ഓരോ നാല് വര്‍ഷത്തിലും ലോകത്തിന്റെ എല്ലാ കോണില്‍നിന്നും കോടിക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്ന കായിക ഉത്സവമാണ് ഫിഫ ലോകകപ്പ്. ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അപ്പുറം വിവിധ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒരുമിപ്പിക്കുകയും സമാനതകളില്ലാതെ കാണികളില്‍ ആവേശം ജനിപ്പിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പരിപാടി കൂടിയാണിത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ 2030 ഫിഫ ലോകകപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് മൊറോക്കോ സഹ ആതിഥേയത്വം വഹിക്കും.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ അവരുടെ തയ്യാറെടുപ്പുകള്‍ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ മൊറോക്കോ പോലെയുള്ള ചില രാജ്യങ്ങളുടെ നടപടികള്‍ ക്രൂരമാണെന്ന് പറയാതെ വയ്യ. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി 30 ലക്ഷം തെരുവ് നായ്ക്കളെ കൊല്ലാന്‍ രാജ്യം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധിപേരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ലോകകപ്പിന് മുന്നോടിയായി സ്‌റ്റേഡിയങ്ങളും ഗതാഗത ശൃംഖലകളും നവീകരിച്ചുകൊണ്ട് മൊറോക്കോ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നായ്ക്കളെ കൊന്നൊടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊറോക്കോയില്‍ ഓരോ വര്‍ഷവും 3000,000 തെരുവ് നായ്ക്കള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാലിപ്പോള്‍ മൊറോക്കോ സ്‌പെയിനും പോര്‍ച്ചുഗലുമായി സഹകരിച്ച് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചത് മുതല്‍ മനുഷ്യത്വ രഹിതവും പ്രാകൃതവുമായ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കീടനാശിനിയായി ഉപയോഗിച്ചുവരുന്ന ഉയര്‍ന്ന വിഷമുള്ള രാസവസ്തുവായ സ്‌ട്രൈക്‌നൈന്‍ കുത്തിവച്ചാണ് നായ്ക്കളെ കൊല്ലുന്നത്. അതല്ലെങ്കില്‍ തെരുവില്‍ തന്നെ വെടിവച്ച് കൊല്ലുകയോ കശാപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യും. വിവാദവുമായി ബന്ധപ്പെട്ട് ഫിഫ ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.
Content Highlights :Morocco plans to kill three million stray dogs ahead of hosting 2030 FIFA World Cup