വനിതകൾ മാത്രം പങ്കെടുത്ത ആദ്യത്തെ ബോട്ട് റെയ്സിന് ആതിഥേയത്വം വഹിച്ച് കാശ്മീരിലെ ദാൽ തടാകം. 150-ലധികം വരുന്ന വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്. കശ്മീരിലെ ആളുകൾക്കിടയിൽ ലിംഗസമത്വം ഉറപ്പ് വരുത്താനും സ്ത്രീ ശാക്തീകരണം മെച്ചപ്പെടുത്തണമെന്ന എന്ന ആവശ്യം ഉന്നയിച്ചുമാണ് ബോട്ട് റെയ്സ് സംഘടിപ്പിച്ചത്. വനിതാ അത്‌ലറ്റുകളുടെ കഴിവുകൾ പ്രകടിപ്പിക്കുക എന്നതായിരുന്നു മത്സരത്തിൻ്റെ ലക്ഷ്യം. ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും കശ്മീരിലെ സ്ത്രീകളുടെ കായിക വിനോദങ്ങൾക്ക് പുതിയ തുടക്കം കുറിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി സുരേഷ് ബി കപാഡിയയാണ് മത്സരത്തിന് തുടക്കമിട്ടത്.
കശ്മീരിൽ നിന്നുള്ള പ്രശസ്ത അത്‌ലറ്റും പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജൂറിയുമായ ബിൽക്കിസ് മിറാണ് ഓട്ടം സംഘടിപ്പിച്ചത്. 'ഇത് സ്ത്രീകൾക്ക് മാത്രമുള്ള ആദ്യത്തെ മത്സരമായിരുന്നു. ക്രിക്കറ്റിലായാലും മറ്റ് ടൂർണമെൻ്റുകളിലായാലും പുരുഷൻമാർ ആധിപത്യം പുലർത്തുന്ന കായിക മത്സരങ്ങളാണ് നമ്മൾ സാധാരണയായി കാണുന്നത്. സ്ത്രീകൾക്ക് അത്തരം അവസരങ്ങൾ വിരളമാണ്. ഈ മത്സരത്തിൽ ചേരാൻ പെൺകുട്ടികൾ അവരുടെ വീടുകളിൽ നിന്ന് ഇറങ്ങി. ഞങ്ങൾക്ക് പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചു. ദേശീയ അന്തർദേശീയ മത്സരങ്ങൾക്കായി പരിശീലിപ്പിക്കുന്നതിനായി ഞങ്ങൾ 35 പെൺകുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന്'ബിൽക്കിസ് മിർ പറഞ്ഞു.
ഇവൻ്റിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് റെയ്സിന് ശേഷം ഒരു മത്സരാർത്ഥി മദിഹ ഫാറൂഖ് പറഞ്ഞു. ഇനിയും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഇത്തരം മത്സരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മദിഹ പറഞ്ഞു. മത്സരത്തിൽ വിജയിച്ച ആദ്യ മൂന്ന് മത്സരാർത്ഥികൾക്ക് പ്രത്യേക അവാർഡുകൾ നൽകി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസുകളും ലഭിച്ചു. കശ്മീരിൽ കായിക സംസ്കാരത്തിന് കൂടുതൽ പ്രചോദനമാവുക എന്നതാണ് മത്സരം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
Content Highlights: In a landmark event for gender equality in Kashmir, Dal Lake hosted its first all-women boat race with over 150 participants. The race symbolizes a new era for women’s sports in Kashmir, encouraging more inclusive events and inspiring future generations