മേഘത്തെ കെട്ടിപ്പിടിക്കാന്‍ സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്. മൂടല്‍മഞ്ഞുപോലുള്ള നനുത്ത മേഘങ്ങളെ ഒന്ന് തൊടാന്‍ നമ്മുടെ കാല്‍പനിക ചിന്തകള്‍ എത്രപ്രാവശ്യം കൊതിച്ചിട്ടുണ്ടാകും. എന്നാലിതാ കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ ഉണ്ടായ ഒരു കാഴ്ച അതിശയിപ്പിക്കുന്നതാണ്. ആകാശത്തുനിന്ന് ഭൂമിയിലേക്ക് കൊഴിഞ്ഞു വീഴുന്ന ഒരു വെളുത്ത മേഘം,ആളുകള്‍ ആ കാഴ്ച കണ്ട് അതിനടുത്തേക്ക് ഓടിച്ചെല്ലുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കാഴ്ച ഇങ്ങനെയാണ്. ഇന്തോനേഷ്യയിലെ ഒരു വ്യവസായ മേഖലയിലാണ് സംഭവം നടന്നത്.
മേഘാവൃതമായ ആകാശത്തിന് താഴെ ജോലിചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ആളുകളെ ആ വീഡിയോയില്‍ കാണാം. പെട്ടന്നാണ് വിചിത്രമായ ആ സംഭവം നടന്നത്. ഒരു കെട്ട് വെള്ള മേഘം ആകാശത്തുനിന്ന് താഴേക്ക് വീഴുന്നു. ഇത് കണ്ടുനിന്ന ആളുകളെല്ലാം ആ മേഘത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുകയാണ്. ഒരു സുഖമുള്ള കാഴ്ച പോലെ തോന്നുന്ന അനുഭവം. നിരവധി ആളുകള്‍ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതും കാണാം. ' മസ്റ്റ് ഷെയര്‍ ന്യൂസ് ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
താഴെ വീണുകിടക്കുന്ന വസ്തു മേഘമല്ല എന്നതാണ് വാസ്തവം. വ്യാവസായിക മലിനീകരണം മൂലം രൂപംകൊണ്ട വെളുത്ത മേഘം പോലെയുള്ള ഒരു പദാര്‍ത്ഥം നുരയായി മാറിയത് താഴേക്ക് പതിച്ച കാഴ്ചയാണ് അവിടെ കണ്ടത്. ചുറ്റുമുളള വ്യാവസായിക ഖനന മേഘലയില്‍ മലിനീകരണം സംഭവിച്ചതാണ് നുരപോലുളള ഈ പഥാര്‍ത്ഥം സൃഷ്ടിക്കപ്പെടാന്‍ കാരണം എന്നാണ് അധികാരികള്‍ പറയുന്നത്. കാറ്റും വായുവിലെ ഈര്‍പ്പവും വഹിക്കുന്ന മലിനീകരണം ഒരുമിച്ച് ചേരുന്നതാണ് മേഘംപോലെയുള്ള ഈ നുരയുടെ രൂപീകരണത്തിന് പിന്നില്‍. വ്യാവസായിക മലിനീകരണവും വ്യവസായ ശാലകളില്‍നിന്നുളള രാസവസ്തുക്കളും കൊണ്ടുളള ഇതുപോലെയുള്ള വിഷാംശമുള്ള നുര യമുനാ നദിയിലും കാണാറുണ്ട്.
Content Highlights : A video of a cloud falling from the sky is going viral