വില്യം മാര്‍ട്ടിന് ആറടി രണ്ട് ഇഞ്ച് ഉയരവും 163 കിലോ ഭാരവും ഉണ്ട്. ഇദ്ദേഹം താന്‍ ജോലി ചെയ്ത യുഎസ് കമ്പനിയ്ക്കും ഉടമയ്ക്കുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്. 4.6 മില്യണ്‍ ഡോളര്‍ അതായത് 39 കോടി രൂപയാണ് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. എന്തിനാണെന്നല്ലേ. ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റാണ് വില്യം മാര്‍ട്ടിന്‍. തന്നെ മനഃപ്പൂര്‍വ്വം ഉപദ്രവിക്കാനായി സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ ഇരിപ്പിടം നല്‍കിയെന്ന് കാണിച്ചാണ് ഇദ്ദേഹത്തിന്റെ പരാതി. ജോലി സ്ഥലത്തെ പീഡനവും വിവേചനവും തന്നെ വേദനിപ്പിച്ചെന്നും ഇതുമൂലം കടുത്ത വിഷാദവും ഉത്കണ്ഠയും ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
2021 ഒക്ടോബറില്‍ ലൈബ്രറിയിലെ ഒന്നാം നിലയിലെ ഒരു ഇടുങ്ങിയ സര്‍വ്വീസ് ഡസ്‌കിലേക്കാണ് ആദ്യം വില്യമിനെ മാറ്റിയത്. തന്റെ ശാരീരിക സവിശേഷതകള്‍ കണക്കിലെടുത്ത് ഉചിതമായ ഇരിപ്പിടം നല്‍കണമെന്ന് അപേക്ഷിച്ചപ്പോള്‍ കമ്പനി പരിഗണിച്ചില്ല. പിന്നീട് യൂണിയനുകള്‍ ഇടപെട്ട് സര്‍വ്വീസ് ഡസ്‌കില്‍ നല്ല ഇരിപ്പിടം ഒരുക്കുകയായിരുന്നു. പിന്നീട് 2023 ജൂണില്‍ കമ്പനിയില്‍ പുതിയ അസിസ്റ്റന്‍റ് ഡയറക്ടര്‍ വരികയും വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങുകയുമായിരുന്നു. മാര്‍ട്ടിനോട് വീണ്ടും ഇടുങ്ങിയ ഇരിപ്പിടത്തിലേക്ക് മാറാന്‍ ഇദ്ദേഹം പറയുകയായിരുന്നു. ഈ നിര്‍ദ്ദേശം ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞതെന്ന് മാര്‍ട്ടിന്‍ പറയുന്നു.
തുടര്‍ന്ന് മാര്‍ട്ടിന്‍ ജോലിസ്ഥലത്ത് ഇരുന്ന് ഉറങ്ങി എന്ന ആരോപിച്ച് അയാളെ സസ്പന്റ് ചെയ്തു. വീണ്ടും സ്ഥിതിഗതികള്‍ വഷളായി. താന്‍ ഇത്തരത്തിലൊന്നും ചെയ്തിട്ടില്ല എന്ന് പറയുകയും ആരോപണം വ്യാജമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത് തന്റെ മാനസികാരോഗ്യത്തെക്കൂടി ബാധിക്കുമെന്ന് കാണിച്ച് മാര്‍ട്ടിന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കുകയും മെഡിക്കല്‍ ലീവ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. കേസ് ഇപ്പോള്‍ ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.
Content Highlights :The employee filed a complaint against the employer, alleging that he was given insufficient space to sit and mentally tortured