'ഡെഡ് ലെറ്റര്‍ പോസ്റ്റ് ഓഫീസ് ' ഈ പേര് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലേക്ക് എന്താണ് കടന്നുവരുന്നത്. ഇത് ശരിക്കും മരിച്ചവര്‍ക്ക് വേണ്ടിയുള്ള കത്തുകളും സമ്മാനങ്ങളും എത്തിച്ചേരുന്ന സ്ഥലമാണോ? അതോ ഒരു ഹൊറര്‍ ത്രില്ലര്‍ കഥയിലെ ഭാഗം പോലെ തോന്നുന്നുണ്ടോ?
.
ഒരു ഡെഡ് ലെറ്റര്‍ പോസ്‌റ്റോഫീസ് (DLO) അല്ലെങ്കില്‍ റിട്ടേണ്‍ ലെറ്റര്‍ പോസ്റ്റ് ഓഫീസ് (RLO) എന്നത് ഡെലിവറി ചെയ്യാന്‍ കഴിയാത്ത കത്തുകളും മറ്റ് വസ്തുക്കളും എത്തുന്നയിടമാണ്. വിലാസം തെറ്റാണെങ്കിലോ, സ്വീകരിക്കേണ്ട വ്യക്തി സ്ഥലത്തില്ലെങ്കിലോ ഒക്കെ ആ വ്യക്തിയെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ഈ ലെറ്ററുകള്‍ എന്ത് ചെയ്യണമെന്ന് ഉദ്യേഗസ്ഥര്‍ ചിന്തിക്കും. പല കാരണങ്ങളാല്‍ പോസ്‌റ്റോഫീസില്‍ നിന്ന് കൊടുക്കേണ്ട ആള്‍ക്ക് ലെറ്റര്‍ കൊടുക്കാന്‍ സാധിക്കാതെ വരുമ്പോഴും അഥവാ സ്വീകര്‍ത്താവിന് പോസ്‌റ്റോഫീസില്‍ നിന്നും ഇത് കളക്ട് ചെയ്യാന്‍ കഴിയാതെ വരുമ്പോഴും ഇത് ഡെഡ് ലെറ്റര്‍ പോസ്റ്റ് ഓഫീസ് അഥവാ ഡിഎല്‍ ഒ യിലേക്ക് അയക്കുന്നു.
ഇത്തരത്തില്‍ എത്തിച്ചേരുന്ന കത്തുകളുടെയും സാധനങ്ങളുടെയും സ്വീകര്‍ത്താവിനെ കണ്ടെത്താന്‍ ഡിഎല്‍ ഒ യിലെ തപാല്‍ ജീവനക്കാര്‍ ശ്രമിക്കും. ഇങ്ങനെ ശ്രമിച്ചിട്ടും കിട്ടിയില്ല എങ്കില്‍ കത്തില്‍ തിരിച്ചയക്കാന്‍ വിലാസം ഉണ്ടോ എന്ന് തിരയും. അത് കണ്ടെത്താന്‍ അവര്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗമുപയോഗിച്ചും കണ്ടെത്താന്‍ സാധിക്കുന്നില്ല എങ്കില്‍ കത്തുകളും മറ്റും കീറികളയുകയോ വലിച്ചെറിയുകയോ ചെയ്യുമെന്ന് റിട്ടേണ്‍ ലെറ്റര്‍ പോസ്റ്റ് ഓഫീസ് ഡല്‍ഹി സര്‍ക്കിളിന്റെ ചുമതലയുള്ള ജണ്ടേവാലനിലെ ത്രിവേണി റാം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
യഥാര്‍ഥത്തില്‍ ഡെഡ് ലറ്റര്‍ പോസ്റ്റ് ഓഫീസ് വളരെ പ്രാധാന്യമുള്ള ഒന്നാണ്. കാരണം വിലാസം കണ്ടെത്താന്‍ കഴിയാത്ത വ്യക്തിയിലേക്ക് കത്തുകളോ, പായ്ക്കുകളോ, പണമോ ഒക്കെ നഷ്ടപ്പെടാതെ എത്തിക്കാന്‍ അവസാന ശ്രമം വരെ അവര്‍ നടത്തുന്നു.
ഇന്ത്യയിലും ഡെലിവറി ചെയ്യാത്ത പാഴ്‌സലുകളും കത്തുകളും സ്വീകരിക്കുന്ന ഡി എല്‍ ഒ കളുണ്ട്. ഇവിടങ്ങളില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പാഴ്‌സലുകളാണ് കൈകാര്യം ചെയ്യുന്നത്. അയച്ച ആളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി കത്തുകളും പാഴ്‌സലുകളും വേണമെങ്കില്‍ തുറന്ന് പരിശോധിക്കും. അങ്ങനെ എന്തങ്കിലും വിവരം ലഭിച്ചാല്‍ അത് വേണ്ടപ്പെട്ട ആള്‍ക്ക് കൈമാറും. അല്ലാത്ത പക്ഷം അത് കീറി കളയുകയോ ലേലത്തില്‍ വില്‍ക്കുകയോ ചെയ്യും. ഇലക്ട്രോണിക് സാധങ്ങള്‍, വസ്ത്രങ്ങള്‍ പണം പോലുള്ള വിലപിടിപ്പുളള സാധനങ്ങള്‍ ഒരു വര്‍ഷം സൂക്ഷിക്കുകയും പിന്നീട് ലേലത്തില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന പണം തപാല്‍ സേവനത്തെ പിന്തുണയ്ക്കാനുള്ള ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്.
Content Highlights : A Dead Letter Post Office (DLO) or Return Letter Post Office (RLO) is a destination for undeliverable letters and other items