സേവ് ദ ഡേറ്റ് മുതല്‍ വിവാഹം വരെയുള്ള കാര്യങ്ങളില്‍ അടിമുടി വ്യത്യസ്തത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അങ്ങനെ വ്യത്യസ്തമായ ഒരു വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ള വിവാഹങ്ങളില്‍ നിന്നും സ്വന്തം വിവാഹം വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ക്ഷണക്കത്തിലും വെറൈറ്റി വന്നതില് അത്ഭുതപ്പെടാനില്ലല്ലോ!
ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ഭജലാലിന്റെ വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. എറണാകുളം പള്ളുരുത്തി വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ് ഭജലാൽ. ജോലി വില്ലേജ് ഓഫീസിലായതുകൊണ്ട് തന്നെ ക്ഷണക്കത്ത് നികുതി ചീട്ട് രൂപത്തിലാണ്. വരന്റെ പേര്, വധുവിന്റെ പേര്, മേൽവിലാസം, വിവാഹ സ്ഥലം,സമയം അങ്ങനെ എല്ലാം നികുതി ചീട്ടിലേത് പോലെ തന്നെ. കല്യാണക്കുറിയുടെ മുകളിൽ സര്‍ക്കാര്‍ മുദ്രയ്ക്കുപകരം ഗണപതിയുടെ ചിത്രമാണ് എന്നൊരു വ്യത്യാസം മാത്രം.
കല്ല്യാണക്കുറി കൈയ്യിൽ കിട്ടിയവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. ഇത് കല്ല്യാണക്കുറിയാണോ അതോ കരമടച്ച രസീതോ എന്നായിരുന്നു സംശയം. സംഗതി മനസിലായതോടെ സംശയം പുഞ്ചിരിയിലേക്ക് വഴിമാറി.
വിവാഹ വിശേഷങ്ങൾ മാത്രമല്ല വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും 'വരന്‍, വധു എന്നിവരുടെ വിവരങ്ങള്‍' എന്ന വിവരണത്തോടെ വധൂവരന്‍മാരുടെ മാതാപിതാക്കളുടെ വിവരവും നൽകിയിട്ടുണ്ട്. ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണങ്കര കാട്ടിപ്പറമ്പില്‍ ഭക്തവത്സലന്റെയും സി.കെ. ഓമനയുടെയും മകനാണ് ഭജലാൽ. വെള്ളിയാകുളം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയാണ് വധു ആതിരാ വിനോഷ്. നാളെയാണ് ഇവരുടെ വിവാഹം.
Content Highlights: viral wedding invitation of alappuzha govt office employee