കുംഭമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ആപ്പിള്‍ മുന്‍സിഇഒ സ്റ്റീവ് ജോബ്‌സിന്റെ കത്ത് ലേലത്തില്‍ പോയത് 4.32 കോടി രൂപയ്ക്ക്. കളികൂട്ടുകാരനായ ടിം ബ്രൗണിന് 1974ല്‍ സ്റ്റീവ് ജോബ്‌സ് എഴുതിയ കത്താണിത്. ഇന്ത്യയോടും ആത്മീയതയോടുമുള്ള സ്റ്റീവ് ജോബ്‌സിന്റെ താല്പര്യം കത്തില്‍ പ്രകടമാണ്. 51 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കത്ത് ബോണ്‍ഹാംസ് ഓക്ഷന്‍ ഹൗസാണ് വില്‍പനയ്ക്ക് വച്ചത്.
ജീവിതത്തെ കുറിച്ചുള്ള ചിന്തകളും വികാരങ്ങളും കുംഭമേള നടക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും കത്തില്‍ കാണാം.' ഏപ്രിലില്‍ ആരംഭിക്കുന്ന കുംഭമേളയ്ക്കായി ഇന്ത്യയില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിലപ്പോള്‍ ഞാന്‍ പോകും. ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ല.' ജോബ്‌സ് എഴുതുന്നു. നീം കരോലി ബാബയുടെ ഉത്തരാഖണ്ഡിലുള്ള ആശ്രമം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതും എന്നാല്‍ നൈനിത്താളില്‍ എത്തിയപ്പോള്‍ അതിനുതൊട്ടുമുന്‍പത്തെ വര്‍ഷം ബാബ മരണപ്പെട്ട വാര്‍ത്തയറിഞ്ഞതും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 'ശാന്തി സ്റ്റീവ് ജോബ്‌സ്' എന്നുപറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
പിന്നീട് കൈഞ്ചി ധാമിലെ ആശ്രമത്തില്‍ ഏഴുമാസത്തോളം ചെലവഴിച്ചു. ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ജോബ്‌സിനെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിലെ താമസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ജോബ്‌സിനെ വീട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ ജോബ്‌സ് പറഞ്ഞിരുന്നു. വെയിലേറ്റ് ശരീരം കരുവാളിച്ചിരുന്നു. തല മുണ്ഡനം ചെയ്ത് ഇന്ത്യന്‍ കോട്ടണ്‍ വസ്ത്രങ്ങളണിഞ്ഞാണ് വീട്ടിലെത്തുന്നത്. സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറന്‍ പവല്‍ ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയിട്ടുണ്ട്.
Content Highlights: Steve Jobs' Letter On Kumbh Mela Plan Sells For Rs 4.32 Crore