കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ജനവാസമേഖലയില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകര്‍ പിടികൂടി കാട്ടില്‍ തുറന്നുവിട്ടത്. തങ്ങള്‍ക്ക് ഭീഷണിയായ വന്യജീവികളെ തുരത്താനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് കാട്ടിയുള്ള നാട്ടുകാരുടെ പ്രതിഷേധവും വാര്‍ത്തയായിരുന്നു. ഇതുപോലെ നാട്ടുകാര്‍ക്ക് ഭീഷണിയായ ഒരു പുലിയെ 'ധൈര്യശാലി'യായ ഒരു കര്‍ഷകന്‍ പിടിച്ച വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവരുന്നത്. കെണി വെച്ചും മയക്കുവെടി വെച്ചുമൊന്നുമല്ല പുലിയുടെ വാലില്‍ പിടിച്ചാണ് ഈ കര്‍ഷകന്‍ പുലിയെ പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാണ്.
ബെംഗളൂരുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ തുമകുരു ജില്ലയിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ദിവസങ്ങളായി പ്രദേശത്ത് ഭീഷണിയായ പുലിയെ പിടികൂടാന്‍ വനവകുപ്പിന്റെ നേതൃത്വത്തില്‍ ദൗത്യം നടക്കുകയായിരുന്നു. ബോംബെ എന്ന് വിളിക്കുന്ന 43-കാരനായ യോഗാനന്ദ് ഉള്‍പ്പടെ ചില ഗ്രാമവാസികളും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് പുലി 15 അംഗ സംഘത്തിന് മുന്നിലെത്തിയത്. കെണി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെട്ടെന്നാണ് പുല്ലുകള്‍ക്കിടയില്‍ നിന്ന് പുലി കുതിച്ചെത്തിയത്. ഇതോടെ കൂടിനിന്ന ആളുകളെല്ലാം നിലവിളിച്ച് ഓടുകയായിരുന്നു. വനപാലകര്‍ വലയെറിഞ്ഞ് പുലിയെ പിടികൂടാന്‍ സാധിച്ചെങ്കിലും സാധിച്ചില്ല.
പുലി സ്ഥലത്ത് കൂടി നിന്നിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയിലേക്ക് കുതിച്ചതോടെ, ബോംബെ ഒട്ടും ചിന്തിച്ചില്ല പുലിയുടെ വാലില്‍ തന്നെ പിടിത്തമിട്ടു. ഉടന്‍ തന്നെ വനപാലകര്‍ വലയെറിഞ്ഞ് പുലിയെ പിടികൂടി. ഇതിനെ കൂട്ടിലാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അപകടത്തിലാണെന്ന് തോന്നിയതോടെ താന്‍ മറ്റൊന്നും ചിന്തിച്ചില്ലെന്നും കയ്യില്‍ കിട്ടിയ വാലില്‍ പിടിത്തമിടുകയായിരുന്നുവെന്നും ബോംബെ പറയുന്നു. 'വാലില്‍ പിടിച്ച് എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിനെ പിന്നോട്ട് വലിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ വല ഉപയോഗിച്ച് അതിനെ കുടുക്കി. ആ സമയത്ത് എനിക്ക് പേടിയൊന്നും തോന്നിയില്ല. ആളുകളെ രക്ഷിക്കണം എന്ന് മാത്രമാണ് ചിന്തിച്ചത്. പിന്നീട് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിവരിച്ചപ്പോള്‍ മാത്രമാണ് എത്രത്തോളം അപകടം നിറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും പുലി ഉള്‍പ്പടെ ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ല', യോഗാനന്ദ് പറഞ്ഞു.
#Karnataka | A brave farmer in #Tumakuru district stopped a #leopard by grabbing its tail during a rescue operation.
— The Times Of India (@timesofindia) January 8, 2025
As the leopard approached women and children, the farmer lunged at it, allowing the forest officers to capture the animal. The leopard is now at a rescue centre… pic.twitter.com/82zOgN9MzU
പിടികൂടിയ പുലിയെ മൈസൂരുവിലെ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഫോറസ്റ്റ് ഓഫീസര്‍ അനുപമ പറഞ്ഞു. നാല് വയസുള്ള ആണ്‍ പുലിയാണ് പിടിയിലായത്. പുലിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: A brave farmer in Tumakuru district stopped a leopard by grabbing its tail during a rescue operation