സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയുള്‍പ്പെടെ ഇത്തവണ കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ജനശ്രദ്ധ നേടിയ മറ്റൊരാളുണ്ട്. ഐഐടി ബാബ എന്നു മാധ്യമങ്ങള്‍ പേരിട്ട ബാബ അഭയ് സിങ്. ഹരിയാണ സ്വദേശിയായ ബാബ അഭയ് സിങ് ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയും എയ്‌റോസ്‌പേസ് എന്‍ജിനീയറുമായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ ബാബ ആത്മീയതയിലേക്ക് തിരിഞ്ഞതാണ് പലരെയും അത്ഭുതപ്പെടുത്തിയത്.
'ഞാന്‍ ഐഐടിയില്‍ പോയി, പിന്നീട് എന്‍ജിനീയറിങ്ങില്‍ നിന്ന് ആര്‍ട്ട്‌സിലേക്ക് തിരിഞ്ഞു. അതും ശരിയായില്ല. ഞാന്‍ മാറിക്കൊണ്ടേയിരുന്നു. പിന്നീട് ഞാന്‍ അവസാന സത്യത്തിലെത്തി.' എന്നാണ് ബാബ തന്റെ ആത്മീയതിലേക്കുള്ള യാത്രയെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. എന്‍ജിനീയറിങ്ങിന് പുറമേ പ്രശസ്തമായ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫോട്ടോഗ്രഫിയും പഠിച്ചിട്ടുണ്ട്. സത്യവും അറിവും തേടിയുള്ള യാത്രയാണ് തന്നെ ആത്മീയതയിലെത്തിച്ചതെന്നും അദ്ദേഹം പറയുന്നു.
കുട്ടിക്കാലത്ത് കുടുംബത്തില്‍ നേരിടേണ്ടി വന്നിട്ടുളള പ്രയാസങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. കുടുംബം ഒരു കുട്ടിയെന്ന രീതിയില്‍ തന്നെ നന്നായി നോക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഫോട്ടോഗ്രാഫി പഠിക്കാന്‍ പോയ സമയത്ത് വീട്ടുകാര്‍ ഭ്രാന്തനെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നതായും ബാബ പറയുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് നല്ലൊരു ജീവിതത്തിനായി വീടുവിടാന്‍ ബാബ തീരുമാനിച്ചത്. ഈ വെല്ലുവിളികള്‍ക്കിടയിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായി.
'സംസ്‌കൃതത്തിന്റെ ഉല്പത്തിയെകുറിച്ചും മറ്റും ഞാന്‍ പഠനം നടത്തിയിരുന്നു. എനിക്ക് അറിവിനോട് വല്ലാത്ത ഒരു അഭിനിവേശമാണ്. അതിനുശേഷം പിന്നീട് മനസ്സിലുദിച്ച മറ്റൊരു ചിന്ത എങ്ങനെയാണ് മനസ്സിന്റെ പ്രവര്‍ത്തനം എന്നായിരുന്നു. അനാവശ്യമായ ചിന്തകളില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നും ആലോചിക്കാന്‍ തുടങ്ങി.' അദ്ദേഹം പറയുന്നു.
പതിവു ആത്മീയ ചിന്തകളില്‍ നിന്നെല്ലാം വിഭിന്നനാണ് താനെന്നു പറഞ്ഞ ബാബ, സ്വയം സന്യാസിയെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. വിഷാദത്തിലൂടെ കടന്നുപോയ നാളുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു 'ഞാന്‍ ദ്രാവകരൂപത്തിലുള്ള വ്യക്തിയാണ്. സ്വതന്ത്രനാണ്. ഇഷ്ടമുള്ളതെന്തും ചെയ്യാം. ഞാന്‍ വളരെ അപകടരകരമായ വിഷാദത്തിലൂടെ കടന്നുപോയിട്ടുണ്ട്. എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. ഒരേ കാര്യത്തെ കുറിച്ച് ഞാന്‍ ആവര്‍ത്തിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. എന്താണ് എനിക്ക് ഉറങ്ങാന്‍ സാധിക്കാത്തത്. എന്താണ് തലച്ചോര്‍, എന്താണ് എനിക്ക് ഉറങ്ങാന്‍ സാധിക്കാത്തത്, എന്താണ് മനസ്സ് എന്നൊക്കെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ സൈക്കോളജി പഠിച്ചു' അദ്ദേഹം പറയുന്നു.
യാത്രയോടും ഫോട്ടോഗ്രഫിയോടുള്ള താല്പര്യം ആത്മീയ യാത്രയ്ക്ക് മറ്റൊരു കാഴ്ചപ്പാട് നല്‍കിയെന്നും അദ്ദേഹം പറയുന്നു. എവിടെയും കുരുങ്ങി നില്‍ക്കാതെ ഒരു പുഴപോലെ ഒഴുകി ജീവിതം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ആസ്വദിക്കുകയും അറിയാവുന്നിടത്തോളം അറിവു സമ്പാദിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ബാബ പറയുന്നു.
Content Highlights: IIT Baba Abhay Singh: Aerospace engineer whose quest for truth led him to spiritualism