റിലേഷന്‍ഷിപ്പുകളിലെ പല രീതികളും നാമിന്ന് കാണാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വിയറ്റ്‌നാമില്‍ നിന്നും ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ വാടകയ്ക്ക് കാമുകന്മാരെ കണ്ടെത്തുന്ന പ്രവണത കൂടുകയാണെന്നാണ് വിവരം. വിവാഹിതരാകാന്‍ ആവശ്യപ്പെട്ട് കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് യുവതികള്‍ ഇത്തരത്തില്‍ വാടകയ്ക്ക് കാമുകന്മാരെ തേടുന്നത്. കുടുംബത്തില്‍ നടക്കുന്ന പരിപാടികളില്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം ചെറുതല്ലെന്നാണ് യുവതികള്‍ പറയുന്നത്.
വളരെ കുറഞ്ഞ സമയത്തേക്ക് കാമുകനായി അഭിനയിക്കുന്നതിന് വേണ്ടി പുരുഷന്മാരെ നിയമിക്കുന്ന പുതിയ ട്രെന്‍ഡാണിത്. പാചകം ചെയ്യാനുള്ള അറിവ്, പാട്ടു പാടാനുള്ള കഴിവ്, മികച്ച സാമൂഹ്യ പെരുമാറ്റം തുടങ്ങിയവ കാമുകന്മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തെ ആകര്‍ഷിക്കുക, കല്യാണത്തെക്കുറിച്ചുള്ള സംഭാഷണങ്ങളെ മയപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഈ കാമുകന്മാരുടെ ജോലി, പരമ്പരാഗതമായ വിവാഹ സമ്മര്‍ദം മൂലം പല സ്ത്രീകളും കാമുകന്മാരെ വാടകയ്‌ക്കെടുക്കാന്‍ സമ്മര്‍ദത്തിലാകുകയാണെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പ്രവണത സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ഉപകാരപ്രദമാകുകയാണ്. പല പുരുഷന്മാരും ഇതിനെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുകയാണ്. ഹ്യു തുവാന്‍ എന്ന 25കാരന്‍ പ്രൊഫഷണല്‍ ബോയ്ഫ്രണ്ട് എന്ന നിലയില്‍ ഇതൊരു തൊഴിലായി സ്വീകരിച്ചവരിലൊരാളാണ്. സാധാരണ നിലയിലുള്ള കോഫി ഡേറ്റിനോ, ഷോപ്പിങ്ങിനോ 10 മുതല്‍ 20 ഡോളര്‍ വരെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് 40 ഡോളറുമാണ് ഇയാള്‍ ഈടാക്കുന്നത്. ഒരു മാസം മൂന്നോ നാലോ പേരുടെ കാമുകനായി തുവാന്‍ അഭിനയിക്കും. താന്‍ കാമുകന്‍ തന്നെയാണെന്ന് കുടുംബത്തെ ബോധിപ്പിക്കാന്‍ ചില വീട്ടുജോലികളിലും ഇയാള്‍ സഹായിക്കും.
ഇത്തരത്തില്‍ ചില നേട്ടങ്ങളുണ്ടെങ്കിലും വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണതയ്ക്ക് നിരവധി ദോഷങ്ങളുമുണ്ട്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയാല്‍ കുടുംബത്തെ വൈകാരികമായി ബാധിക്കും. വിയറ്റ്‌നാമില്‍ ഈ പ്രവണത നിയമപരമല്ലാത്തതിനാല്‍ തന്നെ യുവതികളുടെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം വാടകയ്ക്ക് കാമുകനെയെടുക്കുന്ന പ്രവണത ആദ്യമായല്ല, ചൈനയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത്തരം പ്രവണത നേരത്തെയുള്ളതാണ്.
Content Highlights: Renting Boyfriend trends in Vietnam