തലനാരിഴയ്ക്കാണ് വധശ്രമത്തില്‍ നിന്ന് അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍ രക്ഷപ്പെട്ടത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍വെച്ചാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുമ്പോഴാണ് സുഖ്ബീര്‍ സിങിന് നേരെ വെടിവെപ്പുണ്ടായത്. അക്രമിയെ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ പിടികൂടി. കൊടുംഭീകരനെന്ന പേരില്‍ കുപ്രസിദ്ധനായ നാരായണ്‍ സിങ് ചൗരയാണ് ആക്രമണം നടത്തിയത്.
ആരാണ് നാരായണ്‍ സിങ് ചൗര?
ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറിലെ ചൗര ഗ്രാമത്തില്‍ നിന്നുള്ള ഖലിസ്താന്‍ ഭീകരനാണ് നാരായണ്‍ സിങ് ചൗര. ദല്‍ ഖല്‍സയില്‍ ഔദ്യോഗികമായി അംഗമല്ലെങ്കിലും നാരായണ്‍ സിങിന് സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1984ലെ സിഖ് കലാപകാലത്ത് ഖലിസ്താന്‍ പോരാട്ടത്തില്‍ പ്രധാനിയായിരുന്നു. പാകിസ്താനില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇന്ത്യയിലേക്ക് കടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സിഖ് കലാപത്തിന് ശേഷം പാകിസ്താനിലേക്ക് കടന്നെങ്കിലും പിന്നീട് മടങ്ങിയെത്തിയ ചൗര നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2004ലെ കുപ്രസിദ്ധ ബുരൈല്‍ ജയില്‍ചാടല്‍ കേസിലെ പ്രധാന കണ്ണിയായിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അന്ന് ജയില്‍ ചാടിയത്. ഈ കേസില്‍ അറസ്റ്റിലായെങ്കിലും 2005ല്‍ ചൗര ജയില്‍മോചിതനായി.
ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2013ല്‍ ചൗര വീണ്ടും പൊലീസിന്റെ പിടിയിലാണ്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പാകിസ്താനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വന്‍ ആയുധ ശേഖരം പൊലീസ് പിടികൂടിയിരുന്നു. 2018ലാണ് നാരായണ്‍ സിങ് ചൗര ജയില്‍മോചിതനായത്.
Content Highlights: Who is Narain Chaura, the Khalistani leader who fired at Sukhbir Badal?