ കമലാ ഹാരിസിന്റെ വിജയസാധ്യത 54 ശതമാനത്തിനും 56 ശതമാനത്തിനും ഇടയിലായിരുന്നു. ഇത് പിന്നീട് ഇടിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ്-സിയെന കോളജ് അവസാന ഘട്ട സര്‍വേ ഫലം പറയുന്നത് ഇരു സ്ഥാനാര്‍ത്ഥികളും മത്സരത്തിൽ ഒപ്പത്തിനൊപ്പമാണെന്നാണ്.