റൊമാനിയയിലെ കോള്‍സി ഗ്രാമത്തില്‍ പ്രായമായ ഒരു സ്ത്രീ ജീവിച്ചിരുന്നു. ആ സ്ത്രീയുടെ വീടിന്റെ ചവിട്ടുപടിയില്‍ ഉപയോഗിച്ചിരുന്ന ചുവന്ന നിറത്തിലുള്ള പ്രത്യേകത നിറഞ്ഞ ഒരു കല്ലിന്റെ കഥയാണിത്. കല്ലെന്നു പറഞ്ഞാല്‍ അതൊരു വെറും കല്ല് അല്ല. 3.5 കിലോഗ്രാം ഭാരമുളള ഈ കല്ലാണ് ലോകത്തിലെ ഏറ്റവും വലിയ ആമ്പര്‍ സ്റ്റോണ്‍ ആയി പിന്നീട് തിരിച്ചറിയപ്പെട്ടത്. ഇതിന്റെ വിലയോ ഒരു മില്യണ്‍ ഡോളര്‍ അതായത് 8.4 കോടി രൂപ.
ഒരു വീടിന്റെ ഉമ്മറപ്പടിയില്‍ ചവിട്ടാന്‍ ഉപയോഗിക്കുന്ന ഒരു സാധാരണ കല്ലായി ഇതെങ്ങനെയാണ് മാറിയത്. പിന്നീട് എപ്പോഴാണ് ഈ കല്ലിന്റെ വില തിരിച്ചറിയപ്പെട്ടത്. അതിന് പിന്നിലെ കഥ ഇങ്ങനെയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു അരുവിക്കരയിലൂടെ നടക്കുന്നതിനിടയിലാണ് ആ സ്ത്രീ അവിടെ കിടന്ന ഒരു കല്ലില്‍ത്തട്ടി ഇടറി വീഴുന്നത്. വീണെങ്കിലും ആ കല്ലിന്റെ മനോഹരമായ നിറവും മിനുസമാര്‍ന്ന ഘടനയും ആ സ്ത്രീയെ ആകര്‍ഷിക്കുകയും അവരത് തന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് ഉമ്മറപ്പടിയില്‍ ചവിട്ടുപടിയായി ഇടുകയും ചെയ്തു. പതിറ്റാണ്ടുകളായി ആ വീടിന്റെ പടിയില്‍ കിടന്നിട്ടും ആരും ആ കല്ല് ശ്രദ്ധിക്കുയോ അതിന്റെ മൂല്യം തിരിച്ചറിയുകയോ ചെയ്തിരുന്നില്ല.
1991 ല്‍ ഈ സ്ത്രീയുടെ മരണശേഷം വീട് അവരുടെ ഒരു ബന്ധുവിന് അവകാശമായി ലഭിച്ചു. അയാളാണ് അസാധാരണമായ ഡോര്‍ സ്‌റ്റെപ്പിന്റെ സാധ്യതയെക്കുറിച്ച് ജിജ്ഞാസയോടെ കൂടുതല്‍ ഗവേഷണം നടത്താന്‍ തീരുമാനിക്കുന്നത്. ഗവേഷകരാണ് ഈ കല്ലിന് 38 മുതല്‍ 70 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്രകാരം കല്ലിന്റെ മൂല്യം അറിഞ്ഞ ഇയാള്‍ റൊമാനിയയിലുളള ക്രാക്കോവിലെ ചരിത്രമ്യൂസിയത്തിന് ഈ ആമ്പര്‍ വില്‍ക്കുകയും ചെയ്തു.ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യമുള്ള ഈ ചുവപ്പ് കല്ല് വളരെ അപൂര്‍വ്വമായ രത്‌നമാണ്. കൂടുതലും ഖനിപ്രദേശങ്ങളിലാണ് ഇത് കാണപ്പെടുന്നത്.
Content Highlights :This stone weighing 3.5 kg was later identified as the largest amber stone in the world. Its price is one million dollars i.e. 8.4 crore rupees