അനുദിനം ഇന്ധന വിലയില്‍ മാറ്റമുണ്ടാകുമ്പോള്‍ പെട്രോളും ഡീസലുമടിക്കാന്‍ മാഹിയിലേക്ക് പോകുന്ന നിരവധി പേരുണ്ട്. ഇവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുതുവര്‍ഷത്തില്‍ പുറത്തുവരുന്നത്. ജനുവരി ഒന്ന് മുതല്‍ വലിയ മാറ്റമാണ് കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ ഇന്ധന വിലയില്‍ ഉണ്ടാകുക.
ജനുവരി ഒന്ന് മുതല്‍ മാഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവര്‍ധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. പുതുവര്‍ഷത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഇന്ധനത്തിനുള്ള വാറ്റിലും വര്‍ധനവുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇതോടെ മാഹിയിലെ പെട്രോള്‍ നികുതി 13.32 ശതമാനത്തില്‍ നിന്ന് 15.74 ശതമാനമായാകും വര്‍ധിക്കുക. ഡീസലിന് നികുതി 6.91 ശതമാനത്തില്‍ നിന്ന് 9.52 ശതമാനമാകുകയും ചെയ്യും. ഇതോടെ മൂന്ന് രൂപയിലധികം രൂപയുടെ വര്‍ധനവ് പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകും. എന്നാലും കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ പുതുച്ചേരിയില്‍ ഇന്ധനവില കുറവ് തന്നെയായിരിക്കുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞിരുന്നു. 2021ലാണ് അവസാനമായി പുതുച്ചേരിയില്‍ ഇന്ധനവാറ്റ് കൂടിയത്.
Content Highlights: Petrol Diesel Price Will Increase In Mahe