നമ്മള്‍ പല തരത്തിലുള്ള കലാസൃഷ്ടികള്‍ കണ്ടിട്ടുണ്ട്. മോഡേണ്‍ പെയിന്റിംഗുകള്‍ മുതല്‍ ശില്‍പ്പങ്ങളില്‍ വരെ വിവിധ പരീക്ഷണങ്ങള്‍ നടത്തി കലാകാരന്മാര്‍ തങ്ങളുടെ കഴിവ് തെളിയിക്കാറുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരേ സമയം ചിരിയും ചിന്തയും നിറയ്ക്കുന്ന ഒരു കലാസൃഷ്ടി അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ കലാകാരനായ മൗറിസോ കാറ്റലൈന്‍. അദ്ദേഹം ഒരു വെളുത്ത ഭിത്തിയില്‍ ഇന്‍സൊലേഷന്‍ ടേപ്പുകൊണ്ട് ഒരു വാഴപ്പഴം ഒട്ടിച്ചുവച്ചു. ഇതായിരുന്നു സൃഷ്ടി.
തറയില്‍ നിന്ന് കൃത്യം 160 സെന്റി മീറ്റര്‍ അകലെ സില്‍വര്‍ ഡക്ട് ടേപ്പിന്റെ ഒരു സ്ട്രിപ്പ് ഉപയോഗിച്ചാണ് ചുവരില്‍ വാഴപ്പഴം ഒട്ടിച്ചത്. 'comedian' എന്ന് പേരിട്ട ഈ വാഴപ്പഴ സൃഷ്ടിയുടെ വിലയോ 6.2 മില്യണ്‍ ഡോളര്‍ അതായത് 52 കോടി രൂപയിലധികം. അതും ഒരു പഴത്തിനും ഒരു സിങ്കിള്‍ സ്ട്രിപ്പ് ടേപ്പിനുമായി കണക്കാക്കിയ വില. ന്യൂയോര്‍ക്കില്‍ നടന്ന ഒരു ലേലത്തിലാണ് ഒരു ക്രിപ്റ്റോ കറന്‍സി സംരംഭകന്‍ മൗറിസോ കാറ്റലൈന്റെ ഈ സൃഷ്ടി വാങ്ങിയത്. അത്ഭുതം തോന്നുന്നുണ്ടല്ലേ.
2019ലാണ് മിയാമി ബീച്ചില്‍ നടന്ന ആര്‍ട്ട് ബേസില്‍ ഷോയില്‍ 'കൊമേഡിയന്‍' എന്ന ഭക്ഷ്യയോഗ്യമായ സൃഷ്ടിയുടെ ആദ്യ പ്രദര്‍ശനം നടന്നത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന ഈ കലാസൃഷ്ടി 120,000 ഡോളറിനാണ് വിറ്റുപോയത്. അന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ഇതൊരു കലയായി കാണേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വരികയും നൂറ്റാണ്ടിലെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായി വിലയിരുത്തുകയും ചെയ്തു.
ഇതിന്റെ സൃഷ്ടാവായ ഇറ്റാലിയന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ മൗറിസോ കാറ്റലൈന്‍ ഹൈപ്പര്‍ റിയലിസ്റ്റിക്ക് ശില്‍പ്പങ്ങള്‍ക്കും ഇന്‍സ്‌റ്റോലേഷനുകള്‍ക്കും പേരുകേട്ട കലാകാരനാണ്. കലയോടുള്ള അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ സമീപനം കലാലോകത്തെ തമാശക്കാരനായി മുദ്രകുത്തപ്പെടാനും കാരണമായി.
Content Highlights : The banana stuck on the wall was sold for more than fifty two and a half crore rupees