ജീവനക്കാർ ജോലി സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് അറിയാൻ സർവേ നടത്തിയ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു. ജോലിഭാരം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകിയതിനാണ് സലൂൺ ഹോം സർവീസ് നൽകുന്ന സ്റ്റാർട്ട്അപ്പ് കമ്പനിയായ യെസ്മാഡം ജീവനക്കാരെ പിരിച്ചുവിട്ടത്. തീരുമാനം അറിയിച്ചുകൊണ്ട് കമ്പനിയുടെ എച്ച് ആർ അയച്ച സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വെെറലാണ്.
ജീവനക്കാർ അനുഭവിക്കുന്ന സ്ട്രെസ് ലെവലുകൾ വിലയിരുത്തുന്നതിനാണ് സർവേ നടത്തിയതെന്ന് എച്ച്ആർ അയച്ച റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ പ്രതികരണങ്ങൾ ലഭിച്ചതോടെ അപ്രതീക്ഷിത നടപടിയിലേക്ക് കമ്പനി കടക്കുകയായിരുന്നു. ഇമെലിലൂടെയാണ് കമ്പനി ജീവനക്കാരെ ഈ കാര്യങ്ങൾ അറിയിച്ചത്.
വൈറലായ ഇമെയിലിൻ്റെ പൂർണ രൂപം:
“പ്രിയപ്പെട്ട ടീം,
ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ചുള്ള നിങ്ങളുടെ വികാരങ്ങൾ മനസിലാക്കാൻ ഞങ്ങൾ അടുത്തിടെ ഒരു സർവേ നടത്തി. നിങ്ങളിൽ പലരും നിങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെച്ചു. നിങ്ങളുടെ പ്രതികരണങ്ങളെ കമ്പനി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ ഫീഡ്‌ബാക്ക് ശ്രദ്ധാപൂർവ്വം പരിഗണിച്ചു. ജോലിയിൽ ആരും സമ്മർദ്ദത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ ജോലി ഭാരം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാർ ഇനി കമ്പനിയിൽ തുടരേണ്ടത്തില്ല എന്നും അവരെ പിരിച്ചുവിടുന്നു എന്നതുമാണ് ആ തീരുമാനം.
ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റ് വിശദാംശങ്ങൾ പ്രത്യേകമായി ഇമെയിൽ അയക്കും.
നിങ്ങളുടെ സേവനത്തിന് നന്ദി.
ആശംസകളോടെ, എച്ച്ആർ മാനേജർ, യെസ്മാഡം”
ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അവരെ പിരിച്ചുവിടുന്ന കമ്പനിയുടെ തീരുമാനം വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നേരിടുന്നത്. ഇമെയിലൂടെ കമ്പനി ജീവനക്കാർക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിനു പകരവും കമ്പനി വലിയ തിരിച്ചടി നേരിടുകയാണ്. ഏറ്റവും വിചിത്രമായ പിരിച്ചുവിടലാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സമ്മർദ്ദത്തിലായതിന് നിങ്ങളെ ഒരു സ്ഥാപനം പുറത്താക്കുമോ? എന്നായിരുന്നു പലരുടെയും സംശയം.
Content Highlights: The company conducted the survey to find out whether the employees were experiencing job stress and laid off the employees. Yesmadom, a start-up company that provides salon home services, answers the question of workload.