
അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസിലേക്ക് ഒരിക്കല്‍ കൂടി എത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 2025 ജനുവരി 26നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. ഇത് രണ്ടാം തവണയാണ് ഡൊണാള്‍ഡും ഭാര്യ മെലാനിയ ട്രംപും വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. ഇരുവരുടെയും കണ്ടുമുട്ടലും പ്രണയവുമൊക്കെ സിനിമാറ്റികാണെന്നാണ് പൊതുവെ പറയാറുള്ളത്. 1998-ലാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് അവര്‍ വിവാഹിതരാകുകയായിരുന്നു. ഇപ്പോള്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുകയാണ് അവര്‍.
1998ല്‍ നടന്ന ഒരു ഫാഷന്‍ വീക്കില്‍ കിറ്റ് കാറ്റ് ക്ലബ്ബില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരുടെയും സുഹൃത്തും മെട്രോപൊളിറ്റന്‍ മോഡല്‍സ് സഹ ഉടമയുമായ പൗലോ സാംപോളി ആതിഥേയത്വം വഹിച്ച ഇവന്റായിരുന്നു അത്. 1996ല്‍ സ്ലോവേനിയയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ശേഷം മെലാനിയ ക്‌നാസ് ന്യൂയോര്‍ക്കില്‍ മോഡലായി ജോലി ചെയ്യുകയായിരുന്നു. അന്ന് അവിടെ വച്ച് തന്നെ ട്രംപ് മെലാനിയക്ക് നമ്പര്‍ കൈമാറി. ദിവസങ്ങള്‍ക്കു ശേഷം മെലാനിയ തിരികെ വിളിക്കുകയും പിന്നീട് ഇവര് തമ്മില്‍ ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നു.
ഇവര്‍ ഡേറ്റിംഗ് ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷം ട്രംപ് തന്റെ രണ്ടാം ഭാര്യ മാര്‍ല മാപ്പിള്‍സില്‍ നിന്ന് വിവാഹമോചനം നേടി. പക്ഷേ 2000ന്റെ ആരംഭത്തില്‍ ട്രംപും മെലാനിയയും തമ്മില്‍ പിരിയുകയാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. മെലാനിയ ഒരു അതിശയിപ്പിക്കുന്ന സ്ത്രീയാണെന്നും അവളെ മിസ് ചെയ്യുമെന്നും അന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീട് പ്രശ്നങ്ങളെല്ലാം അവസാനിപ്പിച്ച് അവര്‍ ഒന്നിച്ചു.
2004ല്‍ നടന്ന മെറ്റ് ഗാല ഈവന്റില്‍ 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 15 കാരറ്റ് മോതിരം ട്രംപ് മെലാനിയക്ക് നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം, 2005 ജനുവരിയില്‍, ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ ഇരുവരും വിവാഹിതരായി. 2006-ല്‍ ഇരുവരും തങ്ങളുടെ ആദ്യ മകനായ ബാരണ്‍ ട്രംപിന് ജന്മം നല്‍കി.
CONTENT HIGHLIGHTS: Donald Trump and Melania Trump's love story