ട്രംപ് പല്ലിമനുഷ്യന്‍, അന്യ​ഗ്രഹജീവികളുമായി ബന്ധം? ചർച്ചയായി പഴയ ആരോപണങ്ങളും പുതിയ മറുപടിയും!

മനുഷ്യരെ കീഴടക്കാനാണ് ഇവർ സ്വന്തം ദേശത്ത് നിന്ന് ഭൂമിയിലെത്തിയത്. എന്നാൽ യുദ്ധത്തിലൂടെ അത് സാധ്യമാവില്ലെന്ന് മനസിലാക്കിയതോടെ ഇവ മനുഷ്യരൂപത്തിലേക്ക് മാറി!

dot image

*Image for representational purpose/Made by AI

അമേരിക്കയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരുന്ന സമയം.


പരിപാടികൾക്കിടെ ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ഡൊണാൾഡ് ട്രംപിനോട് ചോദിച്ചു "പ്രസിഡന്റായിരുന്ന കാലത്ത് അന്യ​ഗ്രഹജീവിതത്തെക്കുറിച്ച് താങ്കൾക്ക് വിവരം ലഭിച്ചിട്ടുണ്ടോ?"

"എന്നോട് ചില പൈലറ്റുകൾ പറഞ്ഞിട്ടുണ്ട് ആകാശത്ത് ചില നി​ഗൂഢ വസ്തുക്കളെ കണ്ടിട്ടുണ്ടെന്ന്. ചൊവ്വ പോലെയുള്ള ​ഗ്രഹങ്ങളിൽ ജീവൻ ഇല്ലെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ല". ട്രംപ് പറഞ്ഞു.

"പതിറ്റാണ്ടുകളായി ചൊവ്വയുടെ ഉപരിതലത്തിൽ അമേരിക്കയുടെ റോവർ ഉണ്ടല്ലോ, ഇതുവരെ ജീവന് തെളിവൊന്നും ലഭിച്ചിട്ടില്ലല്ലോ?: എന്നായി മാധ്യമപ്രവർത്തകൻ.

"അത് ചിലപ്പോ നമുക്കറിയാത്ത ജീവൻ ആയിരിക്കും, ഒരു വ്യത്യസ്ത തരം ജീവനും ജീവിതവും!" ട്രംപ് മറുപടി നൽകി.

അന്യ​ഗ്രഹജീവിതത്തെക്കുറിച്ചും അന്യ​ഗ്രഹജീവികളെക്കുറിച്ചുമുള്ള നി​ഗൂഢസിദ്ധാന്തങ്ങൾ നിരവധിയാണ്. അമേരിക്കയിലാണെങ്കിൽ അവയ്ക്ക് പഞ്ഞവുമില്ല. ഡൊണാൾഡ് ട്രംപിനോട് ചേർത്ത് ഇത്തരം പല നി​ഗൂഢസിദ്ധാന്ത വാദങ്ങളും നിലവിലുണ്ട്. ട്രംപിനെതിരെ വാദം ഉന്നയിച്ചവരിൽ ഇസ്രയേൽ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ മേധാവിയായിരുന്ന ഹൈം എഷേദ് വരെയുണ്ട്. അന്യഗ്രഹജീവികൾ ഭൂമിയിലുണ്ടെന്നും യുഎസ്, ഇസ്രയേൽ സർക്കാരുകൾക്ക് ഇക്കാര്യം അറിയാമെന്നും എഷേദ് ആരോപിച്ചു. അന്യ​ഗ്രഹജീവികൾ ഇരു രാജ്യങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ട്. മനുഷ്യരും അന്യഗ്രഹജീവികളും അംഗങ്ങളായ ഒരു ഗലാറ്റിക് ഫെഡറേഷൻ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഡോണൾഡ് ട്രംപ് അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്താൻ ഒരുങ്ങിയതാണ്. എന്നാൽ വെളിപ്പെടുത്തൽ‌ ഭൂമിയിൽ വലിയ കുഴപ്പം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഗലാറ്റിക് ഫെഡറേഷൻ തടയുകയായിരുന്നെന്നും എഷേദ് ആരോപിച്ചിട്ടുണ്ട്.

ട്രംപ് അനുകൂലികളിൽ പലരും ഇത്തരം സിദ്ധാന്തങ്ങൾ വിശ്വസിക്കുന്നവരാണെന്നാണ് വിവരം. ട്രംപിന്റെ ഭരണകാലത്ത് അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപ്പിറ്റോളിന് നേരെ ആക്രമണമുണ്ടായിരുന്നു. ആ ആക്രമണത്തിന് പിന്നിലെ കലാപകാരികളിൽ പലരും ക്വാനോൺ എന്ന ഗൂഢവാദത്തിൽ പ്രചോദിതരായിരുന്നു എന്നാണ് സൂചന. കുട്ടികളെ ചൂഷണം ചെയ്യുന്ന വലിയ റാക്കറ്റാണ് അമേരിക്ക ഭരിക്കുന്നതെന്നാണു ക്വാനോൺ നിഗൂഢതാ സിദ്ധാന്തം പറയുന്നത്. ഇതിൽ നിന്നുണ്ടായ പ്രേരണയാണ് കാപ്പിറ്റോൾ ആക്രമണത്തിലേക്ക് അവരെ എത്തിച്ചത്.

ട്രംപിനെ ചുറ്റിപ്പറ്റി റെപ്റ്റീലിയൻ കോൺസ്പിറസി തിയറിയും സജീവമാണ്. റെപ്റ്റീലിയൻസ് അഥവാ പല്ലിമനുഷ്യരിൽ ഒരാളാണ് ട്രംപ് എന്നാണ് ഈ നി​ഗൂഢസിദ്ധാന്തം വാദിക്കുന്നത്. ട്രംപ് മാത്രമല്ല ബൈഡനും റെപ്റ്റീലിയൻ ആണെന്ന് ഇവർ‌ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള പ്രശസ്തരിൽ പലരും ഇക്കൂട്ടരാണെന്നും റെപ്റ്റീലിയൻ കോൺസ്പിറസി തിയറി പറയുന്നു.

ആരാണ് റെപ്റ്റീലിയൻസ്?

ആൽഫാ ഡ്രാക്കോണിസ് എന്ന നക്ഷത്രസംവിധാനത്തിൽ നിന്നു വന്ന അന്യഗ്രഹജീവികളാണ് റെപ്റ്റീലിയൻസ് എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഇവ ഉരഗവർഗത്തിൽപെട്ട ജീവികളായിരുന്നു. പക്ഷേ, സാധാരണ പല്ലികളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം പരിവർത്തനങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയരായവരാണ്. മനുഷ്യരെ കീഴടക്കാനാണ് ഇവർ സ്വന്തം ദേശത്ത് നിന്ന് ഭൂമിയിലെത്തിയത്. എന്നാൽ യുദ്ധത്തിലൂടെ അത് സാധ്യമാവില്ലെന്ന് മനസിലാക്കിയതോടെ ഇവ മനുഷ്യരൂപത്തിലേക്ക് മാറി മനുഷ്യരുമായി പ്രജനനം നടത്തി. നമ്മുടെ തലച്ചോറിലെ റെപ്റ്റീലിയൻ ബ്രെയിൻ എന്ന മേഖലയൊക്കെ ഇതിന് തെളിവാണെന്നും ഈ സിദ്ധാന്തക്കാർ വാദിക്കുന്നു.

ഇത്തരം തെറ്റിദ്ധാരണകളെയും സിദ്ധാന്തങ്ങളെയുമൊക്കെ ശാസ്ത്രജ്ഞരും ​ഗവേഷകരും പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, അമേരിക്കയ്ക്ക് അന്യ​ഗ്രഹജീവികളുമായി ബന്ധമുണ്ടെന്നുള്ള വാദത്തെയൊന്നും ഇല്ലാതാക്കാൻ ശാസ്ത്രജ്ഞരുടെ ശ്രമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ട്രംപുമായി ബന്ധപ്പെട്ട അന്യ​ഗ്രഹ സിദ്ധാന്തങ്ങളും വീണ്ടും ചർച്ചയായിക്കഴിഞ്ഞു. നമുക്കറിയാത്ത ജീവനും ജീവിതവും ചൊവ്വയിലുൾപ്പടെ ഉണ്ടായിക്കൂടേ എന്ന ട്രംപിന്റെ ചോദ്യവും കൂടി ആയതോടെ സം​ഗതി വലിയ ചർച്ചകളിലേക്ക് നീങ്ങുമെന്ന അഭിപ്രായമാണ് അമേരിക്കയിൽ പലർക്കുമുള്ളത്.

Content Highlights: trump and his relation with aliens controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us