മൃഗങ്ങള്‍ അസാധാരണമായി എന്തെങ്കിലും ചെയ്താല്‍ അതൊരു കൗതുകമാണ്. വാരണാസിയ്ക്ക് സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ഒരു കുരങ്ങന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു കുരങ്ങന്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നുകൊണ്ട് വളരെ രസകരമായി പട്ടം പറത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. രസകരവും അപൂര്‍വ്വവുമായ ഈ വീഡിയോ നിരവധി ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.
കൗതുകകരവും അനുകരണ സ്വഭാവവും കൊണ്ട് കുരങ്ങുകള്‍ പലപ്പോഴും മനുഷ്യന്റെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 'മഹാദേവ്_833' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പട്ടം പറത്തുന്നതില്‍ വിദഗ്ധനായ ആളെപ്പോലെയാണ് കുരങ്ങന്റെ പ്രവൃത്തികള്‍. കുരങ്ങന്‍ ചരട് വളരെ ശ്രദ്ധയോടെ കൃത്യതയോടെ പിടിച്ചാണ് പട്ടം പറത്തുന്നത്. കുരങ്ങന്‍ പട്ടം പറത്തുമ്പോള്‍ താഴെനിന്ന് കാണികള്‍ ആശ്ചര്യത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.
പലതരത്തിലുള്ള നെഗറ്റീവായതും ഗൗരവകരമായതുമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ നിരന്തരം കാണാറുണ്ട്. അതിനിടയില്‍ സന്തോഷം കൊണ്ടുവരുന്ന ഒരു കാഴ്ചതന്നെയാണിത്. പല സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും ഈ വീഡിയോ കണ്ട് ചിരി അടക്കാനായില്ല. ' ഇത് ഇന്ത്യയില്‍ മാത്രമാണ് സംഭവിക്കുന്നത് ' എന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതിയത്. കുരങ്ങുകളുടെ കഴിവുകളെക്കുറിച്ച് എഴുതിയ ഉപയോക്താക്കളുമുണ്ട്.
Content Highlights : This monkey is the star of a video that has gone viral on the internet