പട്ടുപുടവയും മുല്ലപ്പൂവും മൈലാഞ്ചിയുമൊക്കെ നമ്മുടെ ഇന്ത്യന്‍ സംസ്‌കാരങ്ങളില്‍ നിറങ്ങള്‍ ചാര്‍ത്തുന്നവയാണ്. ഇന്ത്യക്കാരുടെ എല്ലാ പ്രധാന ചടങ്ങുകളിലും സാരിക്കുള്ള പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. നമ്മുടെ പട്ടുസാരികള്‍ അങ്ങനെ വെറും പട്ടുസാരികളല്ല. ഓരോ സംസ്ഥാനത്തിന്റെയും കലാപരമായ കഴിവുകള്‍,ചരിത്രം,പുരാണങ്ങള്‍, വാസ്തുവിദ്യ ഇവയെ ഒക്കെ കോര്‍ത്തിണക്കിയാണ് ഓരോ പട്ടുസാരിയും ജന്മംകൊളളുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പ്രത്യേക പട്ടുസാരിയുണ്ട്. ഓരോ സാരിക്കുമുണ്ട് വ്യത്യസ്തമായ ഓരോ കഥകള്‍ പറയാന്‍.
തമിഴ്‌നാട്ടില്‍നിന്നാണ് കാഞ്ചീവരം പട്ടിന്റെ വരവ്. കാഞ്ചീവരം പട്ട്, പട്ടിന്റെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. വീതിയേറിയ കസവും കടും നിറങ്ങളുമെല്ലാം ഈ പട്ടിനെ വ്യത്യസ്തമാക്കുന്നു. ശുദ്ധമായ മള്‍ബറി സില്‍ക്കില്‍നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നതും. ക്ഷേത്രരൂപങ്ങള്‍, പുരാണ കഥകള്‍ എന്നിവയെല്ലാം തുന്നിപ്പിടിപ്പിച്ചിരിക്കുന്നത് ഓരോ പട്ടുസാരിയേയും മാസ്റ്റര്‍പീസ് ആക്കുകയാണ്. എല്ലാക്കാലത്തും വിവാഹങ്ങള്‍ക്കും മറ്റ് പ്രധാന ചടങ്ങുകള്‍ക്കും കാഞ്ചീവരം പട്ടിനുള്ള പ്രത്യേകത വളരെ വലുതാണ്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ബനാറസി സില്‍ക്കിന്റെ വരവ്. ആഡംബരവും സമ്പന്നവുമായ കരകൗശല പണികളാണ് ബനാറസി പട്ടിലുളളത്. പൂക്കള്‍ നിറഞ്ഞ വള്ളികള്‍, താഴികക്കുടങ്ങള്‍,ചെറിയ മുഗള്‍ ഡിസൈനുകള്‍ ഇവയെല്ലാം സ്വര്‍ണ്ണവും വെളളിയും നൂലിഴകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാവും.
ലോകത്തിലെ ഏറ്റവും അപൂര്‍വ്വമായി ലഭിക്കുന്നതും ഏറ്റവും വിലപിടിപ്പുളള പട്ടുസാരികളില്‍ ഒന്നാണ് ആസാമീസ് മുഗ സില്‍ക്ക്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ അസമില്‍നിന്നാണ് ഈ പട്ടിന്റെ വരവ്. തിളങ്ങുന്ന മഞ്ഞയും സ്വര്‍ണ്ണവും നിറങ്ങളാണ് മുഗസില്‍ക്ക്‌സില്‍ സമ്പന്നമായി ഉള്ളത്. ഇത് തലമുറകളോളം നിലനില്‍ക്കുകയും ചെയ്യും.
മഹാരാഷ്ട്രയില്‍ നിന്നാണ് പൈതാനി സില്‍ക്ക് വരുന്നത്. പൈതാനി സാരികള്‍ക്ക് ചടുലമായ നിറങ്ങളും മയില്‍, താമര, മുന്തിരിവള്ളികള്‍ എന്നിവയുടെ രൂപങ്ങളും നിറഞ്ഞുനില്‍ക്കും. ശുദ്ധമായ പട്ടുനൂല്‍ ഉപയോഗിച്ചാണ് ഓരോ കലാസൃഷ്ടിയും നെയ്തിരിക്കുന്നത്. ഈ സാരി രാജകീയമായതുകൊണ്ടുതന്നെ ഉത്സവങ്ങളിലും മറ്റുമാണ് ഇത് കൂടുതലും ധരിക്കുന്നത്.
ഗുജറാത്തില്‍ നിന്നുള്ള പട്ടോല സാരികളെ വ്യത്യസ്തമാക്കുന്നത് ഇരട്ട ഇക്കട്ട് നെയ്ത്ത് സാങ്കേതികവിദ്യയാണ്. ജ്യാമിതീയ രൂപങ്ങളും തിളക്കമുള്ള നിറവുമാണ് ഈ സാരികള്‍ക്ക് ഉള്ളത്. പട്ടോല സാരികള്‍ ഒരു സ്റ്റാറ്റസ് സിമ്പലാണ്. അവയുടെ നെയ്ത്തിലുളള സങ്കീര്‍ണ്ണതകളാണ് അവയെ വ്യത്യസ്തമാക്കുന്നത്.
ബാലുചാരി സാരികളുടെ പ്രധാന പ്രത്യേകത പുരാതന കലകള്‍ നെയ്തുപിടിപ്പിച്ച പല്ലുവാണ്. പ്രത്യേക എംബോസ്ഡ് ഇഫക്ട് ഉപയോഗിച്ച് നെയ്ത സാരികള്‍ മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളാണ് രചിക്കുന്നത്. മുര്‍ഷിദാബാദില്‍നിന്ന് ഉത്ഭവിച്ച ബാലുചാരി സാരികള്‍ ബംഗാളിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്നവയാണ്.
മധ്യപ്രദേശില്‍നിന്നാണ് ചന്ദേരി സില്‍ക്കിന്റെ ഉത്ഭവം, കനംകുറഞ്ഞ് നേര്‍ത്ത പട്ടുസാരിയാണ് ചന്ദേരി. മയില്‍, ജ്യാമിതീയ രൂപങ്ങള്‍ എന്നീ ഡിസൈനുകളാണ് ഇവയിലേത്. ചൂടുള്ള കാലാവസ്ഥയില്‍ അണിയാന്‍ ഏറ്റവും അനുയോജ്യമാണ് ചന്ദേരി സില്‍ക്ക്.
വളരെ സങ്കീര്‍ണ്ണമായ ഘടനകൊണ്ടും തിളക്കംകൊണ്ടും പേരുകേട്ടവയാണ് മൈസൂര്‍ സില്‍ക്ക്. സൂക്ഷ്മമായ പ്രക്രിയയിലൂടെയാണ് ഈ സാരികള്‍ നിര്‍മ്മിക്കുന്നത്. സിമ്പിളായുള്ള ഡിസൈന്‍ ആയതുകൊണ്ടുതന്നെ അധികം ആഡംബരം ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.
തെലങ്കാനയില്‍ നിന്നുള്ള പോച്ചംപള്ളി ഇക്കാട്ട് സാരികള്‍ ബോള്‍ഡായ ജ്യാമിതീയ പാറ്റേണുകള്‍ക്ക് പേര്‌കേട്ടതാണ്. നെയ്‌തെടുക്കുന്നതിന് മുന്‍പ്തന്നെ ചായംപൂശിയവയാണ് ഈ പട്ട്.
സോനെപുരി സില്‍ക്ക് എന്നും അറിയപ്പെടുന്ന ബോംകൈ സില്‍ക്ക് ഒഡീഷയില്‍നിന്നാണ് വരുന്നത്. പ്രത്യേകതരം നെയ്ത്താണ് ബോംകൈ സില്‍ക്കിന്റേത്. വ്യത്യസ്ത നിറങ്ങളിലുളള ത്രഡ് വര്‍ക്കുകള്‍ കൊണ്ട് ഗോത്രകല, മത്സ്യം, ഷെല്ലുകള്‍ എന്നിവയുടെ രൂപങ്ങളാണ് നെയ്തുചേര്‍ക്കുന്നത്.
Content Highlights : 10 Silk Sarees from 10 States of India and Their Characteristics