ഗാസയിൽ രുചിക്കൂട്ടൊരുക്കി ഫുഡ് ബ്ലോഗർ ഹമദ ഷഖൗറ; യുദ്ധം തുടങ്ങിയിട്ട് 400 ദിവസമെന്ന് ഓർമ്മപ്പെടുത്തൽ

ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം ഗാസയിൽ 1.8 ദശലക്ഷത്തിലധികം പലസ്തീനികൾ ഇപ്പോഴും അങ്ങേയറ്റം പട്ടിണിയിലാണ്

dot image

ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 400 ദിവസത്തിലേറെയായി. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം ഗാസയിൽ 1.8 ദശലക്ഷത്തിലധികം പലസ്തീനികൾ ഇപ്പോഴും അങ്ങേയറ്റം പട്ടിണിയിലാണ്. ഗാസയിലെ 70 ശതമാനം കൃഷി ഇടങ്ങളും നശിപ്പിക്കപ്പെട്ടതായാണ് കണക്കുകൾ. പലരുടെയും ഉപജീവിനമാർ​ഗങ്ങൾ അടക്കം ഇസ്രായേലിൻ്റെ സൈനിക ആക്രമണത്തിൽ ഇല്ലാതായി. ഇത്തരം പ്രതിസന്ധിക്കിടയിലും, ഗാസയിലെ പട്ടിണിക്കെതിരെ പോരാടാനും ഗാസ നിവാസികളുടെ ജീവിതത്തിൽ ചെറിയ ആശ്വാസം കൊണ്ടുവരാനും സഹായവുമായി എത്തുന്ന വ്യക്തികളും സംഘടനകളും ഉണ്ട്. അത്തരത്തിൽ ഒരാളാണ് ഫുഡ് ബ്ലോഗർ, ഹമദ ഷഖൗറ. തൻ്റെ പാചക വീഡിയോകളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരാളാണ് ഹമദ ഷഖൗറ. ഗാസ നിവാസികൾക്കായി പാചകം ചെയ്യുന്ന വീഡിയോകളും പാകം ചെയ്ത ഭക്ഷണം വിവിധ ക്യാമ്പുകളിൽ ഉള്ള കുട്ടികൾക്കും താമസക്കാർക്കും വിതരണം ചെയ്യുന്നതും ഇതിനകം ലോകത്തിൻ്റെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

33 കാരനായ ഹമദ ഷഖൗറയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ 570,000 ഫോളോവേഴ്‌സ് ഉണ്ട്. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ലഭിച്ച റേഷൻ കൊണ്ട് ഈജിപ്ഷ്യൻ കോശാരി, ചിക്കൻ കറി, ഫത്താഹ് ഗസാവി തുടങ്ങിയ രുചികരമായ വിഭവങ്ങളാക്കി ആളുകൾക്ക് വിതരണം ചെയ്യുന്നത് വീഡിയോയിൽ കാണാനാവും. കഴിഞ്ഞ വർഷം, ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് മുമ്പ്, ഷഖൗറ തൻ്റെ മാർക്കറ്റിംഗ് ബിസിനസ്സിലൂടെ ഗാസയിലെ ഭക്ഷ്യമേഖലയെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു. പിന്നീട് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഗാസനിവാസികളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം കൊണ്ടുവരാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ വീഡിയോയിൽ ഒരു ചോക്ക്ബോർഡിൽ "400" എന്ന് എഴുതിയിരിക്കുന്നത് കാണാം. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ദിവസങ്ങളുടെ എണ്ണം എടുത്തുകാണിക്കുന്നതാണ് അത്. തുടർന്ന് അദ്ദേഹം ചോക്ലേറ്റും സ്ട്രോബെറി നിറച്ച ഡോനട്ടുകളും തയ്യാറാക്കുന്നുണ്ട്. ശേഷം അവ അവിടെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാനാവും.

'400 ദിവസങ്ങൾ എന്നാൽ അത് ഒരു ഞെട്ടിക്കുന്ന സംഖ്യയാണ്. ഇതിനർത്ഥം 9,600 മണിക്കൂറായി ദുരന്തത്തിൽ ജീവിക്കുന്നുവെന്നാണ്. ഇപ്പോഴും ദിവസങ്ങൾ എണ്ണികൊണ്ടിരിക്കുകയാണ്. ഇത് അവസാനിക്കേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു. ഇന്നത്തെ വീഡിയോയിൽ തൻ്റെ കുട്ടി സുഹൃത്തുകൾക്കായി പ്രത്യേക ചോക്ലേറ്റ്/സ്ട്രോബെറി നിറച്ച ഡോനട്ടുകൾ ഉണ്ടാക്കിയെന്നും അത് അവരുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും ഉണ്ടാക്കാനും സാധിച്ചു. യുദ്ധം രൂക്ഷമായപ്പോൾ ഡോനട്ട് ഉണ്ടാക്കുന്നതിനുള്ള പല ചേരുവകളും വിപണിയിൽ കിട്ടാതെയായി. കിട്ടുന്നുണ്ടെങ്കിൽ അത് വളരെ ചിലവേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം കൊടുക്കുന്നത് അങ്ങേയറ്റം സംതൃപ്‌തിദായകമാണെന്ന് അദ്ദേഹം കുറിച്ചു. 'ഭക്ഷണം നൽക്കുന്ന സമയത്ത് അവർ നൽകുന്ന സ്നേഹവും സത്യസന്ധമായ പ്രാർത്ഥനകളും പണത്തെക്കാളും പ്രശംസയെക്കാളും വിലമതിക്കുന്നതാണ്. ‘അല്ലാഹു നിൻ്റെ കുടുംബത്തെ രക്ഷിക്കട്ടെ’ എന്ന് ആ കുട്ടികൾ എന്നോട് പറയുമ്പോൾ അതിൻ്റെ അർത്ഥം ലോകം എന്നാണ്!' എന്നും അദ്ദേ​ഹം പോസ്റ്റിൽ കുറിച്ചു.

Content Highlight: Hamada Shaqoura, a food blogger from Gaza, has been cooking with limited supplies from humanitarian aid. His videos, which show him preparing and sharing meals, have earned him thousands of followers on Instagram and International recognition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us