നിരത്തുകള്‍ പിങ്ക് മയം, കാട്ടുതീ പടര്‍ന്ന കലിഫോര്‍ണിയയെ ആവരണം ചെയ്ത ആ പിങ്കുനിറമെന്ത്?

പിങ്ക് നിറമണിഞ്ഞ നിരത്തുകളും വാഹനങ്ങളും വീടുകളുടെ മേല്‍ക്കൂരകളും സാധാരണക്കാഴ്ചയായി മാറിക്കഴിഞ്ഞു.

dot image

കാട്ടുതീ പടരുന്ന ലോസ് ആഞ്ചല്‍സിലെ കാട്ടുതീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം കടുത്ത പിങ്ക് നിറത്തിലുള്ള പൊടിയുടെ ആവരണത്തിലാണ്. പിങ്ക് നിറമണിഞ്ഞ നിരത്തുകളും പാര്‍ക്കുചെയ്ത വാഹനങ്ങളും വീടുകളുടെ മേല്‍ക്കൂരകളും സാധാരണക്കാഴ്ചയായി മാറിക്കഴിഞ്ഞു.

കാട്ടുതീ പടരുന്നത് പ്രതിരോധിക്കാനായി വിതറിയ ഫോസ്‌ചെക് എന്ന അഗ്നിപ്രതിരോധ വസ്തുവാണ് ഇത്. 1963 മുതല്‍ യുഎസില്‍ തീപടരുന്നത് പ്രതിരോധിക്കാനായി ഇത് ഉപയോഗിച്ചുവരുന്നു. രാസപ്രവര്‍ത്തനത്തിലൂടെ തീ പടരുന്നത് പതുക്കെയാക്കുകയോ, തടയുകയോ ചെയ്യുകയാണ് ഇവയുടെ ധര്‍മം. കലിഫോര്‍ണിയയില്‍ വിതറിയ ഫോസ്‌ചെക് ഉല്പാദിപ്പിക്കുന്നത് പെരിമിറ്റര്‍ എന്ന കമ്പനിയാണ്. ഇത് നിര്‍മിക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് കൃത്യമായ ഫോര്‍മുല ലഭ്യമല്ലെങ്കിലും അമോണിയം സള്‍ഫേറ്റിന്റെയും അയേണ്‍ ഓക്‌സൈഡിന്റെയും മിശ്രിതമായ ഫോസ്‌ചെക്കില്‍ 80 ശതമാനം ജലാംശമുള്ളതായാണ് റിപ്പോര്‍ട്ട്. 6 ശതമാനം കളറിങ് ഏജന്റും ഉപയോഗിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെയും പൈലറ്റിന്റെയും കണ്ണില്‍ പതിയുന്നതിന് വേണ്ടിയാണ് ഈ നിറം ഉപയോഗിക്കുന്നത്.

തീപടരുന്നതിനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുന്നതോടെ പിങ്ക് നിറത്തിലുള്ള ഈ പൊടി നീക്കം ചെയ്യും. പാതയോരങ്ങളില്‍ നിന്ന് പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം. ചെറിയ പ്രതലങ്ങളില്‍ നിന്ന് ചൂടുവെള്ളവും സോപ്പുപൊടിയുമുപയോഗിച്ച് നീക്കം ചെയ്യാം. നിരന്തരം സൂര്യപ്രകാശമടിച്ചുകഴിഞ്ഞാല്‍ ഈ നിറം മങ്ങും.

തീ പ്രതിരോധിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും പരിസ്ഥിതിവാദികളുള്‍പ്പെടെ നിരവധിപേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. രാസവസ്തുവായ ഇത് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. 2022ല്‍ ഇതിനെതിരെ യുഎസ് ഫോറസ്റ്റ് സര്‍വീസിലെ മുന്‍ജീവനക്കാര്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. കണ്ണുമടച്ച് ആകാശമാര്‍ഗം ഇത് വിതറുന്നത് ജലാശയങ്ങളില്‍ പൊടി പതിക്കുന്നതിനും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനും കാരണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇവരുടെ വാദം അംഗീകരിച്ച യുഎസ് ജഡ്ജ് പക്ഷെ രാസവസ്തു നിയന്ത്രണങ്ങളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കി.

ജലപാതകള്‍, വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകള്‍ തുടങ്ങിയ ദുര്‍ബല പാരിസ്ഥിതിക പ്രദേശങ്ങളില്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യജീവനോ പൊതുസുരക്ഷയ്‌ക്കോ ഭീഷണിയാകുമ്പോള്‍ ഫോസ്‌ചെക് ഉപയോഗിക്കുന്നതിന് വിലക്കില്ല.

Content Highlights: A pink powder is being used to fight California fires

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us