പ്രണയത്തെ വരെ മാർക്കറ്റ് ആക്കുന്ന കാലം എന്ന് തോന്നിപ്പിക്കുന്ന ഒരു വിചിത്ര വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്ന് എത്തുന്നത്. പ്രണയബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും അവരുടെ ക്ഷേമവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാഷ് ഇൻസെൻ്റീവുകൾ കമ്പനി നൽകുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ചൈന ആസ്ഥാനമായുള്ള ടെക് കമ്പനിയായ Insta360 എന്ന ഡേറ്റിങ് ആപ്പ് കമ്പനിയാണ് അവിവാഹിതരായ ജീവനക്കാർക്ക് ഇത്തരത്തിൽ ഒരു സുവർണാവസരം മുന്നോട്ട് വെച്ചത്. കമ്പനിക്ക് പുറത്തുള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്നതിനും അവരുടെ പോസ്റ്റുകൾ കമ്പനിയുടെ ഓൺലെെൻ പ്ലാറ്റഫോമിൽ ഇടുന്നതിനും 66 യുവാൻ (US$9) രൂപയാണ് കമ്പനി വ്യക്തികൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിജയകരമായി ബന്ധം മുന്നോട്ട് കൊണ്ടുപോവുകയും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ബന്ധം നിലനിർത്തുകയും ചെയ്താൽ, കമ്പനി ഓരോ പങ്കാളിക്കും 1,000 യുവാൻ (US$140) പ്രതിഫലം നൽകും.
നവംബർ 11 കമ്പനിയുടെ ഫോറത്തിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് ജീവനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിംഗിൾസിനെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ട ആളുകൾക്ക് കമ്പനി ഇതിനകം 10,000 യുവാൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. അവിവാഹിതരായ ജീവനക്കാർക്ക് ജോലി സമ്മർദ്ദം പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു പദ്ധതി തുടങ്ങിയിരിക്കുന്നത്. എന്നാൽ ചൈനയിലെ കുറയുന്ന വിവാഹനിരക്കും ജനനനിരക്കുമായി ഈ സംരംഭത്തിന് വളരെയധികം ബന്ധമുണ്ടെന്നാണ് പലരുടെയും കണ്ടെത്തൽ.
ആവേശത്തോടെയാണ് പല ജീവനക്കാരും കമ്പനിയുടെ പദ്ധതിയെ നോക്കി കണ്ടത്. എന്നാൽ സ്നേഹത്തെ പണം കൊണ്ട് അളക്കരുത് എന്ന തരത്തിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. ചൈനയിൽ, 2024 ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 4.74 ദശലക്ഷം ചൈനീസ് ദമ്പതികൾ മാത്രമാണ് വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത 5.69 ദശലക്ഷം വിവാഹങ്ങളിൽ നിന്ന് 16.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ജീവനക്കാരുടെ പ്രീതി നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം പണമായിരിക്കില്ലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Content Highlights: A Chinese tech company, Insta360, is tackling declining marriage and birth rates by offering cash bonuses to employees who help set up blind dates. The initiative has garnered mixed reactions, with some praising the company's efforts while others believe love shouldn't be incentivized